മരണമേ, പോയി പണി നോക്ക്!; അജിത് ജോഗി എന്ന പോരാളി; ഉൗർജവഴികൾ

ajit-kerala
കുമരകത്തെ റിസോർട്ടിൽ നിന്ന് റോക്കി ജോർജ് പകർത്തിയ ചിത്രം.
SHARE

ഇന്ന് അന്തരിച്ച, ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗിയെ 2010 ൽ കണ്ട അനുഭവം

കെ. കരുണാകരനുമായും ഉമ്മൻ ചാണ്ടിയുമായും ഓരോ സാമ്യമുണ്ടായിരുന്നു ഛത്തിസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രി, ഇന്ന് അന്തരിച്ച അജിത് ജോഗിക്ക്.

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അജിത് ജോഗിക്കുണ്ടായ കാറപകടം, 1992 ൽ കെ. കരുണാകരന് സംഭവിച്ചതിനു സമാനമായിരുന്നു. ദാവോസിലെ മഞ്ഞിൽ തെന്നിവീണ്, ഇടുപ്പിനു പരുക്കേറ്റ്, ഊന്നുവടിയൂന്നിയാണ് ഉമ്മൻചാണ്ടി 2006 ൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ, വീൽ ചെയറിലിരുന്നു മത്സരിച്ചാണ് 2008ൽ അജിത് ജോഗി ഛത്തിസ്‌ഗഡ് നിയമസഭയിലേക്കു വിജയിച്ചത്. കേരളത്തിലെ ഈ രണ്ടു നേതാക്കളുടെയും ഉറ്റസുഹൃത്തായിരുന്നു അജിത് ജോഗി!  

1992 ജൂൺ മൂന്നിന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തു വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ മരണത്തെ മുഖാമുഖം കണ്ട ആ അപകടം. പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ ഉറങ്ങിക്കിടന്ന കരുണാകരനു നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു. പിന്നീടുള്ള കെ. കരുണാകരന്റെ ജീവിതത്തിലുടനീളം ആ അപകടത്തിന്റെ അടയാളങ്ങൾ വീണു കിടന്നിരുന്നു.

2004 ഏപ്രിൽ പതിനൊന്നിന്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എരിപൊരി കൊള്ളുന്ന പ്രചാരണത്തിനിടെ, ഛത്തിസ്‌ഗഡിന്റെ തലസ്‌ഥാനമായ റായ്‌പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്വന്തം മണ്ഡലമായ മഹാസമുന്ദിലെ പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അജിത് ജോഗിയുടെ ജീവിതം മാറ്റിമറിച്ച അപകടം. സമയം പുലർച്ചെ മൂന്നര. അവിടെയും ഡ്രൈവർ ഉറങ്ങിപ്പോയി. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു തകർന്നു. പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന ജോഗിയുടെ നട്ടെല്ലിനും തലയ്‌ക്കും ഗുരുതരമായ ക്ഷതമേറ്റു.

മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽനിന്ന് ജീവിതത്തിന്റെ കരയിലേക്കാണ് കരുണാകരനും ജോഗിയും വന്നു വീണത്. ലീഡറുടെ അപകടവും പരുക്കും ഗുരുതരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സുഷുമ്‌നാ നാഡിക്കു ക്ഷതമുണ്ടായില്ല. അതുകൊണ്ടുതന്നെ ജീവിതത്തിലും രാഷ്‌ട്രീയത്തിലും വീഴാതെ തലയെടുപ്പോടെ അദ്ദേഹം മുന്നോട്ടു പോയി. പക്ഷേ, ഛത്തിസ്‌ഗഡിലെ കിരീടം ചൂടാത്ത രാജാവെന്ന് ഒരിക്കൽ വിലയിരുത്തപ്പെട്ട ജോഗിയുടെ വിധി മറ്റൊന്നായിരുന്നു. ജീവിതം തിരികെ നൽകിയെങ്കിലും വിധി  ജോഗിയെ വീൽചെയറിലേക്കു തള്ളിയിട്ടു. ഇനിയൊരിക്കലും അദ്ദേഹം എഴുന്നേൽക്കില്ലെന്നു വൈദ്യശാസ്‌ത്രം വിധിയെഴുതി. കാരണം, മുറിഞ്ഞുപോയ സുഷ്‌മനാ നാഡി പുനരുജ്‌ജീവിപ്പിക്കുന്ന ചികിത്സാ രീതിയൊന്നും ലോകത്തെവിടെയും അന്ന് ഉണ്ടായിട്ടില്ല.

