അർബുദബാധിതരായ കുഞ്ഞുങ്ങൾക്ക് മുംബൈയിൽ സ്നേഹവീടൊരുക്കി മലയാളി

house-for-cancer-patience
SHARE

അർബുദത്തെ നേരിടാനുള്ള കരുത്ത്, നാൾക്കുനാള്‍ ആർജിക്കുകയാണ് നമ്മുടെസമൂഹം. മറ്റേതൊരു രോഗത്തെയുംപോലെ കാൻസറിനേയും പൊരുതിതോൽപ്പിക്കാനുള്ള മനശക്തി മുൻപില്ലാത്തവിധം വർധിച്ചിട്ടുണ്ടെന്നത് വാസ്തവം. എങ്കിലും, കുടുംബത്തിലാർക്കെങ്കിലുമോ, പരിചയക്കാരിലോ, സുഹൃത്തുക്കളിലോ അർബുദം ബാധിക്കുകയെന്നത് ആരും കേൾക്കാനിഷ്ടപ്പെടുന്നതല്ല. കാരണം, മാനസികമായും സാമ്പത്തികമായും അത്, രോഗബാധിതരെ മാത്രമല്ല, അവരുടെ ചുറ്റുമുള്ളവരേയും തളർത്തും.  ‌

അർബുദം പിടിപെടുന്നത് കുഞ്ഞുങ്ങളിലാണെങ്കിലോ! കുടുംബത്തെയൊന്നാകെ വേദനിപ്പിക്കുന്നതും പ്രതീക്ഷകളിൽ ഇരുട്ടുനിറയുന്നതുമാണ് കുട്ടികളിലുണ്ടാകുന്ന കാൻസർ. പിച്ചവയ്ക്കാൻപോലും പ്രായമാകാത്ത കുരുന്നുകളിൽ അർബുദംബാധിക്കുന്നകാര്യം ഓർക്കുകകൂടി പ്രയാസം. 

അർബുദബാധിതരായി രാജ്യത്തിൻറെ വിവിധസംസ്ഥാനങ്ങളിൽനിന്ന് സൗജന്യചികിൽസതേടി മുംബൈയിലേക്ക് വണ്ടികയറുന്ന നിർധനരായ കുടുംബങ്ങൾ ഒട്ടേറെയുണ്ട്. പരേലിലെ ടാറ്റാ ആശുപത്രിയുടേയും, വാഡിയ ആശുപത്രിയുടേയുമൊക്കെ കവാടത്തിന് മുൻപിൽ കാണാനാകുന്നത് അത്തരം കരളലിയിക്കുന്ന കാഴ്ചകൾമാത്രം. അതിൽ കുറവല്ലാത്തൊരു ശതമാനവും കുട്ടികളിലെ കാ‍ൻസർ. ഏറെ സുരക്ഷയും കരുതലും ആവശ്യമുണ്ടെങ്കിലും, തലചായ്ക്കാൻ മറ്റൊരിടമില്ലാത്ത ഒരുകൂട്ടമാളുകൾ തുടർചികിൽസയ്ക്കായി വഴിവക്കിൽ കഴിഞ്ഞുകൂടുന്നു. ചിലർ ആഴ്ചകളോളം, മറ്റുചിലർ മാസങ്ങളും വർഷങ്ങളുമായി വെയിലും മഴയുംകൊണ്ട് അവിടെതന്നെ...

cancer-patient-home

ഈ കാഴ്ച അതുവഴി കടന്നുപോകുന്നവരെയെല്ലാം അസ്വസ്ഥപ്പെടുത്തും. എങ്കിലും ആ വഴിപിന്നുടുമ്പോഴേക്കും പലരും കണ്ടതെല്ലാംമറന്നിരിക്കും. പക്ഷെ തെരുവോരത്തെ ഈ കാഴ്ചകൾ, മുംബൈയിൽ ട്രാവൽ കമ്പനി നടത്തിയിരുന്ന ഗിരീഷ് നായർ എന്ന പാലക്കാട്ടുകാരൻറെ കണ്ണുകളില്‍ മായാതെകിടന്നു. വിവിധസ്ഥലങ്ങളിൽനിന്ന് അർബുദബാധിതരായി മുംബൈയിലെത്തുന്ന നിർധനരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു സംരക്ഷണകേന്ദ്രം തുടങ്ങുകയെന്നതായിരുന്നു പിന്നീടുള്ള തീരുമാനം. അങ്ങനെയാണ് പതിമൂന്ന് വ‍ർഷത്തിലധികമായി സന്നദ്ധപ്രവർത്തനത്തിൽ സജീവമായിരുന്ന ഗിരീഷ്, മൂന്നുവർഷംമുൻപ് സുഹൃത്ത് അങ്കിത് ധവേയോടൊപ്പംചേർന്ന് ആക്സസ് ലൈഫ് എന്ന സന്നദ്ധസംഘടനയ്ക്ക് തുടക്കമിടുന്നത്.

