വോട്ടുകാല അഭിമുഖം അരാഷ്ട്രീയമായാൽ?; ചില രാഷ്ട്രീയ ആലോചനകൾ

interviews-during-election-webplus-nnewww
SHARE

അഭിമുഖം കഴിഞ്ഞും തീരാത്ത ചോദ്യങ്ങള്‍; മോദി– അക്ഷയ് കുമാര്‍ അഭിമുഖം വിവാദമാകുമ്പോള്‍

ഹിറ്റുകള്‍  വല്ലപ്പോഴുമൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിലും അടിവസ്ത്രങ്ങളുടെ പരസ്യങ്ങളിലൂടെയാണ്  പുതുതലമുറക്ക് അക്ഷയ് കുമാറിനെ  കൂടുതല്‍ പരിചയം.  ആ പരിചയം നരേന്ദ്ര മോദിയെ അഭിമുഖം ചെയ്ത സിനിമാക്കാരന്‍ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ഏപ്രില്‍ 22നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വിവാദ അഭിമുഖം പുറത്തുവിട്ടത്.  അഭിമുഖം തീരെ അരാഷ്ട്രീയമായിപ്പോയി എന്നാണ്  പിന്നാലെ വന്ന ആക്ഷേപം.  രാഹുല്‍ ട്വീറ്റിലൂടെ കളിയാക്കി. കോണ്‍ഗ്രസുകാര്‍ ദേശീയ തലത്തില്‍ വലിയ പ്രശ്നമാക്കി. മോദി വിമര്‍ശകര്‍ അഭിമുഖത്തിലെ ചോദ്യോത്തരങ്ങളെ ഇഴകീറി പരിശോധിച്ച് പരിഹാസം ചൊരിഞ്ഞു.

ചൂടേറിയ രാഷ്ട്രീയ ചോദ്യശരങ്ങള്‍ കൊണ്ട് അക്ഷയ് കുമാര്‍ നരേന്ദ്രമോദിയെ  നിര്‍ത്തിപ്പൊരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം എന്നു തോന്നുന്നു. രാഹുല്‍ ഗാന്ധി കൈ കൊടുക്കലും കെട്ടിപ്പിടുത്തവും ഒക്കെയായി മുന്നേറുമ്പോള്‍ ഒരു മനുഷ്യ മുഖം തനിക്കും ഉണ്ടെന്ന് കാണിക്കാന്‍ മോദി നടത്തിയ എളിയ ശ്രമം മാത്രമായിരുന്നു ആ അഭിമുഖം. എന്താ ,സ്വന്തമായി ഒരഭിമുഖം കൊടുക്കാനും മോദി ഇനി വിമര്‍ശകരുടെ അനുവാദം വാങ്ങണോ?

തിരഞ്ഞെടുപ്പ് കാലത്തെ അഭിമുഖങ്ങള്‍

തിരഞ്ഞെടുപ്പു പോലെ അതിപ്രധാനമായ ഒരു ഘട്ടത്തില്‍ അഭിമുഖം നല്‍കുമ്പോള്‍ ഏതു നേതാവും പലവട്ടം ചിന്തിക്കും. മോദി പ്രത്യേകിച്ചും. അതിന് അഞ്ചു കൊല്ലം മാത്രം പഴക്കമുള്ള ഒരു ചരിത്രമുണ്ട് ഓര്‍ക്കാന്‍. 2014 തിരഞ്ഞെടുപ്പ്  കാലത്തെ രണ്ട് അഭിമുഖങ്ങളുടെ ചരിത്രം.

തന്‍റെ തിരഞ്ഞെടുപ്പു കാലത്തെ ആദ്യ അഭിമുഖം എന്‍ഡിടിവിക്ക് നല്‍കാനായിരുന്നു രാഹുല്‍  ഗാന്ധി തീരുമാനിച്ചത്. എന്‍ഡിടിവിയിലെ ബര്‍ഖാ ദത്ത് രാഹുലിനെയും പ്രിയങ്കയെയും കണ്ട് 2014 ജനുവരി 12ന്  ഡല്‍ഹി ജവഹര്‍ ഭവനില്‍ഷൂട്ട് തീരുമാനിച്ചു.  ഈ സമയത്ത് അന്ന് ടൈംസ് നൗ ചാനലിന്‍റെ  തലവനായിരുന്ന അര്‍ണബ് ഗോസ്വാമി  രാഹുലിന്‍റെ ഓഫിസുമായി ബന്ധപ്പെട്ടു. എന്‍ഡിടിവിയെക്കാള്‍ റേറ്റിംഗുള്ള തങ്ങളുടെ ചാനലിന് ആദ്യ അഭിമുഖം നല്‍കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്‍റെ ഓഫിസ് വഴങ്ങി. രാഹുല്‍ ചോദ്യങ്ങള്‍ മുന്‍കൂര്‍ അന്വേഷിച്ചില്ല. അദ്ദേഹത്തെ സഹായിക്കാന്‍ ആരും ചിത്രീകരണം നടന്ന മുറിയില്‍  ഉണ്ടായിരുന്നില്ല.  

