'രണ്ട് മണിക്കൂർ ചാനൽ കണ്ടാൽ 500 രൂപ'; റേറ്റിങിനെ കുറിച്ച് അറിയില്ല; വെളിപ്പെടുത്തൽ

barc-10
SHARE

ടെലിവിഷൻ റേറ്റിങ് കൃത്രിമമായി ഉയർത്തുന്നതിനായി  റിപ്പബ്ലിക് ടിവി അടക്കമുള്ള ചില ചാനലുകൾ പണം നൽകിയെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പണം ലഭിച്ചതായി തുറന്ന് പറഞ്ഞ് ആളുകൾ. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ നാലുമണി വരെ ചാനൽ കാണുന്നതിന് 500 രൂപ തനിക്ക് പ്രതിഫലമായി തന്നുവെന്നാണ് യുവാവ് എൻഡിടിവിയോട് വെളിപ്പെടുത്തിയത്. 

ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്നതിന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ഏര്‍പ്പെടുത്തിയ 'ബാർ–ഓ–മീറ്റ'റിന്റെ പ്രതിനിധി തന്നെ സമീപിച്ചുവെന്നും  വീട്ടിൽ മീറ്റർ വയ്ക്കുകയും ടിവി ചാനൽ കാണുന്നതിനായി ഡിടിഎച്ച് റീച്ചാർജ് ചെയ്ത് നൽകുകയും ചെയ്തു. ഇതിന് പുറമേയാണ് ചാനൽ രണ്ട് മണിക്കൂർ നേരം കണ്ടാൽ 500 രൂപ നൽകിയതെന്നും പണം സ്വീകരിച്ചയാൾ വെളിപ്പെടുത്തുന്നു.

മൂന്ന് വർഷമായി താൻ ഇങ്ങനെയാണ് ടിവി കാണുന്നതെന്നും  ഇത് ടെലിവിഷൻ റേറ്റിങുമായോ മറ്റ് തട്ടിപ്പിന്റെ ഭാഗമാണെന്നോ അറിഞ്ഞിരുന്നില്ലെന്നും ഇയാൾ പറയുന്നു. മുംബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ ബാരോ മീറ്ററിന്റെ പ്രതിനിധിയെ വിളിച്ച് ഇനി മുതൽ ടിവി കാണില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചതായും ഇദ്ദേഹം വെളിപ്പെടുത്തി.

മുംബൈയില്‍ ഈ വിവര ശേഖരണത്തിനായി 2000 ബാരോമീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നാണ് വ്യവസ്ഥ. അത് മറികടന്നാണ് ബാർക്ക് കരാർ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരെ സ്വാധീനിച്ച് ഇങ്ങനെ ചെയ്തതെന്നും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. റിപ്പബ്ലിക് ടിവിയുടെ പ്രമോട്ടർമാരിൽ നിന്നും ഡയറക്ടർമാരിൽ നിന്നും കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.  റിപ്പബ്ലിക് ടിവി കാണാൻ വേണ്ടി മാത്രം പണം ലഭിച്ച മൂന്ന് പേർ തെളിവായി ഉണ്ടെന്നും മുംബൈ പൊലീസ് അവകാശപ്പെടുന്നു.  കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. 

എന്നാൽ സുശാന്ത് സിങിന്റെ മരണത്തിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ കലപൂണ്ടാണ് മുംബൈ പൊലീസിന്റെ ഈ നടപടിയെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും റിപ്പബ്ലിക് ടിവി അവകാശപ്പെടുന്നു. റിപ്പബ്ലിക് ടിവിക്ക് പുറമേ മറാത്തി ചാനലുകളായ ബോക്സ് ടിവി, ഫക്ത് മറാത്തി എന്നിവയാണ് കൃത്രിമം കാണിച്ചതായി തെളിഞ്ഞത്. 

MORE IN INDIA
SHOW MORE
Loading...
Loading...