ഒഎന്‍ജിസി പൈപ്പ്ലൈനിന് എതിരായ സമരം തമിഴ്നാട്ടില്‍ ശക്തമാകുന്നു. തഞ്ചാവൂരില്‍ തുടങ്ങിയ സമരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ വ്യാപിപ്പിക്കാനാണ് നീക്കം. കഴിഞ്ഞദിവസം സമരക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയും നേതാക്കളെ ജയിലിലടച്ചതുമാണ് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയത്.
കര്‍ഷകസമരത്തിനുശേഷം മറ്റൊരു സമരം കൂടി തമിഴ്നാട്ടില്‍ ശക്തിപ്രാപിക്കുന്നു. ഒ.എന്‍.ജി.സിക്ക് പത്തിലധികം എണ്ണക്കിണറുകളുള്ള തഞ്ചാവൂരിലെ കതിരാമംഗളം ഗ്രാമത്തില്‍ തുടങ്ങിയ സമരമാണ് വ്യാപിക്കുന്നത്. എണ്ണ കിണറുകള്‍ കാരണം ജലസ്രോതസുകള്‍ മലിനമായതില്‍ പ്രതിഷേധിച്ച് മൂന്ന് മാസമായി ഇവര്‍ സമരത്തിലാണ്. ഈ കിണറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനുകളിലും ചോര്‍ച്ചയുണ്ടായപ്പോള്‍ സമരം ഒന്നുകൂടി ശക്തമാക്കി. ഈ സമരത്തിനുനേരെയായിരുന്നു കഴിഞ്ഞദിവസം പൊലീസ് നടപടി. നേതാക്കളെയെല്ലാം ജയിലിലടച്ചു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാരും രംഗത്തെത്തിയതോടെ കുട്ടികളും സ്ത്രീകളും വായമൂടിക്കെട്ടി സമരത്തിനിറങ്ങി. വി.സി.കെ, എം.ഡി.എം.കെ, എം.എം.കെ തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും സമരത്തിനുണ്ട്.