rahul-arnab-interview

2014 ജനുവരി 27ന്  രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്ത രാഹുല്‍ ഇന്‍റര്‍വ്യൂ കോണ്‍ഗ്രസിന് ഒരു വന്‍ ദുരന്തമായി മാറി.  രാഹുല്‍ ഒട്ടും തയാറെടുപ്പ് നടത്തിയിരുന്നില്ല. വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല. ഉദ്ദേശിക്കാത്ത പലതും പറഞ്ഞും പോയി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്ത്രീ ശാക്തീകരണമെന്നും വിവരാവകാശമെന്നുമൊക്കെ പറഞ്ഞു. സിഖ് കൂട്ടകൊലയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അതില്‍ പങ്കെടുത്തില്ലെന്ന് മറുപടി നല്‍കി. രാഹുലിന്‍റെ ഇമേജ് ഇടിഞ്ഞു പൊളിഞ്ഞ് നിലത്തു വീണു. ട്രോളന്‍മാര്‍ ഈ അഭിമുഖ ശകലങ്ങളെടുത്ത്  നന്നായി അലക്കി.

നരേന്ദ്രമോദി 2014ലെ തന്‍റെ ആദ്യ അഭിമുഖത്തിനായി തിരഞ്ഞെടുത്ത്  ഇന്ത്യാ ടിവിയെ ആയിരുന്നു. രജത് ശര്‍മയായിരുന്നു അഭിമുഖകാരന്‍. തന്‍റെ ആര്‍എസ്എസ് കാലത്ത് മോദി ചങ്ങാത്തമുറപ്പിച്ച എബിവിപിക്കാരന്‍. പണ്ഡിറ്റ്ജി എന്നാണ് ബഹുമാനത്തോടെ മോദി രജതിനെ വിളിച്ചിരുന്നത്.  ഏപ്രില്‍ 12 ന് അഭിമുഖം ചിത്രീകരിച്ചു. ആപ് കി അദാലത് എന്നായിരുന്നു കോടതി മുറിയുടെ സെറ്റിട്ട്  ഗ്യാലറിയില്‍ ആളെ നിരത്തി  നടത്തിയ ആ പരിപാടിയുടെ പേര്. പ്രേക്ഷക പ്രതിനിധികളായി അണിനിരത്തിയവര്‍  മോദിയുടെ മറുപടികളെ കൈയടികളും മോദി ..മോദി ..വിളികളുമായി വരവേറ്റു.  

Modi-Rajat-Sharma

പ്രോഗ്രാം സംപ്രേഷണം ചെയ്തതിന്‍റെ പിറ്റേന്ന് ഇന്ത്യാ ടിവി എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന ഖ്വമര്‍ വാഹിദ് നഖ്‌വി രാജി വച്ചു.  മോദിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചതാണ് ആ പരിപാടിയെന്ന് നഖ്‌വി ആരോപിച്ചു. പ്രേക്ഷകരായെത്തിയത് മോദി ഭക്തരായിരുന്നെന്നും.  പ്രോഗ്രാം വന്‍ ഹിറ്റായി. മോദിയുടെ ഗ്രാഫുയര്‍ന്നു.  യൂ ട്യൂബില്‍ ദിവസങ്ങള്‍ക്കകം 70 ലക്ഷം കാഴ്ചകരെത്തി. പ്രോഗ്രാമിന്‍റെ ഭാഗങ്ങള്‍ ചെറിയ ക്ലിപ്പുകളാക്കി ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. മോദിയുടെ പഞ്ച് ഡയലോഗുകളും രജതിന്‍റെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ നല്‍കിയ ഉത്തരങ്ങളും  വൈറലായി.

ഇനി പറയൂ. തിരഞ്ഞെടുപ്പ് കാലത്ത് അഭിമുഖം കൊടുക്കേണ്ടത് എങ്ങനെയായിരിക്കണം?

മോദിയുടെ അഭിമുഖങ്ങള്‍

അക്ഷയ് കുമാറുമാര്‍ നടത്തിയ മോദി അഭിമുഖത്തില്‍ രാജ്യത്തെ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ആ ഇന്‍റര്‍വ്യൂവിന്‍റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട് ഇതില്‍ അത്തരം ചോദ്യവും ഉത്തരവും ഒന്നും ഉണ്ടാകില്ലെന്ന്.  മാത്രമല്ല രാജ്യത്തിന്‍റെ നീറുന്ന പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിക്കുന്ന ഒരുപിടി അഭിമുഖങ്ങള്‍ വേറെ വന്നിട്ടുണ്ട്. അധികാരമേറ്റ് ഒറ്റക്കൊറ്റക്ക് അഭിമുഖം നല്‍കാന്‍ തയാറാകാത്ത മോദി ഇപ്പോള്‍ അങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദാവോസ് യാത്രക്ക് മുന്‍പ് സീ ടിവിക്ക് മോദി അഭിമുഖം നല്‍കി.

