വാരാണാസി കൂട്ടബലാൽസംഗം; പെണ്‍കുട്ടിയും മാതാപിതാക്കളും ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

varanasi-rape
SHARE

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മാതാപിതാക്കളും എസ്.പി ഓഫീസിന് മുന്‍പില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. മൂന്നുപേരുടെയും നില ഗുരുതരമാണ്. കേസിലെ പ്രതികളെ പിടികൂടാതെയും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചു. 

ബലാല്‍സംഗത്തിന് കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവന്‍ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മാതാപിതാക്കളും വാരാണസി എസ്.പി ഓഫീസിന് മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതേസമയം, കേസിലെ മൂന്നുപ്രതികളില്‍ രണ്ടുപേരെ നേര്‍ത്തെ അറസ്റ്റ് ചെയ്തെന്നും ബലാല്‍സംഗത്തിനുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ബോളിവുഡില്‍ നടിയാക്കാമെന്ന് മോഹിപ്പിച്ചാണ് റെയില്‍വേ ടി.ടി.ഇ സമീറും സുഹൃത്തുക്കളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ചത്. ഒരു ട്രെയിന്‍ യാത്രയ്‍ക്കിടെയാണ് സമീറും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. സമീര്‍ പറഞ്ഞതനുസരിച്ച് ഒക്ടോബര്‍ 19ന് പെണ്‍കുട്ടി വീടു ഉപേക്ഷിച്ച് വാരാണസി കണ്‍ടോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്ന് സമീറും സുഹൃത്തുക്കളായ ഉത്കര്‍ഷും വിശാലും കൂടി മുംബൈയിലേക്ക് പുറപ്പെട്ടു. 

മുംബൈയിലെ ഹോട്ടലില്‍ വച്ച് ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം മൂന്നുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് നവംബര്‍ 15ന് പെണ്‍കുട്ടി വാരാണസിയില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കുടുംബം നേര്‍ത്തെ നല്‍കിയ കേസില്‍ ബലാല്‍സംഗക്കുറ്റം ചുമത്തിയതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സമീറും വിശാലും നേര്‍ത്തെ അറസ്റ്റിലായി. ഉത്കര്‍ഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, നൂറുകണക്കിന് സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിയുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി.‌

MORE IN INDIA
SHOW MORE
Loading...
Loading...