ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകാൻ പറന്നെത്തിയത് മരണത്തിലേയ്ക്ക്

tejas-dubey
SHARE

ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകാൻ ബെൽജിയത്തിൽ നിന്ന് പറന്നെത്തിയ ഐടി പ്രൊഫഷണലിന് വിധി കാത്തുവച്ചത് മരണം. മുബൈയിലാണ് സംഭവം. ബെൽജിയത്തിൽ ഐടി പ്രൊഫഷണലായി ജോലിചെയ്യുന്ന തേജസ് ഡബ്‌ലേ എന്ന മുപ്പത്തിരണ്ടുകാരനാണ് മരിച്ചത്.പ്രണയവിവാഹിതരാണ് തേജസും ഭാര്യയും.പുനെയിലെ ഐടി കമ്പനിയിൽ ജോലിചെയ്യുകയാണ് തേജസിന്റെ ഭാര്യ. 2014 ലാണ് തേജസ് ജോലിയ്ക്കായി ബെൽജിയത്തിൽ പോയത്. ഭാര്യയ്ക്ക് സർപ്രൈസ് നൽകാനാണ് ബെൽജിയത്തിൽ നിന്ന് പുനെയിലെത്തിയത്. 

അടുത്ത രണ്ട് സുഹൃത്തുക്കൾക്കൊഴികെ മറ്റാർക്കും ഇതിനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.  വെള്ളിയാഴ്ച വൈകിട്ട് തേജസിന്റെ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് അദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നത്. രോഹിത് സിൻഹ എന്ന സുഹൃത്തിന്റെ വീട്ടിൽ തേജസ് തങ്ങുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളും തേജസ്  ചേർന്ന് അന്നു പുലരുവോളം തേജസിന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകുന്നതിനെക്കുറിച്ചുള്ള പദ്ധതി തയാറാക്കി. ശേഷം പുലർച്ചെ മൂന്നുമണിക്കാണ് അവർ ഉറങ്ങാൻ കിടന്നത്. അഞ്ചരയ്ക്ക് ഉറക്കമുണർന്ന തേജസ് ഭാര്യയ്ക്ക് സർപ്രൈസ് നൽകാനായി ജനലിലൂടെ ഫ്ലാറ്റിനകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് നിലതെറ്റി താഴെവീണു. 

ഫ്ലാറ്റിലെ സെക്യൂരിറ്റി തേജസ്സിന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സർപ്രൈസ് പദ്ധതി നടപ്പിലാക്കുന്നതിനു മുൻപ് സുഹൃത്തുക്കൾ ചേർന്ന് മദ്യപിച്ചിരുന്നോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. തേജസ് ഫ്ലാറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച ഭാഗത്തെ ഫ്രഞ്ച് വിൻഡോയ്ക്ക് ഗ്രില്ലുകളില്ലായിരുന്നുവെന്നും ഇരുട്ടും അശ്രദ്ധയുമാകാം ഈ ദുരന്തത്തിനു പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.

MORE IN INDIA
SHOW MORE