E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭരണരീതി മാറ്റി മോദി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Narendra-Modi-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോൺഗ്രസ് മുക്ത ഭാരതം മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം, കോൺഗ്രസ് പിന്തുടർന്ന ഭരണരീതികളും മാറ്റുക എന്നതാണ്. അങ്ങനെയാണ് ആദ്യം ആസൂത്രണക്കമ്മിഷനെ പിരിച്ചുവിട്ടത്. നെഹ്റുവിന്റെ ഫാബിയൻ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ തുടർച്ചയാണ് ആസൂത്രണക്കമ്മിഷൻ എന്നാണു മോദിയുടെ വാദം. പകരം നിതി ആയോഗ് നിലവിൽ വന്നു. രണ്ടാമത്തെ നടപടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി വേണ്ടെന്നു വയ്ക്കുകയായിരുന്നു. അപ്പോഴേക്കും മൻമോഹൻ സിങ് സർക്കാരിന്റെ ഉപദേശകസമിതി ചെയർമാൻ ഡോ. സി.രംഗരാജൻ രാജിവച്ചിരുന്നു. പകരം ഒരു സമിതിയെ മോദി നിയമിച്ചില്ല.

നിതി ആയോഗിന്റെ ചെയർമാനായി അരവിന്ദ് പനഗാരിയയെ നിയമിച്ചു. സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെയും നിയമിച്ചു. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തുടരുന്നുണ്ടായിരുന്നു. അരവിന്ദ് പനഗാരിയയുടെ നിയമനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ആർഎസ്എസാണ്. പിന്നാലെ സ്വദേശി ജാഗരൺ മഞ്ച്, അതിനു ശേഷം ഭാരതീയ മസ്ദൂർ സംഘ്. കൊളംബിയ സർവകലാശാലയിൽ നിന്നു വന്ന പണഗാരിയയുടെ ആശയങ്ങളോട് ആർഎസ്എസിന് യോജിക്കാൻ കഴിഞ്ഞിരുന്നില്ല.

പത്തു വർഷ സർക്കാർ

2014 ൽ അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്കും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കും വ്യക്തമായ സൂചന നൽകിയത് ഈ സർക്കാർ അഞ്ചു വർഷത്തേക്കല്ല, ഏറ്റവും കുറഞ്ഞതു പത്തു വർഷത്തേക്കാണ് എന്നായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ദേശീയ ജനാധിപത്യമുന്നണിയും അധികാരത്തിലേക്കു തിരിച്ചുവരുമെന്ന കാര്യത്തിൽ ഒരു സംശയവും പ്രധാനമന്ത്രിക്ക് ഇപ്പോഴുമില്ല. സാമ്പത്തികമേഖല മാത്രമല്ല ഏതു മേഖലയിലും അദ്ദേഹം പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും പത്തു വർഷം എന്ന കാലയളവ് മുന്നിൽക്കണ്ടാണ്. കേന്ദ്രസർക്കാരിന്റെ പല പദ്ധതികൾക്കും 2022 ആണ് സമയപരിധി–രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികവും അന്നാണ്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അരുൺ ജയ്റ്റ്ലിയെ ധനകാര്യമന്ത്രിയാക്കാൻ നരേന്ദ്ര മോദി തീരുമാനിക്കുന്നത് തന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകൻ എന്ന നിലയ്ക്കാണ്. മുൻപ് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ അന്നുവരെ രാഷ്ട്രീയത്തിൽപോലും ഇല്ലാതിരുന്ന ഡോ. മൻമോഹൻ സിങ്ങിനെ നിർബന്ധിച്ചു ധനകാര്യമന്ത്രിയാക്കിയിരുന്നു. അരുൺ ജയ്റ്റ്ലിയുടെ സഹമന്ത്രിയായി ജയന്ത് സിൻഹയെ കൊണ്ടുവന്നു. മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ മാത്രമല്ല മികച്ച സാമ്പത്തിക വിദഗ്ധനുമാണു ജയന്ത് സിൻഹ. അരുൺ ജയ്റ്റ്ലി അവതരിപ്പിച്ച ആദ്യത്തെ രണ്ടു ബജറ്റിലെ പല പുതിയ പദ്ധതികളും ജയന്ത് സിൻഹയുടെ ആശയങ്ങളായിരുന്നു– മുദ്രാ ബാങ്ക്, ഇന്ദ്രധനുഷ് തുടങ്ങിയവ.

