പള്ളിപൊളിക്കുമ്പോള്‍ റാവു പൂജയിലായിരുന്നു, കുല്‍ദീപ് നയ്യാര്‍ വെളിപ്പെടുത്തുന്നു

kuldeep-nayar-2
SHARE

ബാബറി മസ്ജിദ് തകര്‍ത്തതില്‍ നരസിംഹ റാവുവിന്‍റെ പങ്കെന്താണ്..? ആ ദിവസങ്ങളില്‍ റാവുവുമായി നിരന്തരം ആശയവിനിമയം നടത്തിയ കുല്‍ദീപ് നയ്യാര്‍ മനോരമ ന്യൂസിനോട് പറയുന്നു.  

ബാബറി മസ്ജിദ് ഒരു മന്ദിരം മാത്രമായിരിക്കാം. പ്രാര്‍ഥന നടന്നിരുന്നുവെങ്കിലും ഇല്ലെങ്കിലും. പക്ഷെ, അത് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തിന്‍റെ പ്രതീകമാണ് ഇല്ലാതാക്കപ്പെട്ടത്. അതിന്‍റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഇന്ത്യയുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. അതുവരെ ഇന്ത്യയുടെ അവിഭാജ്യഘടകമായി ഇഴചേര്‍ന്നു കിടന്നിരുന്ന ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ അതോടെ അരക്ഷിതാവസ്ഥ ഉയര്‍ന്നുവന്നു. ന്യൂനപക്ഷമാണെന്ന തോന്നല്‍ മുസ‌‌്‌ലിംങ്ങള്‍ക്കുള്ളിലുണ്ടായി. ഇന്ത്യയുടെ മുഖ്യധാരയില്‍ നിന്ന്, രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ നിന്ന്, അധികാരവ്യവസ്ഥയില്‍ നിന്ന് അവര്‍ പിന്തള്ളപ്പെട്ടു. ഹിന്ദുത്വം അധികാരരാഷ്ട്രീയത്തിന്‍റെ ശക്തമായ സമവാക്യമായി മാറി. 

അയോധ്യ പ്രസ്ഥാനവുമായി കര്‍സേവകര്‍ കലുഷിതാന്തരീക്ഷമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ കണ്ടിരുന്നു. ആശങ്കകള്‍ അറിയിച്ചു. ‘ഇന്ത്യ ഭരണഘടനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകും. നിയമവ്യവസ്ഥയുള്ള രാജ്യമാണ്. വെള്ളരിക്കാപ്പട്ടണമല്ല.’ ഇതായിരുന്നു നരസിംഹ റാവുവിന്‍റെ മറുപടി. ബാബറി മസ്ജിദ് തകരാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് നരസിംഹ റാവു എനിക്ക് ഉറപ്പുനല്‍കി. സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നത് ചരിത്രം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ഞാന്‍ നരസിംഹ റാവുവിനെ കാണാന്‍ പോയി. താന്‍ നിസഹായനായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ‘പതിനായിരക്കണക്കിന് കര്‍സേവകര്‍ ഇരച്ച് വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കേന്ദ്ര സേനയ്ക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിച്ചില്ല.’ റാവു തലതാഴ്ത്തി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രം ഉയര്‍ന്നുവന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. ‘കുല്‍ദീപ്, ആ ബഹളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ഇടയിലാണ് ക്ഷേത്രം ഉയര്‍ന്നുവന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പക്ഷെ, ഒരുകാര്യം  നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പു തരുന്നു. താല്‍ക്കാലിക ക്ഷേത്രം ഉടന്‍ നീക്കും.’ റാവു ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. പക്ഷെ, ഇരുപത്തിയഞ്ച് വര്‍ഷത്തിനിപ്പുറം ഒന്നും സംഭവിച്ചില്ല.

1992 ഡിസംബര്‍ 6 ന് ഉച്ചയ്ക്ക് 12.20 ന് ബാബറി മസ്ജിദിന്‍റെ പുറം മതില്‍ കര്‍സേവകര്‍ തകര്‍ക്കാന്‍ തുടങ്ങുന്പോള്‍ നരസിംഹ റാവു പൂജയിലായിരുന്നു. 4.45 ന് അവസാനത്തെ മകുടം വീണശേഷം ആരോ അദ്ദേഹത്തിന്‍റെ കാതില്‍ ഇക്കാര്യം അറിയിച്ചു. നരസിംഹ റാവു കണ്ണു തുറന്നു. പൂജ അവസാനിപ്പിച്ച് പുറത്ത് വന്നു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും പള്ളിത്തര്‍ക്കത്തില്‍ നരസിംഹ റാവുവിന് ആര്‍എസ്എസിന്‍റെ അതേ നിലപാടിയിരുന്നു. പള്ളിയോ? ക്ഷേത്രമോ? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ആഗ്രഹം  ക്ഷേത്രമെന്നായിരിക്കാം. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഇങ്ങിനെയൊരു സമീപനം സ്വീകരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മതനിരപേക്ഷത ചോദ്യമുനയില്‍ കൊളുത്തിവലിച്ചു. ‘ഞങ്ങള്‍ ന്യൂനപക്ഷങ്ങളോട് എന്തുചെയ്യുന്നുവെന്ന് ചോദിക്കുന്ന നിങ്ങള്‍ ഇന്ത്യയില്‍ നടന്നത് കാണുന്നില്ലേ?’ എന്നാണ് പാക്കിസ്ഥാന് പറയാനുള്ളത്. 

pb-anoop-kuldeep-nayar
പി.ബി. അനൂപ് കുല്‍ദീപ് നയ്യാര്‍ക്കൊപ്പം

ബാബറി മസ്ജിദ് പൊളിക്കപ്പെട്ട സ്ഥലം അതുപോലെ കിടക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഹിരോഷിമയിലെ ദുരന്തഭൂമി കാണുമ്പോള്‍ ആറ്റംബോബിന്‍റെ വിനാശശേഷി ഒാര്‍ക്കുന്നതുപോലെ ഈ സ്ഥലം കാണുമ്പോള്‍ ഇന്ത്യയുടെ മതേതരത്തിനേറ്റ മുറിവ് വേദനയോടെ ഒാര്‍ക്കണം. ഭാവിയെക്കുറിച്ച് കരുതലെടുക്കണം. തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി വിധിച്ചാല്‍ കാര്യങ്ങള്‍ ഇതുപോലെ മുന്നോട്ടുപോകും. മറിച്ചായാല്‍ ഒരുപക്ഷെ മറ്റൊരു ദുരന്തം നമ്മള്‍ നേരിടേണ്ടിവന്നേക്കാം. അല്ല, വരും. പക്ഷെ, ക്ഷേത്രമല്ലാതെ മറ്റൊന്നും പണിയില്ലെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നത്. ഒരുപക്ഷെ, രാമക്ഷേത്രം അവിടെ ഉയര്‍ന്നുവന്നേക്കാം. കാരണം ബിജെപിക്ക് അധികാരമുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മ്മാണം ബിജെപി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരും. അതേ,  അയോധ്യയുടെ അലയൊലികള്‍ അവസാനിക്കുന്നില്ല. 

MORE IN INDIA
SHOW MORE