ഉടനടിയുള്ള മുത്തലാഖ് ഇനിയില്ല. ഒറ്റയടിക്ക് മൂന്നുവട്ടം തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് സുപ്രീംകോടതി നിരോധിച്ചു. മുസ്‍ലിം വിവാഹമോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ആറു മാസത്തിനകം പുതിയ നിയമം നടപ്പാക്കണം. മുത്തലാഖ് മൗലികാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാബഞ്ച് വിധിച്ചു.
ഒറ്റയടിക്ക് മൂന്നുവട്ടം തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. അനുരജ്ഞനത്തിന് ഒരു സാധ്യതയും ഇല്ലാത്ത ഈ നടപടി ശരിഅത്തിനും വിരുദ്ധമാണ്. അതുകൊണ്ടുതന്നെ മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാക്കിയ നടപടിയും അസാധുവാകും. ഇതിനൊപ്പം ഏകപക്ഷീയമായ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന തത്വം കൂടി അംഗീകരിച്ചാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മുസ്‍ലിം രാജ്യങ്ങള്‍ വളരെനേരത്തേ മുത്തലാഖ് നിരോധിച്ചതും അഞ്ചംഗഭരണഘടനാബഞ്ച് ചരിത്രവിധിയില്‍ ചൂണ്ടിക്കാട്ടി.
അഞ്ചംഗബഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖിന്റെ നിയമസാധുത ഇല്ലാതാക്കണമെന്ന നിലപാടെടുത്തപ്പോള്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറും യോജിച്ചില്ല. ആറുമാസത്തിനകം മുത്തലാഖ് ഒഴിവാക്കികൊണ്ട് വ്യക്തമായ നിയമം പാസാക്കണം എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.