ഇക്കൊല്ലം തുടക്കത്തില്‍ എ എന്‍ ഐയുടെ സ്മിതാ പ്രകാശിന്  അഭിമുഖം നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ വരാന്‍ പോകുന്ന അഭിമുഖ പരമ്പരയുടെ സൂചന നല്‍കി. എബിപി, ഇന്ത്യാ ടുഡെ, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎന്‍എന്‍– ന്യൂസ് 18 ,ടൈം ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ക്കൊക്കെ അദ്ദേഹം ഇതിനകം അഭിമുഖം നല്‍കി കഴിഞ്ഞു. അരാഷ്ട്രീയത ഇഷ്ടപ്പെടാത്തവര്‍ക്ക് കാണാന്‍ ധാരാളം രാഷ്ട്രീയ ചോദ്യങ്ങളും ഉത്തരങ്ങളും  അവയിലുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതു പറയാം. അല്ലാതെ അക്ഷയ് കുമാര്‍ നടത്തിയ അരാഷ്ട്രീയ അഭിമുഖം മാത്രമാണ്  അടുത്ത കാലത്ത് മോദിയുടേതായി വന്നത് എ‌ന്ന മട്ടില്‍പറഞ്ഞേക്കരുത്. അസത്യമാണത്.

വിമര്‍ശകര്‍ അറിയേണ്ടത്

ഇന്ത്യയില്‍ ഏത് സിനിമാ താരത്തെക്കാളും ക്രിക്കറ്റ് താരത്തെക്കാളും ആരാധകരുള്ളയാളാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ സംബന്ധിച്ച ഏത് കൊച്ചു വിവരങ്ങളും അവര്‍ക്ക് താല്‍പര്യമുള്ളതായിരിക്കും. അതുകൊണ്ട് മോദി മാങ്ങയാണോ അതിന്‍റെ അണ്ടിയാണോ തിന്നുന്നത്, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറുണ്ടോ, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കാറുണ്ടോ, അമ്മയ്ക്ക് കാശു കൊടുക്കാറുണ്ടോ അതോ അമ്മ ഇങ്ങോട്ടാണോ ചെലവിന് കൊടുക്കുന്നത് തുടങ്ങി എന്ത് കാര്യം പറഞ്ഞാലും അണികള്‍ കേട്ടിരിക്കും. സംശയമുണ്ടെങ്കില്‍ ഓരോരുത്തരും അവരവരുടെ ഇഷ്ട സിനിമാ/ രാഷ്ട്രീയ/ സാഹിത്യ താരത്തിന്‍റെ വ്യക്തി വിശേഷങ്ങളോട് കാണിക്കുന്ന താല്‍പര്യം ഓര്‍ത്തു നോക്കിയാല്‍ മതി.

ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിനെപ്പറ്റി മമ്മൂട്ടിയും പ്രണയം കാത്തുസൂക്ഷിക്കുന്നതിനെപ്പറ്റി മോഹന്‍ലാലും ഒരേ കാര്യം എത്ര ആവര്‍ത്തിച്ചാലും അവരുടെ ആരാധകര്‍ മടുപ്പില്ലാതെ കേട്ടിരിക്കുന്നില്ലേ. സമ്മതിയുടെ നിര്‍മിതിയെപ്പറ്റി നോം ചോംസ്കിയും ഭരണകൂട ഭീകരതയെപ്പറ്റി അരുന്ധതി റോയും, ക്ഷേമ സമ്പദ്ഘടനയെപ്പറ്റി അമര്‍ത്യ സെന്നും ആവര്‍ത്തിക്കുമ്പോള്‍ അവരിലും ആ വിഷയങ്ങളിലും താല്‍പര്യമുള്ളവര്‍ ശ്രദ്ധിച്ചിരിക്കുന്നില്ലേ. ഓരോരുത്തരും പറയാനുള്ളത് പറയുന്നു. കേള്‍ക്കാനുള്ളവര്‍ അത് കേള്‍ക്കുന്നു.

