പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി

Thumb Image
SHARE

ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ രാജ്യസഭാ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് തുടക്കം. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്ക് രാജ്യസഭ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

21 ദിവസം നീളുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് പ്രതിപക്ഷപ്രതിഷേധത്തോടെയാണ് തുടക്കമായത്. ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ അയോഗ്യരാക്കിയെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായ്്ഡു അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. നടപടി ഏകാധിപത്യപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 

തുടര്‍ന്ന് രണ്ടുതവണ രാജ്യസഭ നിര്‍ത്തിവച്ചു. അതേസമയം,. മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം പിന്‍വലിച്ച് മോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ.ഐ.എ.ഡി.എം.കെയും വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സി.പി.എം എം.പി കെ.കെ രാഗേഷും ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത് ഷാ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

MORE IN INDIA
SHOW MORE