തീയതി നിശ്ചയിച്ചത് മകര സംക്രാന്തി നോക്കി; കേരളത്തിൽ 3 സംഭരണ കേന്ദ്രങ്ങൾ

vaccine-dry-run-01
SHARE

ന്യൂഡൽഹി : പഴുതടച്ച തയാറെടുപ്പിനു വേണ്ടിയാണു കുത്തിവയ്പു രണ്ടാഴ്ച വൈകിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുമ്പോഴും തീയതി തീരുമാനിക്കുന്നതിൽ ‘മകരസംക്രാന്തി’ നിർണായകമായി. ബ്രിട്ടനും യുഎസും വാക്സീനുകൾക്ക് അംഗീകാരം നൽകി 3–4 ദിവസത്തിനുള്ളിൽ കുത്തിവയ്പു തുടങ്ങിയിരുന്നു.

കഴിഞ്ഞ മൂന്നിനാണ് ഇന്ത്യയിൽ 2 വാക്സീനുകൾക്ക് അംഗീകാരം നൽകിയത്. ആറിനു വിതരണം തുടങ്ങാനായിരുന്നു ആദ്യ ധാരണയെങ്കിലും ശുഭകാര്യങ്ങൾ തുടങ്ങുന്നതു മകരസംക്രാന്തി ദിനമായ ജനുവരി 14നു ശേഷം മതിയെന്ന അഭിപ്രായം പിന്നീടുയർന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ചാകും യുപിയിൽ വാക്സീൻ ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊങ്കൽ, ലോഡി ഉത്സവങ്ങൾ നടക്കുന്നതും പരിഗണിച്ചു. ഇതിനിടയിലുള്ള സമയം ഡ്രൈ റൺ ആവർത്തിച്ച് തയാറെടുപ്പു ശക്തമാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം.

യോഗം വിളിച്ച്  പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീയതി സംബന്ധിച്ച തീരുമാനമുണ്ടായത്. തയാറെടുപ്പുകൾ പൂർത്തിയായതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തെ അറിയിച്ചു. വാക്സീൻ വിതരണത്തിനുള്ള കോവിൻ പ്ലാറ്റ്ഫോമിനെക്കുറിച്ചു ചില സംസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മൂന്നാം ഘട്ട ഡ്രൈ റണ്ണിന്റെ വിശദാംശങ്ങളും പരിശോധിച്ചാണ് കുത്തിവയ്പിനു പച്ചക്കൊടി കാട്ടിയത്. അന്തിമ ഒരുക്കം വിലയിരുത്താൻ പ്രധാനമന്ത്രി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.

സംസ്ഥാനങ്ങളിലേക്ക് നാളെ മുതൽ

അടുത്ത ശനിയാഴ്ച മുതൽ വിതരണം തുടങ്ങേണ്ട വാക്സീനുകൾ എത്തുന്നതു സംബന്ധിച്ചു സംസ്ഥാനങ്ങൾക്കു വ്യക്തമായ അറിയിപ്പു നൽകിയിട്ടില്ല. നാളെ മുതൽ വിമാന മാർഗം എത്തിക്കണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിനോടു നിർദേശിച്ചിരിക്കുന്നത്. ചെന്നൈ, മുംബൈ, കൊൽക്കത്ത, കർണാൽ എന്നിവിടങ്ങളിലെ 4 പ്രധാന സംഭരണ കേന്ദ്രങ്ങളിലേക്ക് നാളെ മുതൽ വാക്സീൻ അയയ്ക്കാനാണ് നിർദേശം.

കുത്തിവയ്ക്കാൻ 2 ലക്ഷം പേർ

രാജ്യത്താകെ 2 ലക്ഷത്തിൽപരം വാക്സിനേറ്റർമാരാണു പരിശീലനം നേടിയത്. ഇവരിൽ ഒന്നരലക്ഷത്തോളം പേർ നേരത്തേ തന്നെയുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാണ്. വാക്സിനേറ്റർമാരെ സഹായിക്കാൻ 3.7 ലക്ഷം അനുബന്ധ ഓഫിസർമാരും ഉണ്ടാകും. 

ഓരോ കുത്തിവയ്പു കേന്ദ്രത്തിലും വാക്സിനേറ്റർ അടക്കം 5 ഓഫിസർമാരാണുള്ളത്. സംസ്ഥാനതലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന 2360 പേർക്കു വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട പരിശീലനം നൽകി. പരിപാടിയുടെ ഏകോപനത്തിനായി 61,000 പ്രോഗ്രാം മാനേജർമാരുമുണ്ട്.

റജിസ്റ്റർ ചെയ്യാതെ 20 ലക്ഷം

ആദ്യം വാക്സീൻ നൽകുന്നത് രാജ്യത്തെ ഒരു കോടി ആരോഗ്യപ്രവർത്തകർക്കാണ്. 80 ലക്ഷത്തോളം പേരാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി ആശ വർക്കർമാർ വരെയുള്ളവരാണിത്.

കോവിഷീൽഡ്

∙ 2 ഡോസ് വാക്സീൻ. രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കണം.

∙ തോളിനു താഴെ കയ്യിലെ പേശിയിൽ കുത്തിവയ്പ്

∙ ട്രയലുകളിലെ ഫലശേഷി 70.42 %. പൂർണ ഫലം ഫലമല്ല.

∙ സൂക്ഷിക്കേണ്ട താപനില 2 – 8 ഡിഗ്രി സെൽഷ്യസ്

∙ ഗുരുതര പാർശ്വഫലമില്ല. പനി, തടിപ്പ് തുടങ്ങിയ നേരിയ ലക്ഷങ്ങളുണ്ടാകാം.

കോവാക്സീൻ

∙ 2 ഡോസ് വാക്സീൻ. രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ്.

∙ ഫലശേഷി പ്രസിദ്ധപ്പെടുത്തിയില്ല. മൂന്നാം ഘട്ട ട്രയൽ തുടരുന്നതേയുള്ളു.

∙ സൂക്ഷിക്കേണ്ട താപനില 2 – 8 ഡിഗ്രി സെൽഷ്യസ്

∙ പാർശ്വഫലം താരതമ്യേന കുറവ്

വിതരണം ഇങ്ങനെ

∙ നിലവിൽ മുൻഗണനാ പട്ടികയിലുള്ളവർക്കു മാത്രം. ഇതിനു മുൻകൂർ റജിസ്ട്രേഷനുണ്ട്.

∙ കുത്തിവയ്പു സമയം, സ്ഥലം എന്നിവ മൊബൈലിൽ അറിയിപ്പായി എത്തും.

∙ വാക്സീൻ കേന്ദ്രത്തിലെത്തിയാൽ പനി പരിശോധിക്കും. തുടർന്നു കാത്തിരിപ്പു മുറിയിലേക്കു വിടും. ‌

∙ തിരിച്ചറിയൽ രേഖ പരിശോധിച്ച് വാക്സിനേറ്ററുടെ അടുത്തേക്ക്.

∙ വാക്സീൻ വയൽ (കുപ്പി) തുറക്കുന്ന സമയം വാക്സിനേറ്റർ രേഖപ്പെടുത്തും. തുടർന്നു കുത്തിവയ്പ്. ഓരോ കുപ്പിയിലും 5 മില്ലിലീറ്റർ വാക്സീനുണ്ടാകും. 10 ഡോസിനു തുല്യം.

∙ കുത്തിവയ്പു കഴിഞ്ഞവർ അരമണിക്കൂർ കാത്തിരിപ്പു കേന്ദ്രത്തിലിരിക്കണം. വിപരീത ഫലം സംബന്ധിച്ച നിരീക്ഷണത്തിനാണ്.

∙ 2 വാക്സീനും പൂർത്തിയാകുന്ന മുറയ്ക്ക് കിട്ടുന്ന എസ്എംഎസിലെ ലിങ്കിൽ നിന്ന് ക്യൂആർ കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും.

 അറിയാൻ, ഓർക്കാൻ 

∙ സർക്കാർ സംവിധാനത്തിലൂടെയാണു വിതരണം. സ്വന്തം നിലയിൽ വാക്സീൻ സ്വീകരിക്കാനാകില്ല.

∙ പണം നൽകിയാൽ വാക്സീൻ നൽകാമെന്നതടക്കം വ്യാജ വാഗ്ദാനങ്ങളെ കരുതിയിരിക്കുക.

∙ ആദ്യം സ്വീകരിച്ച അതേ വാക്സീൻ തന്നെയാണു രണ്ടാമതും ലഭിക്കുന്നതെന്ന് ഉറപ്പാക്കുക.

∙ വാക്സീനെടുക്കുന്നത് നിർബന്ധമല്ലെങ്കിലും കോവിഡിനെതിരെ ഇതാകും ഏറ്റവും നല്ല പ്രതിരോധമെന്ന് സർക്കാർ

∙ കോവിഡ് വന്നു പോയവരും വാക്സീൻ സ്വീകരിക്കണം. 

∙ കോവിഡ് ബാധിതരായിരിക്കുമ്പോഴോ രോഗലക്ഷണങ്ങൾ നിലനിൽക്കുമ്പോഴോ വാക്സീൻ കേന്ദ്രങ്ങളിൽ പോകരുത്.

∙ കാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങി മറ്റു രോഗങ്ങളുള്ളവർക്കും വാക്സീൻ സ്വീകരിക്കാം.

∙ 18 വയസ്സിനു മുകളിലുള്ളവരുടെ ഉപയോഗത്തിനു മാത്രമാണ് വാക്സീനുകൾക്ക് അനുമതി.

∙ വാക്സീൻ സംബന്ധിച്ച ഏത് അടിയന്തര സാഹചര്യത്തിലും ഹെൽപ്‌ലൈൻ നമ്പറായ 104 വിളിക്കാം.

കേരളത്തിൽ 3 സംഭരണ കേന്ദ്രങ്ങൾ

ചെന്നൈ വിമാനത്താവളം വഴിയാകും കേരളത്തിൽ എത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങളിൽനിന്നാകും കുത്തിവയ്പ്പു കേന്ദ്രങ്ങളിലേക്ക് അയയ്ക്കുക.

നൂറിലേറെ ആരോഗ്യപ്രവർത്തകരുള്ള സ്വകാര്യ ആശുപത്രികളിലാണു കുത്തിവയ്പു കേന്ദ്രം പ്രവർത്തിക്കുക. കൂടുതൽ പേർക്ക് വാക്സീൻ നൽകുന്ന ഘട്ടം എത്തുമ്പോൾ സർക്കാർ ഓഫിസുകളുടെ സൗകര്യവും വിനിയോഗിക്കും.

MORE IN INDIA
SHOW MORE
Loading...
Loading...