ബിജെപി ഉന്നം പിടിച്ചു; തെലങ്കാന പക്ഷേ കെസിആറിന് സ്വന്തം: ജയഭേരി

kcr-bjp-new
SHARE

‘തെക്കേ ഇന്ത്യ കൂടി പിടിച്ചെടുക്കുക. അധികാരത്തിലുള്ള പ്രാദേശിക പാർട്ടികളെ തുരത്തി അധികാരം നേടുക. കർണാടക കയ്യിലുണ്ട്. ആന്ധ്രയുടെ ജഗനെ ചേർത്ത് പിടിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വേൽയാത്ര പുരോഗമിക്കുന്നു. രജനിയുടെ വരവ് ഗുണം ചെയ്തേക്കും. പക്ഷേ കേരളവും തെലങ്കാനയും ഇപ്പോഴും തീണ്ടാപാട് അകലെയാണ്. ഈ രണ്ട് സംസ്ഥാനങ്ങൾ  നോക്കിയാൽ സാധ്യത കൂടുതൽ തെലങ്കാനയിലാണ്. മൂന്നാം മുന്നണി എന്ന സ്വപ്നവുമായി നടന്നുവലഞ്ഞ കെസിആറിന് പാളയത്തിൽ പോയി പണികൊടുത്ത് തുടങ്ങണം...’ അടുത്തിടെ കണ്ട് വരുന്ന വോട്ടു ശതമാനത്തിലെ വളർച്ച തെലുങ്ക് മണ്ണിൽ താമരയും വിരിയും എന്ന ചിന്തയിലേക്ക് എത്തിച്ചുവെങ്കിലും ആ ലക്ഷ്യത്തില്‍ ബിജെപിക്ക് ഇനിയും കാത്തിരിക്കണം.  

അമിത് ഷായും യോഗിയും അടക്കം ബിജെപിയുടെ കേന്ദ്ര മുഖങ്ങൾ നഗരം ഇളക്കി മറിച്ചു. റോഡ് ഷോ, നഗരത്തിന്റെ പേര് മാറ്റം, അങ്ങനെ അങ്ങനെ സ്ഥിരം തന്ത്രങ്ങൾ എടുത്ത് പയറ്റി വിജയം ഉറപ്പാണെന്ന ധാരണ പടർത്തി. ‘കോൺഗ്രസ് ദേ.. ബിജെപിയെ കണ്ടുപഠിക്കണം, ഒരു തദ്ദേശ തിരഞ്ഞെടുപ്പിന് പോലും അവർ കാട്ടുന്ന ഒരുക്കം മഹാമാതൃകയെന്ന്..’ രാഷ്ട്രീയ നിരീക്ഷകർ വാഴ്ത്തി. പക്ഷേ ഫലസൂചനകൾ പുറത്തുവരുമ്പോൾ നില മെച്ചപ്പെടുത്തി എന്ന ആശ്വാസം മാത്രം ബാക്കി. ഇതിന് കാരണം തെലങ്കാനയുടെ കെസിആർ ആണ്. ഭരണത്തുടർച്ച ലഹരിയാകുമ്പോഴും കെസിആർ തെലുങ്കാനക്കാരന്റെ ഉയിരായി തുടരുന്നു എന്ന് വ്യക്തം. 

നഗരത്തിലെ 150 വാര്‍ഡുകളില്‍ നാലെണ്ണം മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്കു നേടാന്‍ കഴിഞ്ഞത്. ഇത്തവണ ആ നില മെച്ചപ്പെടുത്തി. ഒറ്റ സംഖ്യ ഇരട്ട സംഖ്യയാക്കി പാർട്ടി വളരുന്നു എന്ന് തന്നെ വ്യക്തമാക്കുന്ന വേട്ടുനില. കെസിആറിന്റെ ശക്തികേന്ദ്രമായിരുന്ന ദുബ്ബാക്ക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1000 വോട്ടിനു വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് തെലങ്കാനയിലും താമര വിരിയിക്കാനുള്ള സാഹചര്യം ഉണ്ട് എന്ന് ബിജെപി ശ്രദ്ധിക്കുന്നത്. സംസ്ഥാന വിഭജനത്തിനു ശേഷം തെലങ്കാനയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യവും ബിജെപി കണക്കുകൂട്ടി. എന്നാൽ പ്രതിപക്ഷത്തെ പേരിനുമാത്രമാക്കി അടക്കി വാഴുന്ന കെസിആർ എന്ന നേതാവിന്റെ വേര് ഇപ്പോഴും ആഴത്തിൽ തന്നെയുണ്ടെന്ന് ബിജെപി ഈ ഫലത്തോടെ തിരിച്ചറിയുന്നു. 