സ്നേഹവീടുകൾ നാല് 

മുംബൈ ചെംമ്പൂരിലും, താനെ, അന്ധേരി, എന്നീസ്ഥലങ്ങളിലുമായി നാല് സെൻററുളാണ് ആക്സസ് ലൈഫിന് ഇപ്പോഴുള്ളത്. ചികിൽസതേടിയെത്തുന്ന കൊച്ചുകുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷിതാവിനും ആക്സസ് ലൈഫിൽ സൗജന്യമായിതാമസിക്കാം. ഭക്ഷണം പാകംചെയ്തുകഴിക്കാം. നാലിടത്തുംകൂടി നാൽപതുകുട്ടികൾക്കും അവരുടെ രക്ഷിതാവിനുമുള്ള താമസസൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരോ മുറികൾ ഓരോകുടുംബത്തിനും നൽകും. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് അവരുടെ ഇഷ്ട്രപ്രകാരമുള്ള ഭക്ഷണംതയ്യാറാക്കി കഴിക്കുന്നതിന് സ്വയംപാകംചെയ്യാനുള്ള പ്രത്യേകയിടവും, അതിനാവശ്യമായ പലചരക്ക് സാധനങ്ങളും ഗ്യാസ് അടുപ്പുകളും ഇവിടെയുണ്ട്. സ്വന്തംവീട്ടിലെയെന്നപോലെ, ഒരുപക്ഷെ അതിനേക്കാൾ മികച്ച അടിസ്ഥാനസൗകര്യം ആക്സസ് ലൈഫ് നൽകുന്നു. ഒപ്പം, ചികിൽസയ്ക്കായി കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും, തിരികെയെത്തിക്കാനും വാഹനസൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. എന്താണു തങ്ങളുടെ ശരീരത്തെ ആക്രമിക്കുന്നതെന്നുപോലും അറിയാതെ വേദനകടിച്ചർത്തി കഴിയുന്ന കുരുന്നുകളുടെ ചുണ്ടിൽ പുഞ്ചിരിവിടർത്തുകയാണ് ആക്സസ് ലൈഫ്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ആശ്രയവും ആത്മ ബലവുംനൽകുന്നു ആക്സസ് ലൈഫ്... 

നിർധനരെ എങ്ങനെ കണ്ടെത്തും

ആശുപത്രികളിലെ മെഡിക്കൽ സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്‍റ് സഹായത്തോടെയാണ് ചികിൽസയ്ക്കെത്തുന്ന നിർധനരായ കുടുംബങ്ങളെ കണ്ടെത്തുന്നത്. സ്കാനിങ് റിപ്പോർട്ടുകൾ, ഡോക്ടർമാരുടെ അഭിപ്രായം, കുടുംബപശ്ചാത്തലം എന്നിങ്ങനെ എല്ലാവശവും പരിശോധിച്ചശേഷം, ആരും സഹായത്തിനില്ലാത്ത പാവങ്ങളെ ആക്സസ് ലൈഫ് സെൻററിലെത്തിക്കുയാണ് രീതി. ചികിൽസാ കാലയളവ് മുഴുവൻ ഇങ്ങനെ ഓരോ കുടുംബത്തിനും ഇവിടെകഴിയാം. പാലക്കാട് സ്വദേശിയായ ഡോക്ടര്‍ സുരേഷ് സുന്ദറടക്കം, മലയാളികൾ ഉൾപ്പെടെയുള്ളവർ ആക്സസ് ലൈഫില്‍ വോളണ്ടിയര്‍മാരാണ്. സംരക്ഷണകേന്ദ്രത്തെ കൂടാതെ വിവിധ ബോധവൽക്കരണ പരിപാടികളും ആക്സസ് ലൈഫ് നടത്തുന്നുണ്ട്. 

നിലവിലുളള നാല് സംരക്ഷണകേന്ദ്രങ്ങളും വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. എങ്കിലും, അഞ്ചാമതൊരു സെൻററുകൂടി അടുത്തർഷത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അതിനായി സംസ്ഥാനസർക്കാർ, മുൻസിപ്പൽ കോർപറേഷൻ എന്നിവരുടെ സഹായംതേടിയിട്ടുണ്ട്. സംഘടനയുടെ വിലമതിക്കാനാകാത്ത പ്രവര്‍ത്തനം കണ്ടും കേട്ടുമറിഞ്ഞ് വ്യക്തിപരമായി പലരും സഹായിക്കുന്നുണ്ട്. അത്തരം സഹായങ്ങൾ ആക്സസ് ലൈഫിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനൊപ്പം, ഒരുകൂട്ടം കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കൾക്കും തണലാകുന്നു.   

(ആക്സസ് ലൈഫുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം- 09167755565,8080222377)

MORE IN INDIA
SHOW MORE