കേന്ദ്ര ബജറ്റിൽ കണ്ണുംനട്ട്

Thumb Image
SHARE

നരേന്ദ്ര മോദി സര്‍ക്കാരിനു അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുന്‍പ് ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനുള്ള പ്രകടനപത്രികയാവും ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ജി.എസ്.ടി. നടപ്പാക്കിയശേഷമുള്ള ആദ്യ ബജറ്റില്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജക നടപടികളുണ്ടായേക്കും. മുഴുവന്‍ ജനങ്ങള്‍ക്കും മൂന്നുമുതല്‍ അഞ്ചുലക്ഷംരൂപവരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചേക്കും.

2017 -ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശും മഹാരാഷ്ട്രയും അടക്കം കര്‍ഷക ആത്മഹത്യകളും പ്രതിഷേധങ്ങളും കണ്ട വര്‍ഷം. തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം രാജ്യാന്തരതലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. പ്രധാന വോട്ടുബാങ്കായ കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പാക്കേജുകള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്ന പ്രഖ്യാപനമുണ്ടാകാന്‍ സാധ്യത വിരളമാണ്. എന്നാല്‍ ഒരുലക്ഷമോ മൂന്നുലക്ഷമോവരെയുള്ള കാര്‍ഷികവായ്പയുടെ നിശ്ചിതശതമാനം സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന രീതിയിലുള്ള പ്രഖ്യാപനമുണ്ടായേക്കും. ഇതിന്‍റെ ബാധ്യത കേന്ദ്രംവഹിക്കുമോ അതോ സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദേശമുണ്ടാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. 

പത്തുലക്ഷംകോടിരൂപയുടെ കാര്‍ഷികവായ്പ നല്‍കുമെന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞതവണത്തെ ബജറ്റിലെ ഹൈലൈറ്റ്. ഇത്തവണത്തേത് ഒരു രാഷ്ട്രീയ, തിരഞ്ഞെടുപ്പ് ബജറ്റാകുമെന്ന് ഉറപ്പ്. വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളായി എണ്ണിപ്പറയാന്‍ ബി.െജ.പിക്കും എന്‍.ഡി.എക്കും കഴിയുന്ന തരത്തിലുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ടാകും. 

MORE IN INDIA
SHOW MORE