പത്മാവതിക്കെതിരെ രാജസ്ഥാൻ സർക്കാരും

padmavati
SHARE

റിലീസിനൊരുങ്ങുന്ന ബോളിവുഡ്ചിത്രം പത്മാവതിക്കെതിരെ രാജസ്ഥാൻ സർക്കാരും രംഗത്ത്. രജ്പുത് വിഭാഗത്തിൻറെ വികാരംകണക്കിലെടുത്ത്, സിനിമയിൽ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് ആവശ്യം. അതേസമയം, സർട്ടിഫൈ ചെയ്യുന്നതിനുമുൻപ്, മാധ്യമപ്രവർത്തകർക്കായി സിനിമ പ്രദർശിപ്പിച്ചതിനെതിരെ സെൻസർബോർഡ് അധ്യക്ഷൻ പ്രസൂൺജോഷിയും രംഗത്തെത്തി. 

പത്മാവതി സിനിമ, സമൂഹത്തിൽ ക്രമസമാധാന പ്രശ്നമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ കേന്ദ്രത്തെ സമീപിച്ചതിന് പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രിയും മൗനംവെടിഞ്ഞത്. രജ്പുത് വിഭാഗം ആരാധിച്ചുപോരുന്ന റാണി പത്മാവതിയുടെ കഥപറയുന്ന സിനിമയിൽ, ആ വിഭാഗം ഉന്നയിക്കുന്ന പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യപറയുന്നു. ചരിത്രം വളച്ചൊടിക്കുകയോ, ആരെയെങ്കിലും മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ ഭാഗം മാറ്റംവരുത്തിയശേഷമേ, ചിത്രത്തിന് പ്രദർശനാനുമതി നൽകാവുവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകസമിതിയെ രൂപീകരിക്കണമെന്നും കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ചകത്തില്‍ ആവശ്യപ്പെടുന്നു. 

ഇതിനിടെയാണ്, സിനിമയുടെ അണിയറപ്രവർത്തകരെ കുറ്റപ്പെടുത്തി സെൻസർബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി രംഗത്തെത്തിയത്. ചിത്രം സർട്ടിഫൈ ചെയ്യുന്നതിനുമുൻപ് മാധ്യമപ്രവർത്തകർക്കായി പ്രത്യേകപ്രദർശനം നടത്തിയത് ഗുരുതരമായ തെറ്റാണ്. ഇത് നിലവിലെ സംവിധാനങ്ങളെ ചോദ്യംചെയ്യുന്നു. സ്വന്തംതാൽപര്യങ്ങൾക്കായി സർട്ടിഫിക്കേഷൻ പ്രക്രിയയെ ഉപയോഗിക്കുന്നത് ശരിയല്ല. സാങ്കൽപിക കഥയാണോ, ചരിത്രമാണോയെന്നുപോലും വ്യക്തമാക്കാത്ത അപൂർണമായ രേഖകളാണ് അണിയറപ്രവർത്തകർ നൽകിയത്. എന്നിട്ട്, ബോർഡിനുനേരെ ആരോപണമുന്നയിക്കുന്നത് നല്ല കീഴ്​വഴക്കമല്ലെന്നും പ്രസൂൺജോഷി തുറന്നടിച്ചു. 

MORE IN INDIA
SHOW MORE