വിനോദസഞ്ചാരികളുടെ കുത്തൊഴുക്കില്‍ മലിനമാകുന്ന ലഡാക്കിനെ രക്ഷിക്കാന്‍ പുതുവഴികള്‍ തേടി ബുദ്ധസന്യാസിമാര്‍. ലേയിലെ ടാക്സി ഡ്രൈവര്‍മാരെ പങ്കാളികളാക്കി വിപുലമായ മാലിന്യനിര്‍മാര്‍ജന, ബോധവല്കരണ യജ്ഞത്തിന് സന്യാസിമാര്‍ തുടക്കമിട്ടു.
വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ് ലഡാക്. മൂന്നുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലഡാക്കില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് അതിലേറെ വിനോദസഞ്ചാരികളെയാണ്. സഞ്ചാരികളുടെ എണ്ണം കൂടുന്തോറും മാലിന്യവും കുന്നുകൂടും. ഇത് പരിസ്ഥിതിയെ തകിടംമറിക്കുന്ന സ്ഥിതിയായപ്പോഴാണ് പ്രതിരോധത്തിന് ബുദ്ധസന്യാസിമാര്‍ രംഗത്തിറങ്ങിയത്. കൂട്ടിന് കുട്ടികളും ടാക്സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും.
മാലിന്യം നിക്ഷേപിക്കുന്നതിന് സഞ്ചാരികള്‍ക്ക് നല്കാന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് 4,500 ബാഗുകളും വിതരണം ചെയ്തു. വരുമാനം വര്‍ധിക്കുന്നുണ്ടെങ്കിലും അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമായ ലഡാക്കില്‍ സഞ്ചാരികളുടെ ആധിക്യം പ്രകൃതിക്കും പ്രാദേശികസമൂഹങ്ങള്ക്കും വന്‍ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്.