ആരോഗ്യമുള്ളൊരു മനസ്സിന്റെയും ശരീരത്തിന്റെയും ഉടമയാണു റാം നാഥ് കോവിന്ദ് എന്നു ഡോ.വിമൽപ്രകാശ് ത്രിവേദി. 20 വർഷമായി റാം നാഥിന്റെ കുടുംബ ഡോക്ടറാണു വിമൽപ്രകാശ്. കല്യാൺപുരിൽ വാടകവീട്ടിലെ താമസത്തിനിടെയാണു റാംനാഥ്, ആയുർവേദ ഡോക്ടറായ വിമൽപ്രകാശിനെ പരിചയപ്പെട്ടത്. വീട്ടുടമയുടെ അനുജനായ പ്രതാപ് ദീക്ഷിതിന്റെ സുഹൃത്താണു വിമൽ പ്രകാശ്.
റാം നാഥ് കോവിന്ദിന്റെ ദിനചര്യകളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും ഡോക്ടർക്കു കൃത്യമായ ധാരണയുണ്ട്. രാവിലെ പതിവുള്ള നടപ്പും യോഗയുമാണു റാം നാഥിന്റെ ആരോഗ്യരഹസ്യം. പൂർണമായും സസ്യഭുക്കുകളും ആയുർവേദ മരുന്നുകൾ മാത്രം ഉപയോഗിക്കുന്നവരുമാണു റാം നാഥും കുടുംബാംഗങ്ങളും.
പ്രമേഹത്തിന്റെ പ്രശ്നമുള്ളതിനാൽ മധുരം ഒഴിവാക്കും. ചോറ്, പരിപ്പുകറി, റോട്ടി, പച്ചക്കറിവിഭവങ്ങൾ എന്നിവയാണ് ഏറെ ഇഷ്ടം. ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഏറ്റവുമിഷ്ടം ഉഴുന്നുവടയും സാമ്പാറുമാണെന്നും ഡോക്ടർ പറയുന്നു.