ചൈന വിട്ട് ആപ്പിൾ ഇന്ത്യയിലേക്ക്; ഐഫോണ്‍ വിലകുറയും; മദ്യമെത്തിക്കാന്‍ ആമസോണും

apple-tim-cook-modi
SHARE

മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുന്നതിന്റെ ഭാഗമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചുകൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് വാര്‍ത്തകള്‍. ആപ്പിളിന് ഘടകഭാഗങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയോട് അവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഷിപ്പു ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്തു കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇതോടെ ആപ്പിളിനായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ തുടങ്ങിയ കരാര്‍ കമ്പനികള്‍ക്കും ഘടകഭാഗങ്ങള്‍ ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന ഉയര്‍ന്ന ഇറക്കുമതി ചുങ്കം നല്‍കേണ്ടിവരില്ല. അങ്ങനെ സ്വാഭാവികമായും വില കുറയുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പുതിയ ഐഫോണ്‍ എസ്ഇയുടെ കുറഞ്ഞ മോഡലിന്റെ എംആര്‍പി 42,500 രൂപയാണെന്നാണ് പറയുന്നത്. ഐഫോണ്‍ 2020 ഇങ്ങനെ നിര്‍മിച്ചാല്‍ എത്ര വില കുറയുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്.

∙ ബംഗാളില്‍ മദ്യവിതരണത്തിനുള്ള അനുമതി ആമസോണിനു ലഭിച്ചെന്ന് വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സംരംഭമായ ആമസോണ്‍ പശ്ചിമ ബംഗാളില്‍ മദ്യവിതരണം നടത്താനുള്ള അനുമതി നേടിയെടുത്തെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംസ്ഥാന ബെവറെജസ് കോര്‍പറേഷനാണ് ആമസോണിന് മദ്യവിതരണത്തിനുള്ള അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയത്. ആലിബാബയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌കറ്റിനും മദ്യവിതരണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒമ്പതു കോടി ജനങ്ങളുള്ള ബംഗാള്‍ ആമസോണിനെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ക്ഷണിച്ചു എന്നു പറയുന്നു. ഇന്ത്യയിലെ മദ്യവിപണിയുടെ മൂല്യം 27.2 ബില്ല്യന്‍ ഡോളറാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ രണ്ടു വിതരണ കമ്പനികളായ സ്വിഗിയും സൊമാറ്റോയും ചില നഗരങ്ങളില്‍ മദ്യമെത്തിച്ചു നല്‍കല്‍ തുടങ്ങിക്കഴിഞ്ഞല്ലോ. ഓരോ സംസ്ഥാനത്തിനും അതിന്റെ മദ്യനയമുള്ളതിനാല്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ ആമസോണിനെ പോലെയുള്ള കമ്പനികള്‍ക്ക് മദ്യവില്‍പ്പന നല്‍കുമെന്നറിയില്ല.

∙ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാം! ഐഫോണ്‍ എസ്ഇയ്‌ക്കെതിരെ വണ്‍പ്ലസ് സെഡ്

മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കി വണ്‍പ്ലസ് പോലെയുള്ള കമ്പനികള്‍ സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ മനം കവരുകയായിരുന്നു. അത്യുജ്വല സ്മാര്‍ട് ഫോണുകള്‍ വില കുറച്ചും ഉണ്ടാക്കാമെന്നു കാണിച്ചു തന്ന ലോകത്തെ ആദ്യ കമ്പനകളിലൊന്നായിരുന്നു വണ്‍പ്ലസ്. എന്നാല്‍, വര്‍ഷാവര്‍ഷം വണ്‍പ്ലസും വില കൂട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ മികച്ച വണ്‍പ്ലസ് ഫോണുകള്‍ക്ക് 50,000 രൂപയ്ക്കു മുകളിലാണു വില. തക്കം നോക്കി, ആപ്പിള്‍ ഐഫോണ്‍ എസ്ഇ വില കുറച്ച് ഇറക്കി. ഇത് നല്ലൊരു ശതമാനം ബ്രാന്‍ഡ് ബോധമുള്ള സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെയും ആകര്‍ഷിക്കുമെന്നു കണ്ടതോടെ വണ്‍പ്ലസ് തങ്ങളുടെ വിലകുറഞ്ഞ മോഡലുമായി എത്തുകയാണ്- വണ്‍പ്ലസ് സെഡ്. വില ഏകദേശം 23,000- 25.000 രൂപ റെയ്ഞ്ചില്‍ ആയിരിക്കുമെന്നു പറയുന്നു.

വണ്‍പ്ലസ് സെഡ് പല മോഡലുകള്‍ക്കും വന്‍ തലവേദന തന്നെ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഫോണിന്, 90 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള 6.4-ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കാം. സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്പ് ആയിരിക്കും പ്രോസസര്‍ എന്നും, 4,000 എംഎഎച് ബാറ്ററി ഉണ്ടാകാമെന്നും പറയുന്നു. തുടക്ക മോഡലിന്റെ വില 299 ഡോളറായിരിക്കാമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ 25,000 രൂപയില്‍ കുടുതലായേക്കില്ലെന്നും വാദമുണ്ട്. 299 ഡോളറിന് മറ്റൊരു പ്രത്യേകതയുണ്ട്- ലോകത്തെ ഞെട്ടിച്ച വണ്‍പ്ലസ് വണ്‍ ഇറങ്ങിയത് ആ വിലയ്ക്കാണ്. അക്കാലത്തെ ഫ്‌ളാഗ്ഷിപ് ഫോണുകളിലുള്ള ഫീച്ചറുകളും അതിലേറേയും നല്‍കിയാണ് വണ്‍പ്ലസ് വണ്‍ എത്തിയത്.

