ഐ.എസ് അനുഭാവിയെന്നു സംശയിക്കുന്ന മലയാളിയെ വ്യാജപാസ്പോര്‍ട്ടുമായി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശിയായ ഷാജഹാന് വള്ളുവകണ്ടിയെയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയതിനെത്തുടര്ന്നായിരുന്നു അറസ്റ്റ്.
ഈ മാസം ഒന്നിനാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഷാജഹാനെ അറസ്റ്റ് ചെയ്തത്. ചൈന്നൈയില്‍ നിന്നു സംഘടിപ്പിച്ച വ്യാജ പാസ്പോര്‍ട്ടുമായാണ് ഇയാള്‍ തുര്‍ക്കിയിലെത്തിയത്. അവിടെ നിന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ ഈ വിവരം ഡല്‍ഹി പൊലീസിനു കൈമാറിയതിനെത്തുടര്ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ജൂണില്‍ കുടുംബാംഗങ്ങളുമായി തുര്‍ക്കിയില്‍ പോയ ഷാജഹാന് ഫെബ്രുവരിയില്‍ തിരികെയെത്തി. പിന്നീട്, കഴിഞ്ഞ ഏപ്രിലില്‍ മുഹമ്മദ് ഇസ്മായേല്‍ എന്ന പേരിലുള്ള വ്യാജ പാസ്പോര്‍ട്ടുമായി തുര്‍ക്കിയിലേക്ക് വീണ്ടും കടന്നു.
ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിവരങ്ങള്‍ കേരള പൊലീസുമായി സംസാരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഐ.എസ് ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്.