ജയ്പൂരില്‍ ദുരഭിമാന കൊലക്കിരയായ അമിത് നായരുടെ കുടുംബം നീതി തേടി ഡല്‍ഹിയില്‍. കൊല നടന്ന് മാസം ഒന്ന് കഴിയുന്പോഴും കൊലപാതകിയെ പിടികൂടാന്‍ രാജസ്ഥാന് പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് സാക്ഷികളായ അമിത്തിന്റെ ഭാര്യയുടേയും പത്ത് വയസുകാരി മരുമകളുടേയും ജീവന് ഭീഷണിയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിനാണ് ഭാര്യവീട്ടുകാര്‍ കോട്ടയം സ്വദേശി അമിത്തിനെ വെടിവെച്ചുകൊന്നത്. പ്രതികളെ പിടികൂടാന്‍ ആദ്യഘട്ടത്തില്‍ പൊലീസ് കാണിച്ച ഉല്‍സാഹം പിന്നീടുണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മുഖ്യപ്രതിയായ വാടകക്കൊലയാളിയെ പിടികൂടാന്‍ പൊലീസ് അനാസ്ഥകാണിക്കുന്നു. ഇതിന് പുറമെ അമിത്തിന്റെ ഭാര്യ സുമനും മരുമകള്‍ക്കും എതിരെ നിരന്തരം ഭീഷണി ഉണ്ടാകുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. രാജസ്ഥാന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ കണ്ടെങ്കിലും ഫലമുണ്ടാവാത്തതിനെതുടര്ന്നാണ് നീതീ തേടി ഡല്‍ഹിയിലെത്തിയത്.
ഫോണ്‍ വഴിയും കത്തുവഴിയും ഭീഷണി വന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭീതിയിലായ കുടുംബത്തിന് മതിയായ പൊലീസ് സംരക്ഷണം നല്കാന് പൊലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. കേസില്‍ മുഴുവന്‍ പ്രതികളേയും പിടികൂടിയെന്ന വാര്‍ത്ത പൊലീസ് കെട്ടിച്ചമച്ചതാണെന്നും ബന്ധുക്കള്‍ പറയുന്നു. നീതി തേടി പ്രധാനമന്ത്രി, കേന്ദ്രആഭ്യന്തരമന്ത്രി എന്നിവരെ സമീപിക്കാനാണ് ഇനി ഇവരുടെ ശ്രമം.