വേണ്ടപ്പെട്ടവരെ നിയമിക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് പ്രസാർ ഭാരതി: ബിജെപിക്ക് തിരിച്ചടി

smriti-irani-prasar-bharati
SHARE

കേന്ദ്രസാഹിത്യ അക്കാദമിയിലെ പാർട്ടിവൽക്കരണ നീക്കങ്ങൾ പാളിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് വീണ്ടും സമാനമായ തിരിച്ചടി. ഓൾ ഇന്ത്യ റോഡിയോ, ദൂർദർശൻ എന്നീ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെ മുഴുവൻ പിരിച്ചു വിട്ട് സർക്കാർ നിർദേശിക്കുന്നവരെ നിയമിക്കണമെന്ന കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം പ്രസാർ ഭാരതി തള്ളി. സർക്കാരിന്റെ നീക്കം പ്രസാർ ഭാരതി നിയമത്തിന്റെ ലംഘനമാണെന്നും പ്രസാർ ഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും ചെയർമാൻ എ സൂര്യപ്രകാശ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് ചെയർമാനും അംഗങ്ങളും സർക്കാരിനെ അമ്പരപ്പിക്കുന്ന പ്രതികരണവുമായി രംഗത്തെത്തിയത്. ഇവിടങ്ങളിലെ ജീവനക്കാരിലേറെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ബദൽ മാർഗങ്ങളൊന്നും ഏർപ്പെടുത്താതെ ഇവരെ പിരിച്ചുവിടുന്നത് ഇരുസ്ഥാപനങ്ങളേയും തകർച്ചയിലേക്ക് നയിക്കുമെന്നാണ് പ്രസാർ ഭാരതി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

സർക്കാർ അനുകൂലികളായ രണ്ടു മുതിർന്ന മാധ്യമ പ്രവർത്തകരെ നിയമിക്കണ‌മെന്ന മന്ത്രാലയത്തിന്റെ ആവശ്യവും പ്രസാർ ഭാരതി തള്ളി. സിദ്ധാർത്ഥ് സാറാബി, അഭിജിത് മജുംദാർ എന്നിവരെ നിയമിക്കണമെന്നായിരുന്നു നിർദേശം. വൻ പ്രതിഫലം നൽകി ഇവരെ നിയമിക്കാനാകില്ലെന്നാണ് പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനം. സിദ്ധാർത്ഥ് സാറാബിക്ക് പ്രതിവർഷം ഒരു കോടി രൂപയും അഭിജിത് മജുംദാറിന് പ്രതിവർഷം 75 ലക്ഷം രൂപയും പ്രതിഫലം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ പ്രസാർ ഭാരതി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് നൽകുന്ന പരമാവധി വാർഷിക പ്രതിഫലം 20 ലക്ഷത്തോളം രൂപ മാത്രമെ ഉള്ളൂ. പ്രതിവർഷം ഒരു കോടി രൂപ നൽകി നിയമനം നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും ബോർഡ് വ്യക്തമാക്കി. 

ആരാണ് അഭിജിത് മജുംദാർ..?

ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ സംഘപരിവാർ മുസ്ലിംകളെ ഉന്നമിട്ട് നടത്തിയ വർഗീയ കലാപം വ്യാജ വാർത്ത പ്രചരിപ്പിച്ച് ആളിക്കത്തിക്കാൻ ശ്രമിച്ചയാളാണ് മെയിൽ ടുഡെ എഡിറ്ററായ അഭിജിത് മജുംദാർ. കലാപത്തിൽ രണ്ടു ഹിന്ദു യുവാക്കൾ കൊല്ലപ്പെട്ടെന്ന വ്യാജ വാർത്തയാണ് ഇയാൾ ട്വീറ്റ് ചെയ്തത്.

ദൂരദർശന്റെ സൗജന്യ ഡിഷ് സേവനത്തിലുൾപ്പെട്ട ചാനലുകളുടെ ഇ-ലേലം നിർത്തിവയ്ക്കണമെന്ന മന്ത്രാലയത്തിന്റെ നിർദേശവും ഇവർ സ്വീകരിച്ചില്ല. ഇതു ചെയ്താൽ പ്രസാർ ഭാരതിക്ക് 300 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

MORE IN INDIA
SHOW MORE