ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31നകം നിലവിലുള്ള അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പുതിയ അക്കൗണ്ടുകള്‍ തുറക്കാനും അന്‍പതിനായിരം രൂപയ്ക്ക് മുകളിലുളള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി.
ഡിജിറ്റല്‍ പണമിടപാട് പ്രോല്‍സാഹിപ്പിക്കുക, കള്ളപ്പണം തടയുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ പറ്റില്ല. മാത്രമല്ല ഈ വര്‍ഷം ഡിസംബര്‍ മുപ്പത്തൊന്നിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനും സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു.
അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ ബാങ്കുകള്‍ എസ്.എം.എസുകള്‍ വഴിയും, ഫോണ്‍കോളുകള്‍ വഴിയും ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് കണക്കുകള്‍ രണ്ടായിരത്തി പത്തൊന്‍പതോടെ പുറത്ത് വിടുമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.