ജീവിതം തന്നെ പാഠം, ഊര്‍ജദായകം ഈ നേതൃപാടവം

Sonia_Chennithala
SHARE

 

രാജീവിനും സോണിയയ്ക്കുമൊപ്പം നാലുപതിറ്റാണ്ടോളം സഞ്ചരിച്ച അനുഭവസമ്പന്നതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതുന്നു, ജീവിതം തന്നെ പാഠപുസ്തകമാക്കിയ സോണിയ ഗാന്ധി എന്ന രാഷ്ട്രീയത്തിലെ അപൂര്‍വ്വ സാനിധ്യത്തെക്കുറിച്ച് 

Sonia_Gandhi's_visit_to_Koc

നെഹ്‌റു കുടംബത്തിലെ നാല് തലമുറകളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍  കഴിഞ്ഞുവെന്നത്   ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. ഭാരതം ലോകത്തിലെ ഏറ്റവും മഹത്തായ രാഷ്ട്രമായി മാറിയതിന് പിന്നില്‍ നെഹ്‌റുകുടംബത്തിന്റെ ശക്തവും ത്യാഗ നിര്‍ഭരവുമായ നേതൃത്വമായിരുന്നുവെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തും സ്വാതന്ത്രത്തിന് ശേഷവും  ഇന്ത്യന്‍ ജനതയെ മുന്നില്‍ നിന്ന് നയിക്കുകയും അവരുടെ ഉന്നമനത്തിനായി സര്‍വ്വതും സമര്‍പ്പിക്കുകയും ചെയ്ത നെഹ്‌റുകുടംബത്തെ എന്നും, എക്കാലത്തും  നമ്മുടെ ജനങ്ങള്‍ നെഞ്ചിലേറ്റിയിരുന്നു.

1983ല്‍  എന്നെ എന്‍എസ്‌‌യു പ്രസിഡന്റാക്കിയതും 1990 ല്‍ എന്നെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതും രാജീവ് ഗാന്ധിയാണ്. എന്നോട് വളരെയധികം സ്‌നേഹവും താല്‍പര്യവും അദ്ദേഹം  പുലര്‍ത്തിയിരുന്നു.  രാജീവ് ഗാന്ധിയുമായി ഏറെ അടുപ്പമുള്ളയാള്‍ എന്ന പരിഗണന സോണിയാജി എനിക്കെന്നും നല്‍കി. രാജീവ്ജിയുടെ ദാരുണമായ വധത്തിന് ശേഷം ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ നിന്ന് അദ്ദേഹം ജീവനറ്റു വീണ ശ്രീപെരുമ്പത്തൂരിലേക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ എന്റെ നേതൃത്വത്തില്‍  ഒരു യാത്ര നടത്തിയിരുന്നു. അന്ന് കോട്ടയം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനീധീകരിക്കുന്ന അംഗം കൂടിയായിരുന്നു ഞാന്‍. യാത്ര തുടങ്ങും മുമ്പ് സോണിയാജിയെ സന്ദര്‍ശിച്ച് ഞാന്‍ യാത്രക്കുള്ള അനുവാദം  ചോദിക്കുകയും അവര്‍ അനുമതി നല്‍കുകയും ചെയ്്തു.   യാത്രക്കിടയില്‍ ഹൈദരാബാദില്‍ വച്ച് സോണിയാജി ഞങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കി.  അന്ന്  ആ  സന്ദേശം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ ആവേശവും ഉല്‍സാഹവും പറഞ്ഞറിയാക്കാന്‍ കഴിയാത്തതായിരുന്നു. ദേശീയ മാധ്യമങ്ങളൊക്കെ അന്ന് വലിയ പ്രാധാന്യമാണ് അതിന് നല്‍കിയത്. അന്ന് ആദ്യമായി ആയിരുന്നു  സോണിയാജി  ഒരു കോണ്‍ഗ്രസ് പരിപാടിക്ക്  അത്തരത്തിലൊരു സന്ദേശം നല്‍കുന്നത്.

കോണ്‍ഗ്രസ്  വലിയൊരു  പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് 1998ല്‍ അവര്‍ പാര്‍ട്ടിയുടെ സാരഥ്യമേറ്റെടുക്കുന്നത്. ഞാനടക്കമുള്ള നിരവധി   നേതാക്കള്‍ സോണിയാജിയെ കാണുകയും നേതൃത്വം ഏറ്റെടുക്കണമെന്ന് പലതവണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. രാഷ്ട്രം ഒരു ചുമതല ഏല്‍പ്പിക്കുമ്പോള്‍ അതിനെതിരെ പുറംതിരഞ്ഞ് നില്‍ക്കുന്ന നിലപാട് ഒരിക്കലും നെഹ്‌റു കുടംബത്തില്‍ നിന്നുണ്ടാകില്ല. പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റു മുതല്‍  രാഹുല്‍ ഗാന്ധിവരെയുള്ളവരെല്ലാം രാഷ്ട്രം ആവിശ്യപ്പെട്ടപ്പോഴൊക്കെ മുന്നോട്ട് വന്ന് ജനങ്ങളെ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ്. സോണിയാജിയും ആ  പാരമ്പര്യത്തില്‍ നിന്നുമാറിയില്ല.  

