പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

jammu-kashmir
SHARE

ജമ്മുവിലെ സുന്‍ജ്‍വാന്‍ കരസേന ക്യാംപിലെ ആക്രമണത്തിനു പാക്കിസ്ഥാന്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സു‍ന്‍ജ്‍വാന്‍ ക്യാംപ് ആക്രമിച്ചത് ജയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ ആണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, ശ്രീനഗറിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തിന് നേര്‍ക്ക് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. 

ശനിയാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സുന്‍ജ്വാന്‍ ക്യാംപ് ആക്രമിച്ച ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചത് അതിര്‍ക്കപ്പുറത്തുനിന്നാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തെളിവുകള്‍ എന്‍.ഐ.എ. പരിശോധിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്‍, ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സുന്‍ജ്വാന്‍ ആക്രമണത്തില്‍ അഞ്ച് സൈനികരും വീരമൃത്യു വരിച്ച സൈനികരില്‍ ഒരാളുടെ പിതാവും കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ക്ക് പ്രാദേശികതലത്തില്‍ പിന്തുണ ലഭിച്ചിട്ടുണ്ടാകാമെന്നും പ്രതിരോധമന്ത്രി അറിയിച്ചു. ജമ്മുവിലെ കരസേനാക്യാംപ് സന്ദര്‍ശിച്ച പ്രതിരോധമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയ നിര്‍മല സീതാരാമന്‍, പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. ഏറ്റുമുട്ടല്‍ നടന്നയിടങ്ങളില്‍ എന്‍.െഎ.എ സംഘം പരിശോധനനടത്തി. വന്‍ആയുധശേഖരവുമായി ഭീകരര്‍ സൈനികക്യാംപിലെത്തിയതില്‍ സുരക്ഷാവീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

അതേസമയം, കരണ്‍നഗറിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തിനുനേരെ പുലര്‍ച്ചെ നാലരയ്ക്കുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ബിഹാറുകാരന്‍ മുജാഹിദ് ഖാന്‍ വീരമൃത്യു വരിച്ചു.  ക്യാംപിനുളളിലേക്ക് കടക്കാനുളള ഭീകരരുടെ ശ്രമം സി.ആര്‍.പി.എഫ് പരാജയപ്പെടുത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്കറെ തയിബ ഏറ്റെടുത്തു. 

MORE IN INDIA
SHOW MORE