വിമര്‍ശകരേ, രാഹുലിന് ഇനി നിങ്ങള്‍ സമയം നല്‍കുമോ..?

rahul-gandhi
SHARE

പറഞ്ഞുപറഞ്ഞൊടുവില്‍ രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസ് എന്ന ചരിത്രങ്ങള്‍ ഏറെപ്പറയാനുള്ള പാര്‍ട്ടിയുടെ തലപ്പത്തേക്ക് നടന്നുകയറുകയാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ പറയാന്‍ ചരിത്രങ്ങള്‍ മാത്രമേയുള്ളൂ എന്ന വിമര്‍ശനങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന കാലത്താണ് ഈ കിരീടധാരണം. ശരിയാണ് ആ വിമര്‍ശനമെന്ന് തെളിയിക്കാന്‍ ഒരുപാട് പറയാനുമുണ്ട്. പക്ഷേ രാഹുല്‍ മാറിയെന്നാണ് പാര്‍ട്ടിയും രാജ്യമാകെ പരന്നുകിടക്കുന്ന രാഹുല്‍ ബ്രിഗേഡും പറയുന്നത്. ഇപ്പോള്‍ ചില വിമര്‍ശകരും അത് സമ്മതിച്ചുതരുന്നു, ഗുജറാത്തിലടക്കം രാഹുലിന്റെ ഇടപെടലുകളെ അവര്‍ ഒട്ടൊക്കെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ സ്ഥാനാരോഹണം. 

പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചവരുടെയും  വ്യക്തിപരമായി അധിക്ഷേപിച്ചവരുടെയും നേതാവായ നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോള്‍ രാഹുല്‍ പറയുന്നത് ഒന്നു ശ്രദ്ധിക്കുക. 'മോദി എന്റെ കൂടി പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്നേക്കാൾ മികച്ച പ്രഭാഷകനാണ്. ആശയങ്ങൾ കൃത്യമായി ആൾക്കൂട്ടങ്ങളിൽ എത്തിക്കാനുള്ള പ്രത്യേക കഴിവുണ്ട്. മോദിയെ വ്യക്തിപരമായ അധിക്ഷേപിക്കലല്ല, വികലമായ നയങ്ങളെ വിമര്‍ശിക്കുകയാണ് വേണ്ടത്'.  

രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തെ, കുടുംബാധിപത്യ വാഴ്ചയില്‍ നിന്ന് അണുവിട മാറാന്‍ തയാറല്ലാത്ത കോണ്‍ഗ്രസ് എന്ന് പറഞ്ഞ് ആക്ഷേപിച്ച് ആ വാര്‍ത്തയെ ചെറുതായി കാണേണ്ടതില്ല.'പാരമ്പര്യമല്ല, വ്യക്തിയുടെ കഴിവുകളാണു മുഖ്യമെന്നു' കുടുംബവാഴ്ചയെന്ന വിമർശനത്തിനു രാഹുൽ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കുടുംബവാഴ്ച ഇന്ത്യയുടെ പൊതുരീതിയാണ്. രാഷ്ടീയം മുതൽ വ്യവസായം വരെയുള്ള മേഖലകളിൽ ഇതുണ്ട്. അംബാനി കുടുംബത്തെയും ബച്ചന്‍ കുടുംബത്തെയും ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

കുടുംബ-മക്കള്‍-ബന്ധുവാഴ്ച എന്നത് കോണ്‍ഗ്രസിന്റെ കാര്യം മാത്രമായി ഒതുക്കേണ്ടതല്ല. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയെന്ന് പരിഹസിച്ച് വോട്ടു തേടിയ നരേന്ദ്രമോദിയുടെ ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. യശ്വന്ത് സിന്‍ഹയുടെയും രാജ്നാഥ് സിങ്ങിന്റെയും മക്കളും അനുരാഗ് താക്കൂറും പൂനം മഹാജനുമൊക്കെ കുടുംബവാഴ്ചയില്‍പ്പെടുന്നതു തന്നെ. ബിജെപി എംപിമാരില്‍ 16 ശതമാനവും മക്കള്‍...ബന്ധുവാഴ്ചയില്‍ പെടുന്നവരാണ്. സമാജ്്‌വാദി പാര്‍ട്ടിയിലും ലാലു പ്രസാദിന്റെ പാര്‍ട്ടിയിലും ഈ വാഴ്ചകള്‍ കാണാം. 

ആരാണ് രാഹുല്‍..?