കെസിആർ അഥവാ കൽവാകുന്തള ചന്ദ്രശേഖർ റാവു

തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രി. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) സ്ഥാപകനും അധ്യക്ഷനും. തെലങ്കാന സംസ്ഥാന രൂപീകരണത്തിലേക്കു നയിച്ച പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി. ഒന്നാം യുപിഎ സർക്കാരിൽ രണ്ടു വർഷം തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. കെ.സി.ആർ എന്നറിയപ്പെടുന്ന കൽവാകുന്തള ചന്ദ്രശേഖർ റാവു ആന്ധ്രാപ്രദേശിലെ സിദ്ധിപ്പേട്ടിൽ 1954 ഫെബ്രുവരി 17ന് ജനിച്ചത്. തെലുഗുദേശം പാർട്ടിയെ പ്രതിനിധീകരിച്ച് 1985 മുതൽ 1999 വരെ നാലുതവണ സിദ്ധിപ്പേട്ട് മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി.1987- 88 കാലത്ത് എൻ.ടി. രാമറാവുവിന്റെ മന്ത്രിസഭയിൽ വരൾച്ച, ദുരിതാശ്വാസമന്ത്രി,1996 ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഗതാഗത മന്ത്രി. 2000 - 2001 കാലത്ത് നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.ഡപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവെച്ച് 2001 തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) സ്‌ഥാപിച്ചു.

2004ലെ പൊതു തെരഞ്ഞെടുപ്പിൽ ടിആർഎസ് കോൺഗ്രസിനോടൊപ്പം ചേർന്നു. കേന്ദ്രത്തിൽ തൊഴിൽവകുപ്പ് മന്ത്രിയായി. തെലങ്കാന സംസ്‌ഥാനം രൂപവത്‌കരിക്കാൻ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ച് പിന്നീട് മുന്നണി വിട്ടു. പാർട്ടിയുടെ നാല് എംപിമാരെയും 16 എംഎൽഎമാരെയും രാജിവയ്പിച്ച് തെലങ്കാന പ്രക്ഷോഭം ശക്തമാക്കി. 2009ൽ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മഹ്‌ബൂബ് നഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. അതേ വർഷം പുതിയ സംസ്ഥാനമെന്ന ആവശ്യവുമായി റാവു നടത്തിയ നിരാഹാരസമരം വൻ പ്രക്ഷോഭമായി മാറി. കാമ്പസുകൾ തിളച്ചുമറിഞ്ഞു. നിരവധി പേർ ജയിലിലായി. തുടർന്ന് പ്രത്യേകസംസ്ഥാനമെന്ന വാദം അംഗീകരിക്കപ്പെട്ടു.

പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് 2014 ജൂണിൽ ചന്ദ്രശേഖർ റാവു തെലങ്കാനയുടെ ആദ്യമുഖ്യമന്ത്രിയായി. അന്നു മുതൽ ഇന്നുവരെ തെലങ്കാന മുഖ്യമന്ത്രി പദം കെസിആറിന്റെ കയ്യിൽ ഭദ്രം. തെലുങ്കിൽ എം.എ ബിരുദധാരിയായ റാവുവിന്റെ കൈമുതൽ അനിതരസാധാരണമായ പ്രഭാഷണ പാടവമാണ്. സാധാരണക്കാരന്റെ ഹൃദയത്തിൽ തൊടുന്ന ശൈലിവഴി കേൾവിക്കാരെ ഇളക്കിമറിക്കുന്ന അദ്ദേഹം ഇംഗ്ലീഷും ഉറുദുവും മാതൃഭാഷ പോലെ കൈകാര്യം ചെയ്യും. ഒരിക്കൽ അദ്ദേഹത്തിന്റെ മകനും ഭാവി മുഖ്യമന്ത്രിയെന്നു വാഴ്ത്തപ്പെടുന്ന കെ.ടി.രാമറാവു ഇങ്ങനെ പറഞ്ഞു. ‘കെസിആർ ഗാരു എന്റെ മാത്രം അച്ഛനല്ല, ഈ തെലങ്കാന സംസ്ഥാനത്തിന്റെ അച്ഛനാണ്’ അതേ കെസിആറിന് എല്ലാം തെലങ്കാനയാണ്. ഉയരുന്നത്  തെലങ്കാന വികാരമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...