മൂന്നു പതിറ്റാണ്ടു കാലത്തെ രാജ്യ സേവനം പൂര്‍ത്തിയാക്കിയ തീരസംരക്ഷണ സേനയുെട ഐസിജിഎസ് വരുണ എന്ന കപ്പലിന് ഉജ്വല യാത്രയയ്പ്പ്. രാജ്യത്തിന്റെ തീരസുരക്ഷയില് നിര്‍ണായക പങ്കുവഹിച്ച കപ്പല്‍ ഇനി ശ്രീലങ്കന്‍ നാവികസേനയുടെ ഭാഗമാകും.
1988 മുതലിങ്ങോട്ട് ഇന്ത്യയുടെ തീരസുരക്ഷയില് നിര്‍ണായക പങ്കുവഹിച്ചിരുന്നു ഐസിജിഎസ് വരുണ. കടല്ക്കൊളളക്കാരുടെയും കളളക്കടത്തുകാരുടെയും പേടിസ്വപ്നമായിരുന്ന കപ്പല്‍ പിന്നീട് തീരസേനയിലെ ആയിരക്കണക്കിന് കമ്മിഷന്‍ഡ് ഓഫിസര്‍മാരുടെ പരിശീലനത്തിനായും ഉപയോഗിക്കപ്പെട്ടു.
കൊച്ചി നാവികസേനാസ്ഥാനത്ത് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിലാണ് കപ്പല്‍ ഇന്ത്യയ്ക്കു വേണ്ടിയുളള സേവനം അവസാനിപ്പിച്ചത്. അസ്തമന സൂര്യനെ സാക്ഷിയാക്കി ഇന്ത്യന്‍ തീരസേനയുടെ പതാക കപ്പലില്‍ നിന്ന് അഴിച്ചതോടെ ഔദ്യോഗികമായി വരുണ ഇന്ത്യന്‍ സേനയുടെ ഭാഗമല്ലാതായി. ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക വാങ്ങിയ കപ്പല്‍ അടുത്തമാസം ഇന്ത്യന്‍ തീരത്തു നിന്ന് യാത്രതിരിക്കും.