എതിർപ്പും പുറത്താകലും

ആസൂത്രണക്കമ്മിഷൻ ഉപാധ്യക്ഷന് കാബിനറ്റ് മന്ത്രിയുടെ പദവിയാണ്. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാറുമുണ്ട്. എന്നാൽ, അരവിന്ദ് പനഗാരിയയ്ക്ക് കാബിനറ്റ് പദവി ഉണ്ടായിരുന്നെങ്കിലും ഒരിക്കലും കേന്ദ്രമന്ത്രിസഭാ യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല. നിതി ആയോഗ് ഉപാധ്യക്ഷൻ എന്നനിലയ്ക്ക് പനഗാരിയ തയാറാക്കിയ നിർദേശങ്ങൾ മിക്കതും അവഗണിക്കപ്പെട്ടു.

ഈ ഘട്ടത്തിലാണു പ്രധാനമന്ത്രി പുതിയൊരു ആശയവുമായി മുന്നോട്ടു വന്നത്; യൂണിവേഴ്സൽ ബേസിക് ഇൻകം. രാജ്യത്ത് എല്ലാ പേർക്കും പ്രതിമാസം ആയിരം രൂപ സർക്കാർ നൽകുക. പലരും എതിർക്കാൻ മടികാട്ടിയെങ്കിലും പനഗാരിയ ഇതിനെ നഖശിഖാന്തം എതിർത്തു. പ്രതിവർഷം 15.60 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കാനുള്ള ശേഷി നമ്മുടെ സമ്പദ് ഘടനയ്ക്കില്ലെന്നു പനഗാരിയ വാദിച്ചു. ഏതായാലും ആ പദ്ധതി നടപ്പായില്ല.

ധനകാര്യ മന്ത്രാലയത്തിൽ ഗുജറാത്ത് കേഡറിലുള്ള ഹസ്മുഖ് ആധിയ റവന്യൂ സെക്രട്ടറി സ്ഥാനത്തേക്കു വന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അദ്ദേഹമായിരുന്നു പല നിർണായക കാര്യങ്ങളിലും തീരുമാനമെടുത്തിരുന്നത്. നിതി ആയോഗിൽ സിഇഒ ആയി അമിതാഭ് കാന്ത് വന്നു. അദ്ദേഹമാണ് എല്ലാ മന്ത്രാലയങ്ങൾക്കും വികസന രൂപരേഖയെക്കുറിച്ചു വിവരണം നൽകിയത്.

2016 ജൂലൈയിൽ കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിയിൽ ധനകാര്യ മന്ത്രാലയത്തിലെ ആദ്യത്തെ മാറ്റം വന്നു; സഹമന്ത്രി ജയന്ത് സിൻഹ മാറി. സെപ്റ്റംബറിൽ അടുത്ത മാറ്റം വന്നു; റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഒഴിഞ്ഞു. രാജ്യത്ത് ആദ്യമായി രണ്ടാമത്തെ ടേം കൂടി ലഭിക്കാത്ത റിസർവ് ബാങ്ക് ഗവർണർ. രഘുറാം രാജന് ഒരു തവണ കൂടി കാലാവധി നീട്ടിക്കൊടുക്കാതിരുന്നതിനു സുപ്രധാനമായ ഒരു കാരണമുണ്ടായിരുന്നു. രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കാനുള്ള ആശയത്തെ രഘുറാം രാജൻ ശക്തമായി എതിർത്തിരുന്നു. അദ്ദേഹത്തെ മാറ്റി ഉർജിത് പട്ടേലിനെ ആ സ്ഥാനത്തേക്കു കൊണ്ടു വന്നു.

ഗുരുതരമായ പ്രത്യാഘാതങ്ങൾ

നോട്ട് പിൻവലിക്കൽ രാഷ്ട്രീയമായി ഒരു വിജയമാണെന്നു ബിജെപി അവകാശപ്പെടുമ്പോൾ സാമ്പത്തികമായി കനത്ത തിരിച്ചടിയാണെന്നു പിന്നീടുള്ള സ്ഥിതിഗതികൾ തെളിയിക്കുകയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നാക്കം കൊണ്ടുപോകുന്ന നടപടിയാണിതെന്നും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ മൂന്നു ശതമാനം കുറവു വരുമെന്നും ആദ്യം പറഞ്ഞതു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. സംഘടിതമായ കൊള്ളയും സാധാരണ ജനങ്ങളെ കൊള്ളയടിക്കലുമാണു നടക്കുന്നത് എന്നായിരുന്നു അന്നു സിങ് പറഞ്ഞത്.

