ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ എ.എ.പി എംഎല്‍‌എമാരുടെ കൈയ്യേറ്റം; രാഷ്ട്രീയവിവാദം

aap-attack-t
SHARE

ഡല്‍ഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ കൈയ്യേറ്റം ചെയ്തെന്ന ആരോപണം രാഷ്ട്രീയ വിവാദമാകുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയം ലഫ്റ്റനന്‍റ് ഗവര്‍ണറോട് ‌വിശദീകരണം തേടി. എന്നാല്‍, ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തികളായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന ശീതസമരം തുറന്ന പോരിലേക്ക്. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിനിടെ എം.എല്‍.എമാര്‍ കൈയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ്, ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് പരാതി നല്‍കിയത്. എം.എല്‍.എമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം സമരം തുടങ്ങി. എന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് ഓഫീസ് പ്രവര്‍ത്തനം ബഹിഷ്കരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക്, ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് ആവശ്യപ്പെട്ടു. 

എന്നാല്‍, യോഗത്തിനിടെ മറുപടി നല്‍കാതിരുന്ന ചീഫ് സെക്രട്ടറി അസഭ്യം പറഞ്ഞുവെന്നും സെക്രട്ടേറിയറ്റിലെത്തിയ എം.എല്‍.എമാരെ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്നും എം.എല്‍.എയായ പ്രകാശ് ജര്‍വാള്‍ ആരോപിച്ചു. ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്കെതിരെ ആംആദ്മി പാര്‍ട്ടി പട്ടികജാതി കമ്മിഷന് പരാതി നല്‍കി. 

ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയിരിക്കെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കും. എന്നാല്‍, ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന വാദമുന്നയിച്ച് അതിനെ നേരിടാനാണ് ആംആദ്മിപാര്‍ട്ടിയുടെ നീക്കം

MORE IN INDIA
SHOW MORE