കല്‍ക്കരിപ്പാടം അഴിമതിക്കേസ്; മധു കോഡ ഉള്‍പ്പെടെ നാലു പേര്‍ കുറ്റക്കാരെന്ന് വിധി

Thumb Image
SHARE

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പെടെ നാലു പേര്‍ കുറ്റക്കാരെന്ന് ഡല്‍ഹി സിബിഐ പ്രത്യേക കോടതി വിധി. അമര്‍കോണ്ട മുര്‍ഗോഡല്‍ കല്‍ക്കരി ഖനി ഇടപാടില്‍ മുന്നൂറ്റിഎണ്‍പത് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് വിധി. നാളെ വാദം കേട്ടശേഷം ശിക്ഷാവിധി പ്രസ്താവിക്കും. 

രണ്ടായിരത്തിഏഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായ വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന കന്പനിക്ക് രാജ്്ഹാര കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു, കല്‍ക്കരിമന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്ത എന്നിവരും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, സര്‍ക്കാര്‍ സര്‍വീസിലെ വിശ്വാസലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അഴിമതിനിരോധനനിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എട്ടുപ്രതികളായിരുന്നു സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. സ്വകാര്യ കന്പനിയുടെ ഡയറക്ടര്‍, രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എന്നീ നാലു പേരെ പ്രത്യക കോടതി ജഡ്ജി ഭാരത് പരാഷര്‍ വെറുതെ വിട്ടു.

2007 ജനുവരിയില്‍ കല്‍ക്കരിപ്പാടം ലേലത്തില്‍ വാങ്ങാന്‍ സ്വകാര്യകന്പനി അപേക്ഷ നല്‍കിയെങ്കിലും ജാര്‍ഖണ്ഡ് സര്‍ക്കാരും കേന്ദ്രസ്റ്റീല്‍മന്ത്രാലയവും ഇത് പരിഗണിച്ചിരുന്നില്ല. എന്നാല്‍ കല്‍ക്കരിമന്ത്രാലയ സെക്രട്ടറി എച്ച്.സി ഗുപ്ത അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി ഈ കന്പനിക്ക് കല്‍ക്കരിപ്പാടം ഏറ്റെടുക്കാന്‍ അനുമതി നല്‍കി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ മന്‍മോഹന്‍ സിങ്ങിന്‍റെ നിര്‍ദേശങ്ങള്‍ മറച്ചുവച്ചാണ് കന്പനിക്ക് അനുമതി നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തി. മധു കോഡയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നതായും സിബിഐ 2015 ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 

MORE IN INDIA
SHOW MORE