കോണ്‍ഗ്രസ് ബന്ധം: സമ്മർദ തന്ത്രവുമായി യച്ചൂരി

yechuri-karatt
SHARE

കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ വോട്ടെടുപ്പ് ഒഴിവാക്കാൻ സമ്മർദ തന്ത്രവുമായി സീതാറാം യച്ചൂരി. തന്റെ രേഖ വോട്ടിനിട്ട് തള്ളിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് യച്ചൂരി പിബിയെ അറിയിച്ചു. രണ്ട് രേഖയും പാർട്ടി കോൺഗ്രസിനു വിടണമെന്ന യച്ചൂരിയുടെ ആവശ്യം പിബി തള്ളി. കേന്ദ്ര കമ്മിറ്റിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 

കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ മുൻതൂക്കം ലഭിച്ചത്. സി സി ചർച്ചയ്ക്ക് മറുപടി തയ്യാറാക്കാൻ ചേർന്ന പൊളിറ്റ് ബ്യൂറോയിലാണ് തന്റെ രേഖ വോട്ടിനിട്ട് തള്ളിയാലുണ്ടാകാവുന്ന പ്രതിസന്ധി യച്ചൂരി മുന്നോട്ടുവെച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് യച്ചൂരി പറഞ്ഞെങ്കിലും അത്തരം സാഹചര്യമുണ്ടാകില്ലെന്ന് പി ബിയിലെ ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കി. 

രണ്ട് രേഖകൾ പാർട്ടി കോൺഗ്രസിന് അയയ്ക്കാമെന്ന യച്ചൂരി നിർദേശിച്ചു. അത്തരമൊരു കീഴ് വഴക്കമില്ലെന്നായിരുന്നു ബി വി രാഘവലുവിന്റെ മറുവാദം. കേന്ദ്ര കമ്മിറ്റിയിൽ 31 പേർ കാരാട്ടിനെ പിന്തുണച്ചു.26 പേർ യച്ചൂരിയെയും. ആറു പേർ സമവായം വേണമെന്ന നിലപാടെടുത്തു. യച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളാനാണ് സാധ്യത. അങ്ങിനെയെങ്കിൽ തന്റെ നിലപാട് ഭേദഗതി നിർദ്ദേശമായി പാർട്ടി കോൺഗ്രസിൽ കൊണ്ടുവരാനാണ് യച്ചൂരിയുടെ നീക്കം

MORE IN INDIA
SHOW MORE