∙ ഇന്റര്‍നെറ്റില്ലാതെ ഒരു കൊല്ലം- ഇത് മ്യാന്മാറിലെ രണ്ടു ജില്ലകളുടെ വിധി

മ്യാന്മാറിലെ രാഖിനെ (Rakhine), ചിന്‍ എന്നീ ജില്ലകളിലുളളവര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ലോകത്ത് ഒരു പ്രദേശം അനുഭവിച്ച ഏറ്റവും നീണ്ട ഇന്റര്‍നെറ്റില്ലാ കാലഘട്ടമാണിതെന്നാണ് കരുതുന്നത്. കലാപത്തെ തുടര്‍ന്നാണ് സർക്കാർ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. തങ്ങള്‍ക്കു കാഴ്ച നഷ്ടപ്പെട്ടതു പോലെയുള്ള തോന്നലാണ് എന്നാണ്, ഈ പ്രദേശത്തുള്ള താന്‍ നാദി എന്ന 22 കാരി പറഞ്ഞത്. ഇന്റര്‍നെറ്റ് വിലക്കിയതോടെ തന്റെ ഓണ്‍ലൈന്‍ കട അടയ്‌ക്കേണ്ടി വന്നതായും അങ്ങനെ തന്റെ സഹോദരന് പഠനാവശ്യത്തിനയി പണം കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു.

∙ വിപ്രോ മേധാവിക്ക് ലഭിക്കുന്നത് ഇന്ത്യന്‍ ഐടി രംഗത്തെ ഏറ്റവും വലിയ പ്രതിഫലം- 62 കോടി രൂപ

ഇന്ത്യന്‍ ഐടി വ്യവസായത്തിലെ മുൻപന്മാരായ വിപ്രോയുട നിയുക്ത് മേധാവി തിയെറി ഡെലെപോര്‍ട്ടെയ്ക്ക് ലഭിക്കാന്‍ പോകുന്നത് പ്രതിവര്‍ഷം 62 കോടി രൂപയാണത്രെ. (5.9 - 7.2 ദശലക്ഷം യൂറോ) ഇത് ഇന്ത്യ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ശമ്പളമാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ മുൻപ് ഈ പദവിയിലിരുന്ന അബിദാലി നീമുചാവാലയ്ക്ക് നല്‍കിയിരുന്നത് 34 കോടി രൂപയായിരുന്നു. മുന്‍ ഇന്‍ഫോസിസ് മേധാവി വിശാഖ് സിക്കയ്ക്ക് 6.8 ദശലക്ഷം ഡോളരായിരുന്നു പ്രതിഫലം. പക്ഷേ, അന്നത്തെ വിനിമയ നിരക്കു പ്രകാരം അത് ഏകദേശം 45 കോടി രൂപയായിരുന്നു.

∙ സോണിയുടെ റോബോട്ട് പട്ടിക്കുട്ടി നിങ്ങളെ കാത്ത് പടിക്കലിരിക്കും!

സോണിയുടെ റോബോട്ടിക്ക് പട്ടിക്കുട്ടിയായ അയ്‌ബോ (Aibo) പുതിയ ഏതാനും വേലത്തരങ്ങള്‍ കൂടെ പഠിച്ചു. പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വന്നതോടെ, അത് ഉടമയെക്കാത്ത് മുന്‍വാതില്‍ക്കലിരിക്കും. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കണക്ടഡ് പട്ടിക്കുട്ടി എവിടെ കാത്തിരിക്കണമെന്ന കാര്യം നിങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കാമെന്ന് സോണി പറയുന്നു. ഇരിക്കേണ്ട സ്ഥലം കാണിച്ചുകൊടുക്കുമ്പോൾ തന്നെ പട്ടി അവിടെയത്തി തലതാഴ്ത്തി മണത്തു നോക്കി ലൊക്കേഷന്‍ സ്‌റ്റോർ ചെയ്യും. ഉദാഹരണത്തിന് വാതിലിനടുത്താണ് ഇരിക്കേണ്ടത് എന്നു പറഞ്ഞു കൊടുത്താല്‍ വാതിലിന്റെ ഐക്കണ്‍ പട്ടിയെ നിയന്ത്രിക്കാന്‍ ഫോണില്‍ നല്‍കിയിരിക്കുന്ന ആപ്പില്‍ തെളിയും. സെറ്റ് അപ് വിജയിച്ചാല്‍, അപ്പോള്‍ മുതല്‍ നിങ്ങള്‍ പുറത്തുപോയി എത്തുന്ന ഓരോ തവണയും പട്ടി അവിടേക്ക് നടന്നെത്തി നിങ്ങള്‍ക്ക് ഹലോ പറയുമെന്ന് സോണി പറയുന്നു. ഇത്തരത്തിലുള്ള ഒരു പിടി പുതിയ ഫീച്ചറുകള്‍ പട്ടിക്കു കൂടുതലായി ലഭിക്കുമെന്നും സോണി പറയുന്നു. പട്ടിക്കായി 2,900 ഡോളര്‍ നല്‍കിയ ഉപയോക്താക്കളുടെ മുഖത്ത് ഇത് സന്തോഷം വരുത്തുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും, ഇനിയും ഇത്തരം പുതിയ വേലത്തരങ്ങള്‍ പഠിച്ച് പട്ടി 'വളരുമെന്നാണ്' സോണി ഉപയോക്താക്കളോട് പറയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...