ശുചിത്വസന്ദേശം നാടിനുപകരാൻ സച്ചിൻ തെന്‍ഡുൽക്കറും ചൂലെടുത്തു. സ്വച്ഛ്ഭാരത് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മുംബൈയിൽ ഇന്ന് പുലർച്ചെ നാട് വൃത്തിയാക്കാൻ സച്ചിൻ മുന്നിട്ടിറങ്ങിയത്.
മുംബൈ ബാന്ദ്രയിൽനിന്നാണ് ഈകാഴ്ച. ബാറ്റ് മാറ്റിവച്ച് ചൂലുമായി സച്ചിന് തെരുവിലേക്കിറങ്ങി. റോഡ് വശത്തെ ചപ്പുചവറുകൾ വാരിക്കൂട്ടി വൃത്തിയാക്കി. പതിനെട്ടുകാരനായ മകൻ അർജുനും, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയുടെ മകൻ ആദിഥ്യതാക്കറെയും ഒപ്പംചേർന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയത്തിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശമുൾക്കൊണ്ടാണ് സച്ചിനും രംഗത്തിറങ്ങിയത്. സമൂഹം വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തികളുടേയും കടമയാണെന്ന് വൃത്തിയാക്കലിന് ശേഷം സച്ചിൻ.
സച്ചിൻ ചൂലെടുത്ത വാർത്ത മാധ്യമങ്ങളിൽവന്നതോടെ ട്വിറ്ററിൽ അഭിനന്ദനമറിയിച്ച് മോദിയുമെത്തി. യുവജനങ്ങള്‍ മുന്നിട്ടിറങ്ങിയാൽ ശുചിത്വസമൂഹമെന്ന ലക്ഷ്യം എളുപ്പമാക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു.