രണ്ടായിരത്തി പതിനെട്ടോടെ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന നീതി ആയോഗിന്റെ ശുപാര്‍ശ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയത്.
തിരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ രണ്ടായിരത്തി ഇരുപത്തിനാലോടെ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നായിരുന്നു നീതി ആയോഗിന്റെ ശുപാര്‍ശ. അടുത്ത വര്‍ഷം സെപ്റ്റംബറോടെ പുതിയ വോട്ടിങ് യന്ത്രങ്ങളും , വോട്ട് ആര്‍ക്ക് ചെയ്തുവെന്ന് സ്ളിപിലൂടെ ഉറപ്പാക്കുന്ന വിവി പാറ്റ് യന്ത്രങ്ങളും വാങ്ങുന്നതോടെ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 12.000 കോടി രൂപയും, വിവി പാറ്റ് യന്ത്രങ്ങള്‍ വാങ്ങാന്‍ 3400 കോടി രൂപയപം ആവശ്യമാണ്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണം.കൂടാതെ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളുടെ നിയമസഭകളുടെ കാലാവധി വെട്ടിചുരുക്കേണ്ടിവരും. മാത്രമല്ല അടുത്ത വര്‍ഷം ആദ്യം കാലാവധി പൂര്‍ത്തിയാകുന്ന ഗുജറാത്ത് ,കര്‍ണാടക, ഹിമാചല്‍ പ്രദേശ് ,മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടിവയ്ക്കേണ്ട് വരും. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. 1951 _52 വര്‍ഷത്തിലെ തിരഞ്ഞെടുപ്പ് മുതല്‍ 67 വരെ ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.