ഗോസംരക്ഷണ നിയമത്തില്‍‌ പ്രതിഷേധം; ജനങ്ങളെ വിഭജിക്കാനെന്ന് ഡി.കെ; എതിര്‍പ്പ് രൂക്ഷം

yadiyoorappa-sivakumar
SHARE

കര്‍ണാടകയിലെ പുതിയ ഗോസംരക്ഷണ നിയമം ജനാധിപത്യപരമല്ലെന്ന നിലപാടുമായി അനേകം പേര്‍. കർണാടകയിൽ ബീഫ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമമാണ് എതിർപ്പിലേയ്ക്ക് നീങ്ങുന്നത്. ബീഫുപയോഗം മൂന്ന് മുതൽ ഏഴ് വർഷം തടവും അൻപതിനായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റക‍ൃത്യമാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. പുതിയ നിയമത്തിനെ ആകുലതയോടെ നോക്കിക്കാണുന്ന അനേകം പേരുണ്ട്. ഇതിനെതിരെ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ.

ജനങ്ങളെ വഴിതെറ്റിക്കാനും വിഭജിക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാർ രംഗത്തെത്തി. തദ്ദേശ തിഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് സർക്കാർ ഇത്തരം നിലപാടെടുത്തതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ആരുമായും ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമാണ് ബീഫ് നിരോധനമെന്നും കാവിവത്കരിക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നതെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. 

തീരുമാനത്തോടെ കർഷകർക്ക് നഷ്ടം മാത്രമാണെന്ന് ജനതാദൾ നിലപാടെടുത്തു. വളരെ പെട്ടെന്നെടുത്ത തീരുമാനം ജനങ്ങൾക്കിടയിൽ ആവലാതിയുണ്ടാക്കാന്‍ മാത്രമാണ് ഉപകരിക്കുകയെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇത്തരം വലിയ മാറ്റങ്ങൾ പെട്ടെന്നുണ്ടാക്കാൻ ശ്രമിച്ചാൽ കർഷക ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനെ കൊല്ലുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച നടന്ന നിയമസഭാ യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് എല്ലാ തീരുമാനങ്ങളെയും എതിർക്കുകയാണ് പതിവെന്ന് മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ പ്രതികരിച്ചു. ബിജെപി ഭരിച്ചിരുന്ന കാല്ത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നതായിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാർ വന്നതോടെ വീണ്ടും അതിന് അനുമതി ലഭിക്കുകയായിരുന്നു. ഗോക്കളെ സ്നേഹിക്കുന്നവർക്ക് ആശ്വാസം കൊണ്ടുവരുന്ന നിയമമാണ് ഇപ്പോൾ പാസാക്കിയതെന്ന് ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ പറഞ്ഞു.

പ്രതികരണങ്ങളുമായി സാധാരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം സമുദായത്തിൽപ്പെട്ടവർ മദ്യപിക്കാറില്ല. ആ പേരിൽ മറ്റുള്ളവരും അതുപോലെ ചെയ്യണോയെന്ന ചോദ്യം ബംഗളുരുവിലെ റെസ്റ്റോറന്റ് ഉടമ ഉന്നയിക്കുന്നു. ക്രിസ്ത്യൻ സമുദായത്തിലുള്ളവരോട് പോർക്ക് ഭക്ഷിക്കരുതെന്നും ആവശ്യപ്പെടാറില്ല– അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...