ഗുജറാത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മൂന്ന് എം.എല്‍ മാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ സാധ്യതയേറിയതോടെ രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമദ് പട്ടേലിന്റെ വിജയം എളുപ്പമാകില്ല.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുന്‍മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയെ പിന്തുണയ്ക്കുന്ന എം.എല്‍ എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലേയ്ക്ക് പോയത്. രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുന്നതിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന തേജശ്രീ പട്ടേല്‍ ,പി.ഐ പട്ടേല്‍ ,ബല്‍വന്ത് സിങ് എന്നിവരാണ് രാജിവച്ചത്. ഗുജറാത്തില്‍ മൂന്ന് സീറ്റുകളിലേയ്ക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. 182 അംഗ നിയമസഭയില്‍ 57 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. 47 പേരുടെ പിന്തുണയുണ്ടെങ്കില്‍ അഹമദ് പട്ടേലിനു വിജയിക്കാം. എന്നാല്‍ വഗേലയെ അനുകൂലിക്കുന്ന 11 പേര് വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നാല്‍ പട്ടേലിനു കാര്യങ്ങള്‍ എളുപ്പമാകില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തിരുന്നു. മൂന്നുപേര്‍ മാത്രം പത്രിക നല്കിയാല് മല്‍സരം ഉണ്ടാകില്ല.
എന്നാല്‍ അഹമദ് പട്ടേലിനെതിരെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പിനെ നിര്‍ത്താന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.1993 മുതല്‍ രാജ്യസഭയിലേയ്ക്ക് വിജയിക്കുന്ന അഹമദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമാണ്. അതിനുമപ്പുറം ഈവര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അധികാരത്തിലേറാമെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് തിരിച്ചടിയാവുകയും ചെയ്യും.