കര്‍ഷകപ്രക്ഷോഭം കത്തിയാളുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യചെയ്തത് മൂന്ന് കര്‍ഷകര്‍. കര്‍ഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ മന്‍സോറില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അറസ്റ്റുചെയ്തു. മുഖ്യമന്ത്രി ശിവ്്രാജ്് സിങ് ചൗഹാന് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ നാളെ കാണും.
ഹോഷങ്കബാദിലും, വിധിഷയിലും മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന്റെ നാടായ സെഹോറിലുമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. കടക്കെണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കര്ഷകപ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ മന്‍സോര്‍ കനത്ത പൊലീസ് കാവലിലാണ്. നിരോധനാജ്ഞ ലംഘിച്ച് മന്‍സോറിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ലോക്സഭാ ചീഫ്്വിപ്പ് ജ്യോതിരാദിത്യ സിന്ധ്യയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സിന്ധ്യയെ അറസ്റ്റുചെയ്തത്. ശിവ്്രാജ് സിങ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടു.
സംസ്ഥാനസര്‍ക്കാരിനെതിരെ സിന്ധ്യയുടെ 72 മണിക്കൂര്‍ സത്യാഗ്രഹം നാളെ ഭോപ്പാലില്‍ ആരംഭിക്കും. മന്‍സോറിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെയും പൊലീസ് തടഞ്ഞു. പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. നാലു ലക്ഷം രൂപ നല്‍കാനേ ചട്ടമുള്ളൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.കര്‍ഷകര്‍ക്കുനേരെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്തുടനീളമുള്ള കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ വ്യക്തമാക്കി പ്രതിപക്ഷപാര്‍ട്ടികള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചേക്കും.