2010 ലാണ് ജോഗി  ചികിത്സയ്ക്കായി എത്തുന്നത്. അന്ന്, കുമരകത്തെ ഒരു റിസോർട്ടിൽ വച്ച് കാണുമ്പോൾ, ഏതു ദുർവിധിയുടെ മുൻപിലും തളരാത്ത ഇഛാശക്‌തിയുടെ അജയ്യത ആ മുഖത്തു വായിച്ചെടുക്കാമായിരുന്നു.  ജീവിതം അടിച്ചുവീഴ്‌ത്തിയ ഒരാളാണ് ഇതെന്നു തോന്നാൻ ഒരു നിവൃത്തിയുമില്ലായിരുന്നു; മുഖത്തെ പ്രകാശവും പുഞ്ചിരിയും ആത്മവിശ്വാസത്തിന്റേതായിരുന്നു.

അന്ന്, കരുണാകരന്റെ കാര്യം സൂചിപ്പിച്ചപ്പോൾ ജോഗി പറഞ്ഞു: ‘അപകടത്തിനുശേഷം എപ്പോൾ കണ്ടാലും അദ്ദേഹം പറയും, അജിത്, നിങ്ങൾ നീന്തണം. നീന്തൽ പോലെ ഒരു ചികിത്സ വേറെയില്ല. അതുകൊണ്ടു മാത്രമാണ് ഞാനിപ്പോൾ ആരോഗ്യത്തോടെ നടക്കുന്നത്. നിങ്ങൾക്കും അതു സാധിക്കും!’ 

കരുണാകരനു നീന്താനായി ക്ലിഫ് ഹൗസിൽ നീന്തൽക്കുളം കുഴിച്ചതു വിവാദമായ കഥ പറഞ്ഞപ്പോൾ ജോഗിയും ഭാര്യ ഡോ. രേണുവും പൊട്ടിച്ചിരിച്ചു.

ആശുപത്രിയിൽ കിടന്ന് 2004 ലോക്‌സഭാതിരഞ്ഞെടുപ്പിൽ മഹാസമുന്ദിൽ ജോഗി ജയിച്ചുകയറി. തോൽപിച്ചതാവട്ടെ മധ്യപ്രദേശ് - ഛത്തിസ്‌ഗഡ് രാഷ്‌ട്രീയത്തിലെ എറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായ വി.സി. ശുക്ലയെ. അഴിമതിയാരോപണം, ബിജെപി വിമതർക്കു പണം കൊടുത്ത് ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വിവാദം, കോൺഗ്രസിൽ നിന്നുള്ള പുറത്താക്കൽ, കൊലപാതകക്കേസ് തുടങ്ങി രാഷ്‌ട്രീയ ജീവിതത്തെ ചൂഴ്‌ന്നുനിന്ന ഒട്ടേറെ പ്രശ്‌നങ്ങളിൽ നിന്നു കരകയറാനുള്ള അവസാന അവസരമായിരുന്നു ജോഗിക്ക് 2004 ലെ തിരഞ്ഞെടുപ്പ്. കോൺഗ്രസ് നൽകിയ ആ അവസരം പരമാവധി പ്രയോജനപ്പെടുത്തിയെങ്കിലും അപകടം വീണ്ടും ജോഗിയെ തളർത്തി.

പിന്നീടുള്ള ആറുവർഷങ്ങൾ ഏതു കടുത്ത തിരഞ്ഞെടുപ്പിനെക്കാളും വലിയ പോരാട്ടമായിരുന്നെന്ന് ജോഗിയും ഒഫ്‌താൽമോളജിസ്‌റ്റായ ഡോ. രേണുവും പറയും. മരണത്തിന്റെ കിടക്കയിൽ നിന്ന് ജോഗി പതിയെ എഴുന്നേറ്റുവെങ്കിലും അരയ്‌ക്കു താഴേക്കു പൂർണമായും തളർന്നിരുന്നു. നട്ടെല്ലിലെ രണ്ടു കശേരുക്കൾ തകർന്നത് സ്‌ക്രൂവിട്ട് നിർത്തി. അരയ്‌ക്കു മുകളിൽ ചലനശേഷി മെല്ലെ തിരികെ കിട്ടി. തലയ്‌ക്കു പരുക്കുണ്ടായിരുന്നെങ്കിലും തലച്ചോറിനെ ബാധിച്ചില്ല. കൈകളും മറ്റുമൊക്കെ സാധാരണ മട്ടിൽ ചലിപ്പിക്കാം. ചിന്തിക്കാം. സംസാരിക്കാം.

