ലയനം മോദിയുടെ നിർദേശപ്രകാരം, വെളിപ്പെടുത്തലുമായി പനീർസെൽവം

ops
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് എടപ്പാടി പളനിസാമി വിഭാഗവുമായി ലയിച്ചതെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ വെളിപ്പെടുത്തൽ. മോദി പറഞ്ഞതിനാലാണ് ഉപമുഖ്യമന്ത്രിയായതെന്നും തനിക്ക് അധികാര മോഹമില്ലെന്നും പനീർ സെൽവം തേനിയിൽ നടന്ന അണ്ണാ ഡി.എം.കെ ഭാരവാഹികളുടെ യോഗത്തിൽ വ്യക്തമാക്കി.

ഒ.പി.എസ് ഇ.പി.എസ് വിഭാഗങ്ങളുടെ ലയനത്തിന് പിന്നിൽ കേന്ദ്ര സർക്കാരും ബി.ജെ.പി കേന്ദ്ര നേതൃത്വവുമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പനീർസെൽവത്തിന്റെ  നീക്കത്തിന് പിന്നിലും ബി.ജെ.പിയായിരുന്നെന്നും വിമർശനമുണ്ടായി. ഈ ആരോപണങ്ങളെയെല്ലാം ശരിവെക്കുകയാണ് പനീർസെൽവം ചെയ്തത് . പ്രധാനമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് ലയിക്കാൻ തീരുമാനിച്ചതെന്നും പാർട്ടിയുടെ നന്മയ്ക്ക് ലയനം ആവശ്യമാണെന്ന് മോദി പറഞ്ഞിരുന്നതായും ഒ.പി.എസ് വെളിപ്പെടുത്തി. പാർട്ടി ഭാരവാഹിയായിരുന്നാൽ മതിയെന്ന് താൻ പറഞ്ഞെന്നും , എന്നാൽ മന്ത്രിസഭയിൽ വേണമെന്ന് നിർബന്ധിച്ചത് മോദിയാണെന്നും ഒ.പി.എസ് പറഞ്ഞു.

ജയലളിതയുടെ വിശ്വസ്തനായിരുന്നതിനാലാണ് തന്നെ, ശശികല കുടുംബം ദ്രോഹി എന്ന് മുദ്ര കുത്തുന്നത്. ശശികല കുടുംബത്തിലുള്ള ദിനകരനടക്കമുള്ളവരുമായി  ബന്ധം സ്ഥാപിക്കരുതെന്ന് ജയലളിത പറഞ്ഞിരുന്നെന്നും പനീർസെൽവം വ്യക്തമാക്കി. ജയലളിതയുടെ ജന്മദിനാഘോഷത്തിന് മുന്നോടിയായി തേനിയിൽ വിളിച്ചു ചേർത്ത അണ്ണാ ഡി.എം.കെ ഭാരവാഹികളുടെ യോഗത്തിലാണ് ഒ.പി.എസിന്റെ വെളിപെടുത്തൽ. പാർട്ടിയിലും സർക്കാരിലും ഒ.പി.എസിന വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വസ്തുത നിലനിൽക്കെയാണ് വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം.

MORE IN INDIA
SHOW MORE