അന്ന് കല്ലെറിഞ്ഞവള്‍; ഇന്ന് കശ്മീരിന്‍റെ ഗോള്‍വല കാക്കുന്നവള്‍..!

afsha1
SHARE

ഇന്ത്യയുടെ ഇനിയുമുണങ്ങാത്ത മുറിവാണ് കശ്മീര്‍. സംഘര്‍ഷങ്ങളുടെ അശാന്തയില്‍ പുകയുന്ന താഴ്‌വാരം. മായാത്ത ചോരപ്പാടുകള്‍. മാറ്റത്തിനായുള്ള, സമാധാനത്തിനായുള്ള ചില ചുവടുവെയ്പ്പുകള്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കല്ലേറുകേസുകളില്‍പ്പെട്ട യുവാക്കളെ നിയമക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാനുള്ള നീക്കം അതിന്‍റെ ഭാഗമായാണ്.

ഇവള്‍ അഫ്ഷാന്‍ ആഷിഖ്. വയസ് 21. ജമ്മുകശ്മീരിന്‍റെ ആദ്യ വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍. അശാന്തമായ താഴ്‌വാരയിലെ കലങ്ങിമറിഞ്ഞ യൗവനങ്ങളുടെ പ്രതീകമായിരുന്നു അഫ്ഷാന്‍ കുറച്ച് നാള്‍ മുന്‍പ്. കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞ വിദ്യാര്‍ഥികളുടെ മുന്‍നിരയില്‍ നീലക്കുപ്പായം ധരിച്ച് മുഖം മറച്ച് നിന്നിരുന്ന അഫ്ഷാന്‍റെ ചിത്രം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള കല്ലേറ് കശ്മിരില്‍ ഏറെക്കുറെ പതിവാണ്. ഏപ്രില്‍ 15 ന്. അന്നേ ദിവസം താഴ്‌വരയില്‍  ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അഫ്ഷാന്‍റെ ചിത്രമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞത്. യുവ ഫുട്ബോള്‍ താരം കല്ലേറിന് നേതൃത്വം നല്‍കുന്നുവെന്ന അടിക്കുറുപ്പോടെ. 

പ്രതിഷേധിക്കാനറിയാം, കളിക്കാനും

കൈവിട്ടുപോയ കല്ലിനൊപ്പം കൈവിടാന്‍ തുടങ്ങിയ ജീവിതത്തെ പിന്നീട് അഫ്ഷാന്‍ തിരിച്ചുപിടിച്ചു. കളിക്കളത്തിലേക്ക് മടങ്ങിയെത്തി. അന്നത്തെ പ്രതിഷേധത്തിന്‍റെ പ്രതീകം ഇന്ന് പ്രത്യാശയുടേതാണ്. കശ്മീരിലെ കലഹിക്കുന്ന യൗവനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെ പ്രതീകം. അന്ന് കല്ലെറിഞ്ഞ അതേ കൈകള്‍കൊണ്ട് അഫ്ഷാന്‍ കശ്മീരിന്‍റെ ഗോള്‍വല കാക്കുന്നു. അഫ്ഷാനും കൂട്ടുകാരികളും ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങിനെ കണ്ടു. ഒരു പിന്തുണയും കിട്ടാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും മൈതാനത്ത് മടങ്ങിയെത്തിയതിന്‍റെ കഥകള്‍ പറഞ്ഞു. 

കശ്മീരിലെ കായികരംഗം അനുഭവിക്കുന്ന പരാധീനതകള്‍ പങ്കുവെച്ചു. താഴ്‌വരയിലെ സംഘര്‍ഷങ്ങളുടെ കനലുകള്‍ കെടുത്താന്‍ കായികരംഗത്തിന് കഴിയുമെന്ന് തിരിച്ചറിഞ്ഞ രാജ്്നാഥ് സിങ് താരങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കിക്കൊടുക്കാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് നിര്‍ദേശിച്ചു. പിരിയാന്‍ നേരം അഫ്ഷാന്‍ പറഞ്ഞു. ജീവിതത്തെ നേട്ടങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തണം. മുറിവുകള്‍ ഉണക്കണം. ജമ്മുകശ്മീരിനും അതിലേറെ ഇന്ത്യയ്ക്കും പേരും പുകളും നല്‍കുന്ന വ്യക്തിയായി മാറണം.