അരയ്‌ക്കു മുകളിലേക്കുള്ള ഫ്രെയിമിൽ പൂർണ ആരോഗ്യവാനായ, പുഞ്ചിരിക്കുന്ന നേതാവ്. താഴേക്ക്, നിശ്‌ചേതന ശരീരം. ആ കാലമത്രയും അന്വേഷണങ്ങളുടേതായിരുന്നു. ഇന്റർനെറ്റിലൂടെ ജോഗി സ്വന്തമായും കുടുംബവും സുഹൃത്തുക്കളും നേരിട്ടും നടത്തിയ നീണ്ട അന്വേഷണം. ഒട്ടേറെ ഡോക്‌ടർമാർ, ചികിത്സാ രീതികൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും പരീക്ഷണങ്ങൾ. ഇംഗ്ലണ്ടിൽ ഒൻപതുമാസം ചികിത്സ. തൃപ്പൂണിത്തുറയിൽ പാരമ്പര്യ വിധി. പക്ഷേ, മുറിഞ്ഞു വേർപെട്ട സുഷുമ്‌നാ നാഡി പുനരുജ്‌ജീവിപ്പിക്കാൻ അതൊന്നും മതിയായില്ല.

ഇതിനിടെ, വിവാദങ്ങളുടെ പേരിൽ ഒരിക്കൽ കൈവിട്ട കോൺഗ്രസ് നേതൃത്വം ജോഗിക്കു വീണ്ടും അവസരങ്ങളുടെ ഷേക്ക് ഹാൻഡ് നൽകി. കോൺഗ്രസ് പ്രവർത്തകസമിതിയിലും മറ്റും തിരികെ എത്തി. രാജീവ് ഗാന്ധി കൈപിടിച്ചു രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവന്ന ജോഗി വീണ്ടും സോണിയാഗാന്ധിയുടെ വിശ്വസ്‌ത സംഘത്തിലെത്തി.

2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വീൽച്ചെയറിലിരുന്നെത്തിയ മുൻമുഖ്യമന്ത്രി അദ്‌ഭുതമായി. ലോക്‌സഭാംഗത്വം ഉപേക്ഷിച്ച് മർവാഹി മണ്ഡലത്തിൽ ജോഗി നിയമസഭയിലേക്കു പത്രിക നൽകി. ഭാര്യ രേണു തൊട്ടടുത്ത് കോട്ടാ മണ്ഡലത്തിലും. ആ തിരഞ്ഞെടുപ്പിൽ, ഛത്തീസ്ഗഡിലെ എറ്റവും കൂടുതൽ യോഗങ്ങളിൽ പ്രസംഗിച്ച, പ്രചാരണത്തിനായി എറ്റവും കൂടുതൽ യാത്ര ചെയ്‌ത നേതാവ് ജോഗിയായിരുന്നു. സർവസജ്‌ജമായ ആംബുലൻസും മെഡിക്കൽ ടീമും ജോഗിയെ ഛത്തിസ്‌ഗഡിലുടനീളം അനുഗമിച്ചു. പൂർണമായും യന്ത്രവൽക്കരിച്ച വീൽച്ചെയറിലായിരുന്നു സഞ്ചാരമത്രയും.ജോഗിയുടെ ആവേശം നിറഞ്ഞ പ്രചാരണം പക്ഷേ, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രക്ഷിച്ചില്ല. ജോഗിയും രേണവും ജയിച്ചു കയറിയെങ്കിലും ഭരണം ബിജെപി നിലനിർത്തി.

ജോഗിയെ സോണിയാ ഗാന്ധി ഡൽഹിയിലേക്കുതന്നെ തിരികെ കൊണ്ടുവന്നു. കോൺഗ്രസിന്റെ ഒട്ടേറെ സമിതികളിൽ അംഗമായി ഡൽഹി രാഷ്‌ട്രീയത്തിൽ വീണ്ടും സജീവമായി. അപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും പല രീതിയിലുള്ള ചികിത്സകൾ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒന്നും വിജയിക്കാത്ത ഘട്ടത്തിലാണ്, ഒരു നാൾ ഉമ്മൻ ചാണ്ടി ജോഗിയെ കാണുന്നത്. കേരളത്തിൽ തന്റെ നാട്ടിലെ ഒരു ഡോക്‌ടർ നട്ടെല്ലുതകർന്ന രോഗികൾക്കായി പുതിയൊരു ചികിത്സാരീതി കണ്ടുപിടിച്ച കാര്യം ഉമ്മൻ ചാണ്ടി ജോഗിയോടു സൂചിപ്പിച്ചു. 