pinarayi-navya

പിന്നെ, സിനിമാ താരം അഭിമുഖം നടത്തുന്നത് ആദ്യമൊന്നുമല്ലല്ലോ. പിണറായി വിജയന്‍റെ ഏറ്റവും ഹിറ്റായ അഭിമുഖങ്ങളില്‍ ചിലത് സിനിമാ താരങ്ങള്‍ നടത്തിയവയാണ്. കമലഹാസനും നവ്യാ നായരും, ശ്രീനിവാസനും ഇന്നസെന്‍റുമൊക്കെ  പിണറായിയെ ഇന്‍റര്‍വ്യൂ ചെയ്ത്  കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.  രാഹുല്‍ ഗാന്ധി സ്കൂളില്‍ പഠിച്ചതും കരാട്ടേ ബ്ലാക്ക് ബെല്‍ട്ട് നേടിയതും പുസ്തകം വായിക്കുന്നതുമൊക്കെ പ്രിയങ്ക ഗാന്ധി പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം എവിടെ എന്ന് ചോദിക്കാത്തവര്‍ മോദി  രാഷ്ട്രീയമല്ലാതെ ഒന്നും പറയരുതെന്ന് വാശിപിടിക്കരുത്.  

അക്ഷയ് കുമാര്‍ അഭിമുഖത്തില്‍ കണ്ടത്

മോദിയുടെ മുന്നില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി ഒരാള്‍  ഇരിക്കുന്ന കാഴ്ച തന്നെ  അല്‍പം സ്പെഷ്യലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിന്‍റെ വ്യക്തി വിശേഷങ്ങള്‍ അറിയണമെന്ന് താല്‍പര്യമുള്ള ആരും കണ്ടിരിക്കേണ്ട അഭിമുഖം തന്നെയാണത്. ദേഷ്യം വരുന്നതിനെപ്പറ്റി, കര്‍ശന സ്വഭാവത്തെപ്പറ്റി, പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി, പണം ചെലവാക്കുന്നതിനെപ്പറ്റി, നര്‍മബോധത്തെപ്പറ്റി, ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഒക്കെ കൗതുകമുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്.

തന്‍റെ ദാനധര്‍മങ്ങളെപ്പറ്റി വാചാലനാകുന്ന മോദിയോട് അക്ഷയ് കുമാര്‍ ഒരു ഘട്ടത്തില്‍ ചോദിക്കുന്നു. താങ്കള്‍ സത്യത്തില്‍ ഒരു ഗുജറാത്തി തന്നെയാണോ എന്ന്. ഗുജറാത്തികളുടെ  പണത്തോടുള്ള സ്നേഹത്തെ സൂചിപ്പിക്കാന്‍ അക്ഷയ് ഒരു കഥയും പറയുന്നു. ഒരിക്കല്‍ ഒരു ഗുജറാത്തി വ്യാപാരി മരണ ശയ്യയില്‍ കിടന്ന് ചോദിച്ചു. എന്‍റെ ഭാര്യയിവിടെ ഉണ്ടോ? ഞാനിവിടെ ഉണ്ടെന്ന് ഭാര്യ. മകനിവിടെ ഉണ്ടോ? ഉണ്ടെന്ന് മകന്‍? മകളിവിടെ ഉണ്ടോ? ഉണ്ടെന്ന് മകള്‍. അപ്പോഴാണ് മരണവുമായി മല്ലിടുന്ന വ്യാപാരിയുടെ അടുത്ത ചോദ്യം. നിങ്ങളൊക്കെ ഇവിടെ  വന്ന് നിന്നാല്‍ പിന്നെ കടയിലെ കാര്യങ്ങള്‍ ആരു നോക്കും?

modi-akshya-interview

ഗുജറാത്തി അഭിമാനത്തെ വോട്ടാക്കി മാറ്റുന്ന മോദി പ്രതിഷേധിക്കുകയല്ല , മറിച്ച് മറുപടിയായി ഒരു കഥ പറയുകയാണ് ചെയ്തത്. ആ കഥയിങ്ങനെ–

ട്രെയിനിന്‍റെ അപ്പര്‍ ബര്‍ത്തില്‍ കിടന്നയാള്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ജനലിലൂടെ  കണ്ട ഒരാളോട് ഏതാണ് സ്റ്റേഷന്‍ എന്നു ചോദിച്ചു. നാലണ തന്നാല്‍ പറയാം എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍ യാത്രക്കാരന്‍ ഉറപ്പിച്ചു. അഹമ്മദാബാദ് തന്നെ. അവിടെ മാത്രമേ കാശിന് ഇത്രയും ആര്‍ത്തിയുള്ളവര്‍ ഉണ്ടാകൂ.

മോദിയുടെ ഭരണകാലം കഴിയുമ്പോള്‍ ഗുജറാത്തികളെപ്പറ്റി പുതിയ എന്തെല്ലാം കഥകളാകും വരും തലമുറകള്‍ പറയുക?

MORE IN INDIA
SHOW MORE