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാലിന്റെ പ്രപൗത്രനും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ കൊച്ചുമകനും ഇന്ത്യയുടെഏറ്റവും പ്രയാം കുറഞ്ഞ പ്രധാനമന്ത്രിയുടെ മകനുമാണ് രാഹുല്‍ ഗാന്ധി. 1984ല്‍ മുത്തശ്ശി ഇന്ദിരാ ഗാന്ധി വെടിയേറ്റുമരിക്കുമ്പോള്‍ രാഹുലിന് പ്രായം പതിനാല്. അതോടെ സ്കൂള്‍ വിദ്യാഭ്യാസം വീടിനകത്തായി. കാരണം സുരക്ഷ തന്നെ. പിന്നീടൊരിക്കല്‍ രാഹുല്‍ പറഞ്ഞു. 'എന്റെ മുത്തശ്ശി മരിക്കുന്നതിനു മുൻപ് എന്നെ കണ്ണാടിക്കരികിലേക്കു കൊണ്ടുപോയിട്ട് പറഞ്ഞു;  രാജാ ബേഠാ, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ കരയരുത്' എന്ന്.  1991ല്‍ പിതാവ് രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോള്‍ രാഹുലിന് പ്രായം 21, അന്ന് വിദേശത്ത് പഠിക്കുകയാണ് രാഹുല്‍. രാഷ്ട്രീയം പാരമ്പര്യമാണെങ്കിലും മുത്തശ്ശിയുടെയും അച്ഛന്റെയും രക്തസാക്ഷിത്വം രാഹുലിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് വന്നത് വൈകിയുമാണ്. 1998മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന അമ്മ സോണിയാ ഗാന്ധിക്ക് താങ്ങും തണലുമായി രാഹുല്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനങ്ങള്‍ മുതിര്‍ന്ന തലമുറ തന്നെയാണ് കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി തലപ്പത്തേക്ക് വരുമ്പോള്‍ തന്റേതായ ഒരു ടീമിെന കൂടെക്കൂട്ടണമെന്ന് രാഹുല്‍ കരുതിയിട്ടുണ്ടെങ്കില്‍, അതിനെ തെറ്റുപറയാനാവില്ല. തന്റെ കഴിവിന്റെയും കഴിവുകേടിന്റെയും മാറ്റു നോക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണെന്ന് ഈ നേതാവ് പറയുന്നു.  

തേച്ചുമിനിക്കിയെടുക്കുന്ന വജ്രം

പ്രശ്നങ്ങള്‍ അവതരിപ്പിച്ചശേഷം സ്ഥലം വിടുന്നവന്‍, സ്ഥിരതയില്ലാത്തവന്‍, ബുദ്ധിയില്ലാത്തവന്‍... അങ്ങനെ പലതും കേട്ടാണ് രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്ക് നീങ്ങുന്നത്. രാഹുലിന്റെ അസ്ഥിരത മുതലാക്കി ബിജെപി അതിനെ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ജനം മോദിക്ക് കൂടുതല്‍ അനുകൂലമായി. പക്ഷെ രാഹുലും കോണ്‍ഗ്രസുകാരും കാത്തിരുന്നു ഒരു തിരിച്ചുവരവിനായി. അതാണ് ഇപ്പോള്‍ നടക്കുന്നത്. 

അമേരിക്കയിലെ പ്രഭാഷണ പരമ്പരയും ഗുജറാത്തിലെ നവസര്‍ജന്‍ യാത്രയും ട്വീറ്റുകളും പ്രസംഗങ്ങളും ആയി രാഹുലിനെ ജനം സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. ജിഎസ്ടിയെ കളിയാക്കി പറഞ്ഞ ഗബ്ബര്‍ സിങ് ടാക്സ് പ്രയോഗം അടക്കം കുറിക്കുകൊള്ളുന്ന ചിലത്. സമൂഹമാധ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പുതിയ സംഘത്തെ നിയോഗിച്ച രാഹുല്‍ ഗാന്ധിക്ക് തെറ്റുപറ്റിയില്ല. രാഹുലിന്റെ ഹിന്ദി ട്വീറ്റുകള്‍ക്ക് പ്രിയം ഏറിയപ്പോള്‍ വീണ്ടും പരിഹാസവുമായി എത്തിയവരോട് രാഹുല്‍ കൊടുത്ത മറുപടി ശ്രദ്ധേയമാണ്. പിഡി എന്ന തന്റെ പട്ടിക്കുട്ടിയാണ് തനിക്കായി ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു പരിഹസിച്ചവര്‍ക്ക് രാഹുല്‍ നല്‍കിയ മറുപടി. 

വിദേശരാജ്യങ്ങളിലെ പലനേതാക്കളെയും പല സംവിധാനങ്ങളെയും നേരിട്ട് അറിഞ്ഞും മനസിലാക്കിയുമാണ് രാഹുലിന്റെ പുതിയ വരവ്. ഇടതുപക്ഷത്തെ യുവനേതാക്കളോടുപോലും ആശയവിനിമയം നടത്തി രാജ്യത്തിന്റെ സ്പന്ദനങ്ങളെ മനസിലാക്കി രാഹുലെത്തുമ്പോള്‍ ഒരു മാറ്റം പ്രതീക്ഷിക്കാം. അതുകൊണ്ട് കുറച്ചുകാലത്തേക്ക് വിമര്‍ശനങ്ങള്‍ മയപ്പെടുത്തി നമുക്ക് കേട്ടുനോക്കാം, എങ്ങോട്ടാണ് ഈ കോണ്‍ഗ്രസുകാരന്റെ പോക്ക് എന്ന്.

MORE IN INDIA
SHOW MORE