തമിഴ്നാട്ടില്‍ പൊതുയോഗത്തിനിടെ ജനം ആര്ത്തുവിളിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പ്രസംഗത്തിനിടയില്‍ കൂവിയാല്‍ പറയുന്ന കാര്യങ്ങള്‍ ആരും കേള്‍ക്കില്ലെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. ചെന്നൈയില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി സംഘടിപ്പിച്ച സ്വയംഭരണാവകാശ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ് ആര്.എസ്.എസ് എന്നതടക്കമുള്ള വിമര്‍ശനങ്ങളെ തമിഴ് ജനത കയ്യടിച്ചും ആര്‍ത്തുവിളിച്ചും സ്വീകരിച്ചു. തമിഴ് മക്കളുടെ ആഹ്ലാദപൂര്വമുള്ള കരഘോഷം പക്ഷേ കേരള മുഖ്യന് അത്രയ്ക്കങ്ങ് ദഹിച്ചില്ല. പറയുന്ന വിഷയത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് പിണറായി വിജയന് പറഞ്ഞു.
കൂവാതെ കേള്‍ക്കണമെന്ന മുഖ്യമന്തിയുടെ വാക്കുകള്‍ തമിഴിലേക്ക് തര്ജയ ചെയ്തപ്പൊഴും കയ്യടിക്ക് കുറവില്ല. പിന്നീട് മുഖ്യനും മയപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്, വി.സി.കെ നേതാവ് തിരുമാവളവന് എന്നിവരടക്കമുള്ള പ്രതിഷേധ വേദിയിലാണ് വിമര്‍ശനം. കോട്ടയം പാര്‍ട്ടി സമ്മേളനത്തിലെ പഴയൊരു പിണറായി വിമര്‍ശനമാണ് യോഗത്തിനെത്തിയ മലയാളികള്‍ പെട്ടന്ന് ഓര്‍ത്തെടുത്തത്.