'ബിജെപി പ്രചാരണത്തിന് തീകൊളുത്തി'; വിവാദക്കുരുക്കിൽ ‌ഫെയ്സ്ബുക്ക് ഡയറക്ടർ

anki-das-modi
SHARE

സമൂഹമാധ്യമങ്ങള്‍ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യ പ്രചരണായുധമായത് 2014 ലെ പൊതുതിരഞ്ഞെടുപ്പോടു കൂടിയാണ്. അന്ന് മറ്റേതു രാഷ്ട്രീയ പാർട്ടികളെക്കാളും ഫലപ്രദമായി ബിജെപി ആ ആയുധം ഉപയോഗിച്ചിരുന്നു. ഇന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ പാർട്ടി മുന്നില്‍ തന്നെയാണ്. എന്നാൽ ഫെയ്സ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്രമാധ്യയമമായ വാൾ സ്ട്രീറ്റ് ജേണൽ. ഇത് രണ്ടാം തവണയാണ് വാൾ സ്ട്രീറ്റ് ജേണൽ അങ്കി ദാസിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. 

ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നും വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് എതിരായാണ് അങ്കി ദാസിന്റെ ഇത്തരം നടപടികളെന്നും ജീവനക്കാർ പറയുന്നു. 

''സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം'' എന്നാണ് 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തത്. 30 വർഷമായി  നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായും മോദിയെ വാഴ്ത്തി അങ്കി ദാസ് കുറിച്ചിരുന്നു. 

ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്നും വാൾ സ്ട്രീറ്റ് ജേണൽ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ അങ്കി ദാസ് പക്ഷപാതം കാണിച്ചിട്ടില്ലെന്നാണ് ഫെയ്സ്ബുക്ക് നൽകിയ വിശദീകരണം. ചില പോസ്റ്റുകൾ മാത്രം ഉയർത്തിക്കാണിക്കപ്പെട്ടു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്താറുണ്ട്. അതിനെ ഈ രീതിയിൽ കാണരുതെന്നും ഫെയ്സ്ബുക്ക് വിശദീകരിച്ചു. 

സെപ്റ്റംബർ രണ്ടിന് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരായി റിപ്പോർട്ടിനെക്കുറിച്ച് വിശദീകരണം നൽകാൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഫെയ്‍സ്ബുക്ക് ബിജെപി അനുകൂല പ്രചാരണം നടത്തുന്നു എന്ന പരാതിയുമായി ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാർക് സുക്കർബഗിന് കോൺഗ്രസ് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...