രഹസ്യ ചർച്ച: മോദിയുടെ വാദം നിഷേധിച്ച് മുന്‍ അംബാസിഡര്‍

Thumb Image
SHARE

മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്നിനിടെ പാക്കിസ്ഥാന്‍ പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം നിഷേധിച്ച് മുന്‍ അംബാസിഡര്‍ എം.കെ.ഭദ്രകുമാര്‍. താന്‍കൂടി പങ്കെടുത്ത വിരുന്നിനിടെ ഒരിക്കലും അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് ഒരു ഇംഗ്ളീഷ് വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ ഭദ്രകുമാര്‍ വ്യക്തമാക്കി. അതേസമയം, നരേന്ദ്രമോദിയുടെ വാദങ്ങള്‍ വിചിത്രവും അടിസ്ഥാന രഹിതവുമാണെന്ന് വിരുന്നില്‍ പങ്കെടുത്ത മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി പ്രതികരിച്ചു.

ഈ മാസം ആറിന് മണിശങ്കര്‍ അയ്യറുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന വിരുന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ചില കോണ്‍ഗ്രസ് നേതാക്കള്‍, പാക് ഹൈക്കമ്മീഷണര്‍, മുന്‍ പാക് വിദേശകാര്യമന്ത്രി എന്നിവര്‍ പങ്കെടുത്തിരുന്നു. അതിന് അടുത്തദിവസമാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചനെന്നു വിളിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്ത് തിരഞ്ഞടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നതായും കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കള്‍ പാക്കിസ്ഥാനിലെത്തി രാഷ്ട്രീയനേതാക്കളെ കണ്ടിരുന്നുവെന്നും മോദി ആരോപിച്ചു. എന്നാല്‍ , പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് അന്ന് വിരുന്നില്‍ പങ്കെടുത്ത എം.കെ.ഭദ്രകുമാര്‍ വ്യക്തമാക്കുന്നത്. മണിശങ്കര്‍ അയ്യരുടെ സുഹൃത്തായ മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ ബഹുമാനാര്‍ഥമാണ് വിരുന്ന് നടത്തിയത്.

മൂന്നുമണിക്കൂറില്‍ താഴെ മാത്രം നീണ്ടുനിന്ന വിരുന്ന് തികച്ചും സൗഹാര്‍ദപരം മാത്രമായിരുന്നുവെന്നും രഹസ്യസ്വഭാവമുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഭദ്രകുമാര്‍ ലേഖനത്തില്‍ പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരാള്‍ പോലും ചര്‍ച്ചചെയ്തില്ല എന്നിരിക്കെ മോദിയുടെ വാദങ്ങള്‍ വിചിത്രവും വേദനയുളവാക്കുന്നതും ഞെട്ടിക്കുന്നതുമാണ്. രാജ്യതാല്‍പര്യങ്ങളെ ഹനിക്കുന്നതൊന്നും അവിടെ സംഭവിച്ചില്ലെന്നും ഭദ്രകുമാര്‍ ലേഖനത്തില്‍ വ്യക്തമാക്കി. അതേസമയം, ഇത്തരം സംഭവങ്ങളില്‍ പാക് ബന്ധം ആരോപിച്ച് വോട്ടുതേടാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്ന് ഖുര്‍ഷിദ് മുഹമ്മദ് കസൂരി പ്രതികരിച്ചു. നേരത്ത, പലതവണ ഇന്ത്യയുടെ രഹസ്യാന്വേഷണ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെയും ഗൂഡാലോചന നടന്നുവെന്ന് അതിന് അര്‍ഥമുണ്ടോയെന്നും കസൂരി പാക് മാധ്യമത്തിനനുവദിച്ച അഭിമുഖത്തിനിടെ ചോദിച്ചു. 

MORE IN INDIA
SHOW MORE