യശ്വന്ത് സിൻഹക്കൊപ്പം പടനയിക്കാന്‍ നാനാപഠോളും... ബിജെപിയെ കാത്തിരിക്കുന്നതെന്ത്...?

sinha-and-nanapadol
SHARE

യശ്വന്ത് സിൻഹയെന്ന മുതിർന്ന ബിജെപിനേതാവ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന അഭിപ്രായപ്രകടനവും പ്രവർത്തനങ്ങളുമായി വാർത്തകളിൽ നിറയുകയാണ്. കേന്ദ്രസർക്കാരിൻറെ നോട്ട് നിരോധനവും ജിഎസ്ടിയും ഉൾപ്പെടെയുള്ള സാമ്പത്തികപരിഷ്കരണങ്ങളെക്കുറിച്ച് പ്രതിപക്ഷത്തുനിന്നല്ലാതെ സ്വന്തംപാളയത്തിൽനിന്ന് ബിജെപിക്കെതിരെ ആദ്യം വിമർശനമുന്നയിച്ചത് യശ്വന്ത് സിൻഹ. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കർഷകർ തെരുവിലിറങ്ങിയപ്പോൾ ബിജെപി സർക്കാരുകളെ കുരുക്കിലാക്കി കർഷകര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയത് യശ്വന്ത്സിൻഹ. സൊറാബുദീൻ വ്യാജ ഏറ്റുമുട്ടൽ വധക്കേസിൽ അമിത്ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് നിലപാടെടുത്തതും യശ്വന്ത്സിൻഹ. 

ഒടുവിൽ, മഹാരാഷ്ട്ര അകോളയിൽ പരുത്തി-സൊയാബീന്‍ കർഷകർ അന്തകവിത്തുകൾക്കെതിരെ സമരത്തിനിറങ്ങിയപ്പോൾ ഫഡ്നാവിസ് സർക്കാരിനെതിരെ പടനയിച്ചതും യശ്വന്ത് സിൻഹ. അവസാനംപറഞ്ഞ കർഷകസമരത്തിന് പ്രഖ്യാപനംനടത്തിയ ബിജെപി എംപി നാനാ പഠോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പാർട്ടിവിട്ടു. ഇരുവരുംചേർന്നുള്ള കർഷകസമരത്തിനുശേഷമാണ് പൊടുന്നനെയുള്ള രാജി പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.  

സിൻഹയും ബിജെപിയും 

മുൻ എൻഡിഎ സർക്കാരിന്‍റെ കാലത്ത് വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു യശ്വന്ത് സിൻഹ. ധനകാര്യവകുപ്പും പിന്നീട് വിദേശകാര്യവകപ്പും കൈകാര്യംചെയ്ത കേന്ദ്രമന്ത്രി. എന്നാൽ, കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റശേഷം പാർട്ടിക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് പലപ്പോഴും യശ്വന്ത് സിൻഹ ചെയ്തത്.  

ഇങ്ങനെ നിലപാടുകൾകൊണ്ട് പാർട്ടിക്കുള്ളിൽ തലവേദന സൃഷ്ടിക്കുന്ന യശ്വന്ത് സിൻഹ മഹാരാഷ്ട്ര ഭരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെതിരെ കഴിഞ്ഞദിവസമാണ് പ്രത്യക്ഷസമരത്തിനിറങ്ങിയത്. ബിടി പരുത്തി കമ്പനികൾക്കെതിരെയായിരുന്നു സമരം. കലക്ട്രേറ്റിന് മുന്നില്‍പ്രക്ഷോഭം നയിച്ച സിൻഹയെയും കർഷകരേയും, പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് വിട്ടയച്ചെങ്കിലും, അകോള സ്റ്റേഷന് സമീപമുള്ള മൈതാനത്ത് ഒന്നരദിവസം സമരംതുടര്‍ന്നു. കർഷകരെ കൂടെക്കൂട്ടി ബിജെപി സർക്കാരിനെതിരെ സമരംചെയ്യുന്ന യശ്വന്ത് സിൻഹയ്ക്ക് മമതാ ബാനർജിയും അരവിന്ദ് കെജ്രിവാളും പിന്തുണയറിയിച്ചു. 

പട്ടോളും ബിജെപിയും

അകോളയിലെ കർഷകപ്രക്ഷോഭം പ്രഖ്യാപിച്ചത് നാനാ പട്ടോൾ എംപിയായിരുന്നു. പിന്നീട് സമരംനയിച്ചത് യശ്വന്ത് സിൻഹയും. ഇരുവരുടേയും പൂർണമായ പിന്തുണയോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. 2008ൽ കോൺഗ്രസിൽനിന്ന് രാജിവച്ചാണ് 2014ല്‍ ബിജപിയിലെത്തിയ പഠോൾ, ഭണ്ഡാരെ-ഗോണ്ഡിയ മണ്ഡലത്തിൽനിന്ന് എൻസിപി നേതാവ് പ്രഫുൽപട്ടേലിനെ ഒന്നരലക്ഷത്തോളം വോട്ടിന് പരാജയപ്പെടുത്തി ലോക്സഭയിലെത്തി. ലോക്സഭാ തിരഞ്ഞടുപ്പിന് തൊട്ടുമുൻപ് ബിജെപിയിലെത്തിയ അദ്ദേഹം, നരേന്ദ്രമോദിക്കെതിരെ നേരത്തയും വിമർശനമുന്നയിച്ച് ശ്രദ്ധനേടിയിട്ടുള്ള പാർട്ടിനേതാവാണ്. കൃഷി, തൊഴിലില്ലായ്മ തുടങ്ങി പതിനാല് വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചെങ്കിലും അതെല്ലാം അവഗണിച്ചതായി ആരോപിച്ചാണ് അദ്ദേഹം ഒടുവിൽ രാജിപ്രഖ്യാപിച്ചത്. അതും ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പിന് തൊട്ടുതലേദിവസംതന്നെ. 

എന്തായാലും, കേന്ദ്രസർക്കാരിനെതിരേയും ബിജെപിക്കെതിരെയും നിലപാട് കടുപ്പിക്കുന്ന യശ്വന്ത് സിൻഹയ്ക്ക് നാനാപഠോളിന്‍റെ രാജിയില്‍ എന്തെങ്കിലും സ്വാധീനമുണ്ടാകുമോയെന്നാണ് സ്വാഭാവികമായും സംശയമുയരുന്നത്. ഈ സംശയങ്ങൾക്ക് ഉത്തരമാകണമെങ്കിൽ ഇരുവരുടേയും പ്രത്യേകിച്ച് സിൻഹയുടെ അടുത്തനീക്കം വ്യക്തമാകണം.

MORE IN INDIA
SHOW MORE