താഴ്‌വരയിലെ ഇനിയും ഉണങ്ങാത്ത ചോരപ്പാടുകള്‍ക്കു മേല്‍ പ്രതീക്ഷകളുടെ മഴവില്ലു വിരിയാന്‍ തുടങ്ങിയിട്ടുണ്ട്. ജമ്മുകശ്മീര്‍ പൊലീസ് തന്‍റെ ടീം അംഗങ്ങളോട് അപമര്യാദയായി പെരുമാറിയപ്പോഴാണ് പ്രതിഷേധിക്കാന്‍ കല്ലെടുത്തതെന്ന് അഫ്ഷാന്‍ പറയുന്നു. ഏതായാലും, കല്ലേറുകൊണ്ട് ജീവിതത്തിലുണ്ടായ കുപ്രസിദ്ധി അഫ്ഷാന്‍ കളിമികവിലൂടെ മായ്ച്ചുകളഞ്ഞു. കശ്മീരിന്‍റെ കലങ്ങിമറിയലുകള്‍ക്ക് സാക്ഷിയായ ഝലം നദിയുടെ കരയില്‍വെച്ച് മുഖ്യമന്ത്രിയോട് ക്ഷമചോദിച്ചു. 

കശ്മീരിലെ പുതിയമാറ്റങ്ങളുടെ മുഖമാണ് അഫ്ഷാന്‍. 2016 ജൂലൈ 8ന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതോടെയാണ് കശ്മീര്‍ കത്തിയമരാന്‍ തുടങ്ങിയത്. പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ സര്‍ക്കാരിനായില്ല. വിഘടനവാദം ഏറ്റവും ശക്തമായ തൊണ്ണൂറുകളിലെ ഭീതിതമായ അവസ്ഥ. കല്ലുകളുമായി യുവാക്കള്‍ തെരുവില്‍. നിശാനിയമത്തിന്‍റെ ഇരുട്ടറയില്‍ രാപകലുകള്‍. സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പെല്ലറ്റ് തോക്കുകൊണ്ട് ആഴത്തില്‍ കീറിമുറിഞ്ഞ മുഖങ്ങളും ശരീരങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ, കശ്മീരിന്‍റെ നിലനില്‍പ്പിന് നേരെ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടിരുന്നു. ഉരുക്കുമുഷ്ടിക്കൊണ്ട് നേരിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഭരണകൂടം  പഴയ പോംവഴിയിലേക്ക് തിരിച്ചുപോയി. ഇന്‍സാനിയത്ത്! ജമൂറിയത്ത്! മനുഷ്യത്വം! ജനാധിപത്യം!

സര്‍ക്കാരിന്‍റെ ഉറപ്പുകള്‍

കല്ലേറില്‍ ഉള്‍പ്പെട്ട യുവാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 744 കേസുകളില്‍ ഉള്‍പ്പെട്ട 4327 യുവാക്കള്‍ക്കാണ് നിയമനടപടികളുടെ നൂലമാലകളില്‍ നിന്ന് തടവറകളില്‍ നിന്ന്  മോചനം കിട്ടുക. സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015 മുതല്‍ 2017വരെയുള്ള കേസുകളാണ് പരിഗണിച്ചത്. കല്ലേറ് കേസുകളില്‍ ആദ്യമായി ഉള്‍പ്പെടുന്നവര്‍ക്കാണ് ഇളവില്‍ മുന്‍ഗണന നല്‍കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മ്മയുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ താഴ്‌വരയില്‍ല്‍ ശാന്തിയുടെ ദിനങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ മെഹ്ബൂബ തുടങ്ങിക്കഴിഞ്ഞു.  

2008 മുതല്‍ 2014 വരെ യുവാക്കള്‍ക്കെടുത്ത കേസുകള്‍ പുന:പരിശോധിക്കാനും മെഹ്ബൂബ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.  അപായസാധ്യതകളുണ്ടെങ്കിലും സമാധാനം പുനസ്ഥാപിക്കാന്‍ കേസുകള്‍ പിന്‍വലിക്കേണ്ടതുണ്ടെന്ന് ഭരണകക്ഷിയായ ബിജെപിയും സമ്മതിക്കുന്നു. കളിക്കളങ്ങളും ക്യാംപസുകളും സജീവമാക്കി നല്ല നാളെകള്‍ക്കുള്ള ഒരുക്കങ്ങള്‍ . വെടിവെയ്പ്പും ഭീകാരാക്രമണങ്ങളുമല്ലാതെ കശ്മീരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ക്കായി കാതോര്‍ക്കാം.  ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണം അര്‍ഥവത്താകും വിധം കശ്മീര്‍ താഴ്‌വാരത്തിൽ ശാന്തിയും സമാധാനവും പുലരട്ടെയെന്ന് പ്രത്യാശിക്കാം. 

MORE IN INDIA
SHOW MORE