റിസർവ് ബാങ്ക് തന്നെ പറയുന്ന കണക്കുകൾ പ്രകാരം 1,47,000 കോടി രൂപയുടെ കള്ളനോട്ടുകളും ഇതോടൊപ്പം മാറി എന്നാണു വ്യക്തമാകുന്നത്. അതായത് ഇത്രയും കള്ളനോട്ടുകളും കൂടി വെളുപ്പിക്കാൻ അവ കൈവശമുണ്ടായിരുന്നവർക്കു കഴിഞ്ഞു. ഈയിടെ സർക്കാർ വ്യക്തമാക്കിയത് 5800 ഷെൽ കമ്പനികൾ 4574 കോടി രൂപ നിക്ഷേപിക്കുകയും 4553 കോടി രൂപ പിൻവലിക്കുകയും ചെയ്തു എന്നാണ്. ഇതു വെറും 2.5 ശതമാനമാണെന്നും സർക്കാർ പറയുന്നു. അപ്പോൾ ഇനിയും വ്യാജ കമ്പനികൾ വെളുപ്പിച്ച തുക എത്രയായിരിക്കുമെന്ന് ഊഹിക്കാനേകഴിയൂ. 

തിരിച്ചടി ഓരോ മേഖലയിലും

നോട്ട് റദ്ദാക്കലിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ബാങ്കുകളിൽത്തന്നെയാണ്. എല്ലാ ബാങ്കുകളിലും ഇപ്പോൾ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം അധികമായി എത്തിയിരിക്കുകയാണ്. ഇവയ്ക്ക് ആനുപാതികമായി വായ്പകൾ വാങ്ങാൻ ആളില്ല. റിസർവ് ബാങ്കാകട്ടെ പലിശ നിരക്കുകളിൽ ഒരു മാറ്റവും വരുത്താൻ തയാറാകുന്നുമില്ല.

കാർഷിക മേഖലയാണു നോട്ട് റദ്ദാക്കൽ കാരണം വലിയ പ്രതിസന്ധിയിലായത്. മുൻ സർക്കാരിന്റെ ഭരണകാലത്ത് 3.5 ശതമാനം വളർച്ചാനിരക്ക് ഉണ്ടായിരുന്ന കാർഷികമേഖല നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യത്തെ രണ്ടു വർഷങ്ങളിൽ 2.5 ശതമാനം വളർച്ചയാണു കാണിച്ചതെങ്കിൽ നോട്ട് റദ്ദാക്കലിനുശേഷം അത് 1.7 ശതമാനമായി. 2014 ൽ ഈ സർക്കാർ അധികാരത്തിലേറുമ്പോൾ മോദി വാഗ്ദാനം ചെയ്തതു കർഷകർക്ക് വിളകളുടെ ഉൽപാദനച്ചെലവിൽ 50 ശതമാനം കൂടുതൽ ലാഭം ഉറപ്പു വരുത്തുമെന്നാണ്. അത് ഇപ്പോഴും വാഗ്ദാനമായി അവശേഷിക്കുന്നു.

2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് ഒരു പ്രഖ്യാപനം കൂടി ഇടയ്ക്കു വന്നു. കാർഷികമേഖല 10 മുതൽ 12 ശതമാനം വരെ വളർച്ചാനിരക്കു നേടിയാലേ വരുമാനം ഇരട്ടിപ്പിക്കാൻ കഴിയൂ. ഇന്നത്തെ നിലയ്ക്ക് ഇതിന് ഒരു സാധ്യതയുമില്ല. 

തൊഴിൽ നഷ്ടം ഞെട്ടിപ്പിക്കുന്നത്

നോട്ട് നിരോധനം ഏറ്റവും വലിയ തിരിച്ചടിയായത് ഇന്ത്യയിലെ അസംഘടിത മേഖലയ്ക്കാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 45 ശതമാനത്തോളം അസംഘടിത മേഖലയാണ്. രാജ്യത്തെ തൊഴിൽ അവസരങ്ങളിൽ 60 ശതമാനവും ഈ മേഖലയിലാണ്. നോട്ട് നിരോധനം വന്നതോടെ സൂക്ഷ്മ, ചെറുകിട സ്ഥാപനങ്ങൾ പലതും പൂട്ടി. ടെക്സ്റ്റൈൽ മേഖലയിൽ മാത്രം 20 ലക്ഷം പേർക്കാണു ജോലി നഷ്ടപ്പെട്ടത്. രാജ്യത്തെ തൊഴിൽ മേഖലയെക്കുറിച്ചു രണ്ടു തരത്തിലുള്ള റിപ്പോർട്ടുകളാണ് ഓരോ മൂന്നു മാസവും പുറത്തു വരുന്നത്; ലേബർ ബ്യൂറോയുടെ സർവേയും ക്വാർട്ടേർലി ക്വിക്ക് എംപ്ലോയ്മെന്റ് സർവേയും. ഇവ രണ്ടും പറയുന്നത് എല്ലാ മേഖലയിലും രണ്ടു ശതമാനത്തോളം തൊഴിൽ അവസരങ്ങൾ കുറയുന്നു എന്നാണ്. ഇതിനർഥം അത്രയും വരുമാനം കുറയുന്നു, കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്നു എന്നാണ്.