ഏതു ചികിത്സയും പരീക്ഷിക്കാൻ റെഡിയായിരുന്നു ജോഗിയും രേണുവും. അങ്ങനെ കോട്ടയത്തെ ഡോ. പി.എസ്. ജോണിനെ ഉമ്മൻ ചാണ്ടി തന്നെ ഡൽഹിയിൽ അജിത് ജോഗിയുടെ അടുത്തെത്തിച്ചു. ജോഗിയുടെയും കുടുംബത്തിന്റെയും മുൻപിൽ പുതിയ ചികിത്സാരീതിയുടെ വിശദമായ പ്രസന്റേഷൻ ഡോ. ജോൺ നടത്തി. അങ്ങനെ കേരളം കണ്ടെത്തിയ പുതിയ ചികിത്സാരീതിക്കു വിധേയനാകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കേരളത്തിലെത്തിയത്. ഇവിടുത്തെ ചികിത്സ കൊണ്ടു വലിയ മെച്ചമുണ്ടായി. നില കുറച്ചു മെച്ചപ്പെട്ടതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. തുടർ ചികിത്സ മുടങ്ങി.  

ഭാവിയെക്കുറിച്ചു ചോദിച്ചപ്പോൾ അന്ന് ജോഗി  പറഞ്ഞു: ‘ദൈവം എല്ലാ അനുഗ്രഹങ്ങളും എനിക്കു തന്നിട്ടുണ്ട്. ഛത്തിസ്‌ഗഡിലെ പട്ടികവർഗ മേഖലയിൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച എനിക്ക് വിദ്യാഭ്യാസം തന്ന് എൻജിനീയറാക്കി. സിവിൽ സർവീസിലെത്തിച്ച് കലക്‌ടറാക്കി. രാജീവ് ഗാന്ധിയുടെ കണ്ണിൽപ്പെടുത്തി; രാഷ്‌ട്രീയത്തിൽകൊണ്ടു വന്നു. മുഖ്യമന്ത്രിയാക്കി. വീണു കിടന്നപ്പോൾ താങ്ങാവാൻ എല്ലാവരുമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തുമ്പോൾ തീയറ്ററിനു പുറത്ത് എന്റെ ഭാര്യയോടൊപ്പം രണ്ടു മണിക്കൂർ സോണിയാഗാന്ധി കാത്തു നിന്നു. അതൊക്കെ വലിയ അനുഗ്രഹങ്ങളല്ലേ? എന്റെ കാലുകളേ തളർന്നിട്ടുള്ളൂ; മനസ്സിലെ രാഷ്‌ട്രീയപ്രവർത്തകൻ തളരില്ല. വിധിക്കു കീഴടങ്ങാൻ എന്തായാലും എനിക്കു മനസ്സില്ല’.

പ്രതീക്ഷയുണർത്തി പറന്നു; ആഴത്തിലേക്കു പതിച്ചു

ഭോപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ എൻജിനീയറിങ് ബിരുദം നേടിയ അജിത് ജോഗി 1970 ൽ സിവിൽ സർവീസും നേടി. അന്നത്തെ മധ്യപ്രദേശിലെ സിദ്ദി, ഷഹദോൾ, റായ്‌പൂർ ജില്ലകളിലെ കലക്‌ടർ എന്ന നിലയിൽ മികച്ച ഭരണാധികാരിയെന്ന പേരു നേടി. റായ്‌പൂർ കലക്‌ടറായിരിക്കെയാണ് രാജീവ് ഗാന്ധിയുമായി സൗഹൃമുണ്ടാകുന്നത്. 1977 - 80 കാലഘട്ടം. പൈലറ്റായ രാജീവ് വിമാനംപറത്തി റായ്‌പൂരിലെത്തുമ്പോൾ ജില്ലാ കലക്‌ടർ കാണാനെത്തും.

അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തം കൗശിക് റായ്‌പൂരുകാരനായിരുന്നു. രാജീവ് ഗാന്ധി വരുന്ന കാര്യം പുരുഷോത്തം ജോഗിയെ വിളിച്ചു പറയും. റായ്‌പൂരിലെ യുവ കലക്‌ടർ അന്നേ രാജീവിന്റെ ശ്രദ്ധയിൽ പെട്ടു. 84 ൽ രാജീവ് പ്രധാനമന്ത്രിയായപ്പോൾ സിവിൽ സർവീസ് രാജിവച്ച് ഡൽഹിയിലേക്കു വരാൻ ജോഗിയോടു നിർദേശിച്ചു. രാജീവിന്റെ ഇഷ്‌ടക്കാരനും മിടുക്കനായ ചെറുപ്പക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള നേതാവുമെന്ന നിലയിൽ ജോഗി ഡൽഹി രാഷ്‌ട്രീയത്തിൽ വളരെപ്പെട്ടെന്നു താരമായി. 

1986 മുതൽ 98 വരെ രാജ്യസഭാംഗമായി. കോൺഗ്രസ് വക്‌താവായി തിളങ്ങി. 2000ത്തിൽ ഛത്തീസ്‌ഗഡ് സംസ്‌ഥാനം രൂപീകരിച്ചപ്പോൾ ആദ്യമുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ജോഗിയെ നിയോഗിച്ചു. ആ മുഖ്യമന്ത്രിക്കാലമാണു ജോഗിയുടെ രാഷ്‌ട്രീയ ജീവിതം മാറ്റിമറിച്ചത്. തുടക്കത്തിൽ പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്ന് വിവാദങ്ങളുടെ ചുഴിയിൽപെട്ടു. ഒരു സ്വകാര്യ കമ്പനിയുടെ എംഡിയെപ്പോലെയാണ് അദ്ദേഹം ഛത്തിസ്‌ഗഡ് ഭരിച്ചതെന്ന് ആരോപണമുണ്ടായി. ഛത്തിസ്‌ഗഡിലെ കേബിൾ ശൃംഖല മകൻ അമിത് ജോഗിയുടെ വരുതിയിലാക്കിക്കൊടുത്തെന്നും ആരോപണമുണ്ടായി.

അമിത് ഭരണകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങിയതോടെയാണ് ജോഗിയുടെ നില പരുങ്ങലിലായത്. ഏകമകളുടെ ആത്മഹത്യയെ തുടർന്ന് ജോഗി, മകൻ പറയുന്ന എന്തിനും വഴങ്ങിയെന്നായിരുന്നു ആരോപണം. 2003 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപിയുടെ എംഎൽഎ മാരെ പണം കൊടുത്തു ചാക്കിടാൻ ശ്രമിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കണ്ണിലെ കരടായി. അനധികൃത സ്വത്തുസമ്പാദനം, കൊലപാതകം, വ്യാജരേഖ തയാറാക്കൽ, മോഷണം അടക്കം ഒട്ടേറെ കേസുകൾ ജോഗിക്കെതിരെ ഉണ്ടായി. ചിലതിൽ കുറ്റവിമുക്‌തനായെങ്കിലും ചിലവ ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. 2003 ൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയെങ്കിലും 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചെടുത്ത് വീണ്ടുമൊരവസരം നൽകി.അപ്പോഴാണ് അപകടം. ആശുപത്രിയിൽ കിടന്ന് തിരഞ്ഞെടുപ്പു ജയിച്ചു.

തുടർന്നുള്ള കാലം കോൺഗ്രസുമായി ഇണങ്ങിയും പിരിഞ്ഞും കഴിഞ്ഞ ജോഗി 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടിയുമായി മത്സരിച്ചെങ്കിലും ജോഗിയും ഭാര്യയും മരുമകളും അടക്കം 4 പേർ മാത്രമേ ജയിച്ചുള്ളൂ. ഒട്ടേറെ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. കവിയുമാണ്.നിഴൽപോലെ ഒപ്പം നിൽക്കുന്ന ഡോ. രേണുവായിരുന്നു ജോഗിയുടെ കരുത്ത്. ചെന്നൈയിലെ വെല്ലൂർ മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ രേണു , ജോഗിയുടെ നാട്ടിൽ ഗ്രാമീണ സേവനത്തിനെത്തിയപ്പോഴാണ് ഇരുവരും കണ്ടു മുട്ടിയതും പ്രണയത്തിലായതും.

MORE IN INDIA
SHOW MORE
Loading...
Loading...