‘ആശുപത്രിക്കുള്ളില്‍ അമ്മയുടെ മൃതദേഹമുണ്ട്, സംസ്കരിക്കാന്‍ കാശ് തരുമോ..?’ ഹൃദയഭേദക കാഴ്ച

tn-boys
SHARE

അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള കാശില്ലാതെ രണ്ട് ആണ്‍ മക്കളും മരവിച്ച് നിന്നു. ഒടുവിലവര്‍ ആശുപത്രി വാര്‍ഡുകളിലൂടെ കാശ് ചോദിച്ച് നടന്നു. പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. ആശുപത്രിക്കുള്ളില്‍ അമ്മയുടെ മൃതദേഹമുണ്ടെന്നും അത് സംസ്കരിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞ്  അവര്‍ പലരോടും യാചിച്ചു. ഒടുവില്‍, ആളുകള്‍ പറഞ്ഞറിഞ്ഞ് ഡിണ്ടിഗല്‍ റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റ് എസ്.ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളെ സഹായിക്കുകയായിരുന്നു. വൈദ്യുത ശ്മശാനത്തില്‍ ആ മക്കള്‍ അമ്മയ്ക്ക് അന്ത്യയാത്ര നൽകി. 

തമിഴ്നാട് ഡിണ്ടിഗലിലെ കൂതംപട്ടിയിലാണ് സംഭവം. കൂലിപ്പണിക്കാരനായ കാളിയപ്പന്റെയും വിജയയുടെയും മക്കളാണ് പതിനാല് വയസുകാരന്‍ വേല്‍മുരുകനും പതിനഞ്ചുകാരന്‍ മോഹന്‍രാജും. ഒമ്പത് വയസുള്ള ഒരു മകളുകൂടിയുണ്ടവര്‍ക്ക് . 2008 ല്‍ അച്ഛനെ നഷ്ടപ്പെട്ട ഇവര്‍ക്കിപ്പോള്‍ അമ്മയും നഷ്ടപ്പെട്ടു. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അമ്മകൂടി വിട്ടുപിരിഞ്ഞതോടെ എന്തുചെയ്യണമെന്ന ആശങ്കയിലായി കുട്ടികള്‍. മുതിര്‍ന്നവരെ വിവരമറിയിക്കാന്‍ ആശുപത്രിയധികൃതര്‍ പറഞ്ഞു. 

tn-boys-2

എന്നാല്‍ ബന്ധുവെന്ന് പറയാന്‍ ആകെയുണ്ടായിരുന്ന അച്ഛന്റെ സഹോദരനെ ഫോണിന്‍ വിളിക്കാന്‍ ആരും സഹായിച്ചുമില്ല. വിവരം ജില്ലാ കലക്ടറുടെ കാതിലെത്തി. റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്.ഇളങ്കോവനും വിവരമറിഞ്ഞു. ആശുപത്രിയിലെത്തിയ അദ്ദേഹം സംസ്കാര ചടങ്ങുകള്‍ക്കാവശ്യമായ തുക നല്‍കി. കുട്ടികളുടെ പഠനം ഏറ്റെടുക്കുമെന്നും അറിയിച്ചു. 

നാഗര്‍കോവിലിലെ ദലിത് കുടുംബത്തില്‍ ജനിച്ച വിജയ മറ്റൊരു ജാതിക്കാരനായ കാളിയപ്പനെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി അകല്‍ച്ചയിലായി. ഇതിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ കൂതംപ്പട്ടിയിലേക്ക് താമസം മാറിയത്. അമ്മയുടെ ചിതയടങ്ങി, പക്ഷേ മോഹന്‍ രാജിന്റെയും വേല്‍മുരുകന്റെയും മനസ് ചുട്ടുപൊള്ളുകയാണ്. സ്വന്തമായി ജോലിചെയ്ത് അനിയത്തിയെയും അനിയനെയും പഠിപ്പിക്കുമെന്നാണ് മോഹന്‍ പറയുന്നത്. കുടുംബം പോറ്റാന്‍ കഠിനാധ്വാനം ചെയ്തിരുന്ന അമ്മ തങ്ങളെ വിട്ടുപോകുമെന്ന് ആ മക്കള്‍ കരുതിക്കാണില്ല. ജീവിതത്തിന്‍റെ വെയിലത്ത് അവരിപ്പോള്‍ ഒറ്റയ്ക്കാണ്. 

MORE IN INDIA
SHOW MORE