റഫേല്‍ കരാർ; ഭരണപ്രതിപക്ഷ വാക്പോര് രൂക്ഷമാകുന്നു

Thumb Image
SHARE

റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്‍റെ പേരില്‍ ഭരണപ്രതിപക്ഷ വാക്പോര് രൂക്ഷമാകുന്നു. റഫേല്‍ യുദ്ധവിമാനത്തിന്‍റെ വില എത്രയെന്ന് വ്യക്തമാക്കണം എന്നതുള്‍പ്പെടെ മൂന്നു ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്‍റണിക്ക്, കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് മനോഹര്‍ പരീക്കര്‍ ആരോപിച്ചു. 

ഫ്രാന്‍സില്‍ നിന്ന് 58,0­00 കോടി രൂപയ്ക്ക് 38 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതിരോധമന്ത്രിയെ നിശബ്ദയാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. റഫേല്‍ വിമാനത്തിന്‍റെ വില എത്ര?, കരാര്‍ ഒപ്പിടും മുന്‍പ്,, ക്യാബിനറ്റ് സുരക്ഷാസമിതിയുടെ അനുവാദം വാങ്ങിയിരുന്നോ?, വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡിനു കൈമാറുന്നതിനു പകരം ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത കന്പനിക്ക് കൈമാറിയത് എന്തിന്? എന്നീ മൂന്ന് ചോദ്യങ്ങളാണ് പ്രതിരോധമന്ത്രി നിര്‍മലസീതാരാമനോടായി രാഹുല്‍ ഉന്നയിച്ചത്.

അതേസമയം, യു.പി എ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്‍റണിക്കെതിരെ ആരോപണവുമായി മോദി സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ രംഗത്തെത്തി. യു.പി.എ സര്‍ക്കാരിന്‍റെ കാലത്തെ കരാര്‍ പൊളിച്ചെഴുതിയതിലൂടെ 18,000 കോടി ലാഭിക്കാനായെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാരിന്‍റെ കരാര്‍ പ്രകാരം നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാരുമായിരുന്നു. എന്നാല്‍, വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള വിദ്യമാത്രമാണ് പുതിയ കരാര്‍ പ്രകാരം ലഭിക്കൂവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

MORE IN INDIA
SHOW MORE