കമലഹാസൻറെ രാഷ്ട്രീയപ്രവേശനം, ചരിത്രത്തിൻറെ ഭാഗമാകാനൊരുങ്ങി മധുര

kamal-hassan
SHARE

തമിഴ് സംസ്കാരത്തിന്‍റെ ആഴവും പരപ്പും ഏറെയുള്ള തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലയാണ് മധുര. കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ മധുര തന്നെ തിരഞ്ഞെടുത്തതിന് ചരിത്രപരമായി ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തുന്നത്.

നാടകത്തിന്‍റെ ഈറ്റില്ലമാണ് മധുര... ക്ഷേത്രങ്ങളും, പാലസുകളും, നദികളും,  ഒക്കെയായി തമിഴ് സംസ്കാരത്തിന്‍റെ പെരുമ വിളിച്ചോതുന്ന നഗരം. മധുരയെ മാറ്റി നിര്‍ത്തി തമിഴ് സാഹിത്യത്തെ നിര്‍വചിക്കാനാവില്ല. അത്രയേറെ എഴുത്തുകാര്‍ പിറന്ന മണ്ണാണത്. കലയും സാഹ്യത്യവുമൊക്കെയായുള്ള ബന്ധമാണ് രാഷ്ട്രീയത്തെയും മധുരയോടടുപ്പിച്ചത്. രാഷ്ട്രീയത്തിന്‍റെ ഭാഗ്യമണ്ണുകൂടിയായ ഈ ജില്ല അതിന് കാരണക്കാരന്‍ സാക്ഷാല്‍ എം.ജി.ആറാണ്. 1950 ല്‍  ആദ്യ എം.ജി.ആര്‍  ഫാന്‍സ് ക്ലബ്  ആരംഭിച്ചത് മധുരയിലാണ്. ഡി.എം.കെ വിട്ട് അണ്ണാ ഡി.എം.കെ രൂപീകരിച്ചപ്പോള്‍  എം.ജി.ആര്‍ തന്‍റെ അണ്ണായിസം എന്ന രാഷ്ട്രീയ ആശയം ആദ്യമായി വിശദീകരിച്ചത്  ഇവിടെ തന്നെ. 1980ല്‍  എം.എല്‍.എയായതും ഇതേ മണ്ണില്‍. ഡി.എം.കെയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ അദ്ദേഹത്തെ ക്ഷേത്ര നഗരമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ഏറെ സഹായിച്ചത്. 

1973ല്‍ മധുര ഉള്‍പ്പെട്ട ഡിണ്ടുഗല്‍ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ മായാതേവരിലൂടെ ആദ്യ ജയമുണ്ടായി. ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്കരണം, ഹിന്ദി വിരുദ്ധ പ്രക്ഷോഭം, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ക്കും ക്ഷേത്ര നഗരം സാക്ഷിയായിട്ടുണ്ട്. നടന്‍ വിജയകാന്ത് തന്‍റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ രൂപീകരിച്ചതും മധുരയിലാണ്. അങ്ങനെ ചരിത്രകഥകളുടെ പടികളേറിയാണ് ഉലകനായകന്‍ വരുന്നത്. പിതാവ് ശ്രീനിവാസ അയ്യരുടെ പേരും പെരുമയും നിറഞ്ഞു നില്‍ക്കുന്ന ജന്മസ്ഥലമായ പരമകുടിയില്‍ നിന്ന് രാഷ്ട്രീയ യാത്ര തുടങ്ങുന്നു എന്നതും ശ്രദ്ധേയം. യുക്തിവാദിയായ കമല്‍ഹാസന് മധുരയുടെ ഇത്തരം ഭാഗ്യങ്ങളില്‍ വിശ്വാസമില്ലായിരിക്കാം.. പക്ഷേ ഇങ്ങനെയൊക്കെയാണ് ചരിത്രം.

MORE IN INDIA
SHOW MORE