ചണ്ഡിഗഡില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകന് യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറിനെ, സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന് വികാസ് ബറാലയും സുഹൃത്തും മറ്റൊരു കാറില്‍ പിന്തുടരുന്നതുമാണ് ദൃശ്യങ്ങളില്‍. അതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലെ രാജിസന്നദ്ധത അറിയിച്ചു.
കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ നഷ്ടമായെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസും ബി.എസ്.പിയും ആരോപിച്ചു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ചണ്ഡിഗഡ് എംപിയും ബി.ജെ.പി നേതാവുമായ കിരണ്‍ ഖേര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കാറില്‍ സഞ്ചരിക്കുന്ന യുവതിയെ മറ്റൊരു ആഡംബര കാറില്‍ വികാസ് ബറാലയും സുഹൃത്തും പിന്തുടരുന്നതാണ് ദൃശ്യങ്ങളില്‍. അതിനുശേഷം യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് കേസ്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. അതിനിടെ സംസ്ഥാനഅധ്യക്ഷന് സുഭാഷ് ബറാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഫോണില്‍ സംസാരിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്ക്കാന് തയ്യാറാണെന്ന് അദ്ദേഹം അമിത്ഷായെ അറിയിച്ചു. ഗുജറാത്തില്‍ നിന്ന് , അമിത്ഷാ ,ഡല്‍ഹിയില്‍ മടങ്ങിയെത്തിയശേഷം രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.