ഡോവലിന്റെ രണ്ടുമണിക്കൂർ നീണ്ട വിഡിയോ കോൾ; പിന്നാലെ പിൻമാറി ചൈന

doval-china-video
SHARE

അതിർത്തിയിൽനിന്ന് പിന്മാറാൻ ചൈന തീരുമാനിക്കുന്നതിനു മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ട്. യഥാർഥ നിയന്ത്രണരേഖയിൽ സമാധാനവും പ്രശാന്തതയും തിരിച്ചുകൊണ്ടുവരണമെന്നു ഇരുവരും നിലപാടെടുത്തു. വരുംകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാമെന്ന് ഇവർ വ്യക്തമാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യ – ചൈന അതിർത്തിയിലെ വെസ്റ്റേൺ സെക്ടറിൽ ഈയിടെയുണ്ടായ പ്രശ്നങ്ങളിൽ വളരെ സുതാര്യവും ആഴമേറിയതുമായ ചർച്ചകളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് എത്രയും വേഗം പിൻവാങ്ങാമെന്ന് ചൈന ഉറപ്പു നൽകിയിട്ടുണ്ട്. പ്രദേശത്തെ സമാധാനവും പ്രശാന്തതയും തിരിച്ചുവരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പിന്മാറ്റം എത്രയും പെട്ടെന്ന് വേണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

അതിർത്തിയിൽ ഇനി യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാക്കാൻ പാടില്ലെന്നു ഡോവൽ വാങ്ങിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗല്‍വാനിൽനിന്ന് ചൈന ഒരു കിലോമീറ്ററോളം പിന്നോട്ടു മാറിയിട്ടുണ്ട്. ജൂൺ 15നാണ് ഇവിടെ ഇരുസേനകളും തമ്മിൽ തർക്കമുണ്ടായത്. സേനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികർ മരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...