മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 12ന് ബെംഗ്ലൂരുവിൽ റാലി സംഘടിപ്പിക്കും. സിപിഎം, സിഐടിയു, ഡിവൈഎഫ്ഐ, എഎപി, ദലിത് സംഘടനകൾ, മഹിളാ അസോസിയേഷൻ, വനിതാ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി നടത്തുക.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റുചെയ്യുക, മാധ്യമപ്രവർത്തകർക്കും സംഘപരിവാർ വിമർശകർക്കും എതിരായ അതിക്രമങ്ങൾ അമർച്ച ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി. ബെംഗ്ലൂരുവിൽ ചേർന്ന സാമൂഹ്യ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.