സംസ്ഥാനസര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനഫീസ് സുപ്രീംകോടതി കുത്തനെ കൂട്ടി. പതിനൊന്ന് ലക്ഷം രൂപ വാങ്ങി മെഡിക്കല്‍ പ്രവേശനം നടത്താന്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് അനുമതി നല്കി. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് ഉത്തരവ് ബാധകം.
എണ്‍പത്തിയഞ്ച് ശതമാനം എം.ബി.ബി.എസ് സീറ്റുകളിലേക്കും പതിനൊന്ന് ലക്ഷം രൂപ വീതം വാങ്ങാന്‍ ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു. പത്തിനൊന്ന് ലക്ഷത്തില്‍ അഞ്ചുലക്ഷം രൂപ പണമായി വാങ്ങാം. ബാക്കി തുക പണമായോ ബാങ്ക് ഗ്യാരണ്ടിയായോ വാങ്ങാമെന്നും,, പണമാണ് വാങ്ങുന്നതെങ്കില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഫീസ് വിഷയത്തില്‍ ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ മാത്രമാണ് ഉത്തരവ് ബാധകമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത എറണാകുളത്തെ ശ്രീനാരായണ മെഡിക്കല്‍ കോളജ് അടക്കം മൂന്ന് സ്വാശ്രയകോളജുകളും മാനേജ്മെന്റ് അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാഭ്യാസകച്ചവടത്തിനാണ് മാനേജ്മെന്റുകളുടെ ശ്രമമെന്നും, എല്ലാവര്‍ഷവും തുടരുന്ന നാടകമാണിതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ , സര്‍ക്കാരിന്റെ എതിര്‍വാദം കോടതി നിരസിച്ചു. അതേസമയം, കരാറിലേര്‍പ്പെട്ട കോളജുകള്‍ക്ക് കരാറിനനുസൃതമായി ഫീസ് വാങ്ങാമെന്ന് കോടതി വ്യക്തമാക്കി.