ബിജെപിയെ വെട്ടിലാക്കി യശ്വന്ത് സിൻഹയുടെ കർഷകസമരം

Thumb Image
SHARE

ബിജെപിയെ വെട്ടിലാക്കി പാർട്ടിയിലെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ കർഷകസമരം. മഹാരാഷ്ട്ര അകോളയില്‍നടന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്ത സിൻഹയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെങ്കിലും, പരിഹാരംകാണാതെ സമരം അസാനിപ്പിക്കില്ലെന്ന നിലപാടിലാണദ്ദേഹം. അതേസമയം, സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തിയിട്ടുണ്ട് 

മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപിസർക്കാർ അവഗണിക്കുന്നതായി ആരോപിച്ചാണ് പരുത്തി, സൊയാബീൻ കർഷകർ കഴിഞ്ഞദിവസം അകോളയിൽ സമരംനടത്തിയത്. ബിടി പരുത്തി കമ്പനികൾക്കെതിരെയായിരുന്നു സമരം. സമരത്തിന് നേതൃത്വംനൽകിയതാകട്ടെ മുൻ എൻഡിഎ സർക്കാരിൽ ധനകാര്യമന്ത്രി കൂടിയായിരുന്ന മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. കലക്ട്രേറ്റിന് മുന്നില്‍പ്രക്ഷോഭം നയിച്ച സിൻഹയെയും കർഷകരേയും, പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് വിട്ടയച്ചെങ്കിലും സമരംതുടരാനാണ് അദ്ദേഹത്തിൻറെ തീരുമാനം. അകോള സ്റ്റേഷന് സമീപമുള്ള മൈതാനത്താണ് ഇപ്പോഴത്തെ സമരം. വിദർഭയിലെ കർഷകപ്രശ്നങ്ങളോട് മുഖംതിരിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരെന്ന് സിൻഹ ആരോപിക്കുന്നു. 

ഒപ്പം, അന്തകവിത്തുകൾ വിതരണംചെയ്യുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ പിൻമാറില്ലും സിൻഹ പറയുന്നു. ഇതിനിടെയാണ് കർഷകരെ കൂടെക്കൂട്ടി ബിജെപി സർക്കാരിനെതിരെ സമരംചെയ്യുന്ന യശ്വന്ത് സിൻഹയ്ക്ക് മമതാ ബാനർജിയും, അരവിന്ദ് കെജ്രിവാളും പിന്തുണയറിയിച്ചത്. തൃണമൂൽ എംപി ദിനേശ് ത്രിവേദി യശ്വന്ത്സിൻഹയെ സന്ദർശിച്ചു. എന്നാൽ, സമരത്തെക്കുറിച്ച് ബിജെപി നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE