പായ്ക്കറ്റ് ഉല്പന്നങ്ങളില് ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ കടുത്ത നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍. നിയമലംഘനം കണ്ടെത്തിയാല്‍ ഒരുലക്ഷം രൂപവരെ പിഴയും ഒരു വര്‍ഷംവരെ തടവും ശിക്ഷ ലഭിക്കും. പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്റ്റോക്ക് വിറ്റഴിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ജിഎസ്ടി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിക്ക് മുന്നിലും ഹെല്‍പ്പ് ലൈനുകളിലും ലഭിക്കുന്ന പ്രധാനപരാതി പാക്കറ്റ് ഉല്പന്നങ്ങളില് പുതിയ വില പതിപ്പിക്കുന്നില്ല എന്നതാണ്. ഇതോടെയാണ് കേന്ദ്രം കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാക്കറ്റ് ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ചട്ടപ്രകാരം പുതിയ നിരക്കുകള്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കണം. ആദ്യതവണ നിയമലംഘനം പിടിക്കപ്പെട്ടാല്‍ ഇരുപത്തിയ്യായിരം രൂപ പിഴ ഈടാക്കും. രണ്ടാംതവണ അന്പതിനായിരമാണ് പിഴ. കുറ്റം ചെയ്യുന്നത് തുടര്‍ന്നാല്‍ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഹെല്പ് ലൈനുകള്‍ കേന്ദ്രം തുറന്നു. അതേസമയം, ജിഎസ്ടി വിദ്യാഭ്യാസചെലവ് വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം കേന്ദ്രസര്‍ക്കാര്‍ തളളി.