നിതി ആയോഗിനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. ആസൂത്രണക്കമ്മിഷൻ നിലവിലിരുന്നപ്പോൾ അവർ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ ചെറിയ ചലനങ്ങൾ പോലും സർക്കാരിനെ അറിയിച്ചിരുന്നു. സാമ്പത്തിക ഉപദേശകസമിതിയും അതുതന്നെ ചെയ്തിരുന്നു. മൂന്നു വർഷം ഉപദേശകസമിതി ഇല്ലാത്തതിനാൽ സർക്കാരിന് അങ്ങനെ ഒരു റിപ്പോർട്ടും ലഭിച്ചിരുന്നില്ല. തന്റെ നിർദേശങ്ങളൊന്നും അംഗീകരിക്കാതെ വന്നപ്പോൾ 2017 ഓഗസ്റ്റ് 17ന് അരവിന്ദ് പനഗാരിയയും നിതി ആയോഗിൽ നിന്നു രാജിവച്ചു പിരിഞ്ഞു.

നോട്ട് പിൻവലിക്കൽ തീരുമാനം

നോട്ട് പിൻവലിക്കാൻ തീരുമാനിച്ചുവെന്നല്ലാതെ എന്നാണ് ആ പ്രഖ്യാപനം നടത്തുക എന്ന് ആർക്കും ഒരു ഊഹവും നൽകാൻ പ്രധാനമന്ത്രി തയാറായില്ല. 2016 നവംബർ എട്ടിനു രാത്രി എട്ടുമണിക്കു മോദി തികച്ചും നാടകീയമായി പ്രഖ്യാപനം നടത്തിയ ശേഷമേ കേന്ദ്രമന്ത്രിമാർ പോലും അറിഞ്ഞുള്ളൂ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച് പകരം രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകൾ പുറത്തിറക്കി. രാജ്യത്തെ ജനങ്ങൾ നോട്ടു മാറിക്കിട്ടാനായി ആഴ്ചകളോളം ബാങ്കുകൾക്കു മുന്നിൽ ക്യൂ നിന്നു.

മൂന്നു ന്യായീകരണങ്ങളാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. ഒന്ന്: രാജ്യത്തെ കള്ളപ്പണം ഇതോടെ അവസാനിക്കും. രണ്ട്: തീവ്രവാദികൾക്കു രാജ്യത്തിനു പുറത്തുനിന്നു കള്ളനോട്ടുകൾ ലഭിക്കുന്നതു നിലയ്ക്കും. മൂന്ന്: വ്യാജനോട്ടുകളും നാലോ അഞ്ചോ കോടി കള്ളപ്പണവും ബാങ്കിലേക്കു മടങ്ങിയെത്തില്ല.

എത്ര രൂപയാണു തിരിച്ചെത്തിയതെന്നു റിസർവ് ബാങ്ക് പ്രഖ്യാപിച്ചതേയില്ല. ഒടുവിൽ ഓഗസ്റ്റ് 30ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് 15,44,000 കോടി രൂപയിൽ 15,28,000 കോടി രൂപയും തിരിച്ചെത്തി എന്നു വ്യക്തമായത്. അതായത്, 99 ശതമാനത്തോളം നോട്ടുകളും. അപ്പോൾ കള്ളപ്പണം എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു.

കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യം നടപ്പാവില്ല എന്നു ബോധ്യമായതോടെ നോട്ട് പിൻവലിക്കലിന്റെ ലക്ഷ്യം രാജ്യത്ത് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് എന്നായി സർക്കാരിന്റെ പ്രചാരണം. എന്നാൽ, തുടക്കത്തിൽ കുറച്ചു മാസങ്ങൾ ഡിജിറ്റൽ ഇടപാടുകളിൽ വർധന വന്നു എന്നല്ലാതെ ഇപ്പോൾ ജനങ്ങൾ വീണ്ടും കറൻസി ഉപയോഗത്തിലേക്കു തന്നെ മടങ്ങിയിരിക്കുന്നു.