Congress_leaders_in_a_march

1998 മുതല്‍ പത്തൊന്‍പത് വര്‍ഷം ലോകത്തിലെ ഏറ്റവും പഴക്കമുളള, വലിയ ജനാധിപത്യ പ്രസ്ഥാനത്തെ അവര്‍ നയിച്ചു. താലത്തില്‍ വച്ചു നീട്ടിയ പ്രധാനമന്ത്രി സ്ഥാനം തിരസ്‌കരിച്ചു കൊണ്ട് ജനപക്ഷത്ത് നിന്ന് രണ്ട് യുപിഎ സര്‍ക്കാരുകള്‍ക്ക്  ദിശാബോധവും നേതൃത്വവും നല്‍കി.  ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്കെത്തിച്ചു.

എഐസിസി സെക്രട്ടറിയെന്ന നിലയില്‍ എട്ടുവര്‍ഷം സോണിയാജിക്ക്  കീഴില്‍ ഞാന്‍  പ്രവര്‍ത്തിച്ചു. ഏഴ് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതല അവര്‍ എനിക്ക് നല്‍കിയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് , കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ വലിയ സംസ്ഥാനങ്ങളുടെ ചുമതലയും അവര്‍  എന്നെ  ഏല്‍പ്പിച്ചു. അതോടൊപ്പം തന്നെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് എന്നെ നിയോഗിക്കുകയും ചെയ്തു. സോണിയാജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് തന്നെ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നു.  ഏറ്റവും പക്വമായ രാഷ്ട്രീയ തിരുമാനങ്ങള്‍ എടുക്കാന്‍ അപാരമായ കഴിവ് സോണിയാജിക്കുണ്ടായിരുന്നു.  മാത്രമല്ല വളരെ വേഗത്തില്‍ തിരുമാനങ്ങളെടുക്കുന്ന അധ്യക്ഷയുമായിരുന്നു അവര്‍. തന്ത്രപ്രധാനമായ നിരവധി ചുമതലകള്‍  അവര്‍ എന്നെ ഏല്‍പ്പിച്ചു.   മധ്യപ്രദേശിലെ രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കും  ഗോവയിലെ മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കും  അവരുടെ നിര്‍ദേശ പ്രകാരം ഞാന്‍ നേതൃത്വം കൊടുത്തു. 

Sonia_Gandhi-n

മധ്യപ്രദേശില്‍ 1998 ല്‍ ദിഗ്‌‌വിവിജയ് സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് വളരെ അഭിമാനത്തോടെ ഞാന്‍ ഓര്‍മിക്കുന്നു.  കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് കെ കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍  പാര്‍ട്ടി വിട്ടുപോവുകയും കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയും   ചെയ്‌തപ്പോഴാണ് സോണിയാജി  കെപിസിസി  പ്രസിഡന്റായി എന്നെ നിയോഗിച്ചത്.   2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ  വിജയം നേടാന്‍ കഴിഞ്ഞു. പാര്‍ലമെന്റിലേക്ക് മല്‍സരിക്കണമെന്ന് സോണിയാജി  ആവിശ്യപ്പെട്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍  തുടര്‍ന്ന്  പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി.  പിന്നീട് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന സോണിയാജിയുടെ  നിര്‍ദേശം ശിരസാവഹിച്ചു.  കഴിഞ്ഞ സര്‍ക്കാരില്‍ ഞാന്‍ ആഭ്യന്തര   വകുപ്പിന്റെ ചുമതലയേല്‍ക്കണമെന്നതും സോണിയാജിയുടെ  താല്‍പര്യമായിരുന്നു.

കോണ്‍ഗ്രസിന്റെ  പ്രതിസന്ധി ഘട്ടത്തില്‍ കാലവും ചരിത്രവും ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുകയും രണ്ട് യുപിഎ സര്‍ക്കാരുകളുടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിലുളള  പ്രേരക ശക്തിയായി വര്‍ത്തിക്കുകയും,  മതേതര- ജനാധിപത്യചേരിക്ക് ശക്തമായ നേതൃത്വം നല്‍കുകയും ചെയ്ത സോണിയാജി  ഇന്നും എന്നും ഇന്ത്യയെയും കോണ്‍ഗ്രസിനെയും മുന്നോട്ട് നയിക്കുന്ന ചാലക  ചൈതന്യമാണ്.  അഭിമാനത്തോടെ മാത്രമേ അവര്‍ക്കൊപ്പമുള്ള കാലവും അനുഭവങ്ങളും ഓര്‍ക്കാനാകൂ. 

MORE IN BREAKING NEWS
SHOW MORE