സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കും. മോഡറേഷന് മാര്‍ക്കു ചേര്‍ത്തായിരിക്കും ഫലപ്രഖ്യാപനം.മോഡറേഷന് തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പ്ളസ് വണ്‍ പരീക്ഷാഫലം രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
മോഡറേഷന് റദ്ദാക്കാനുള്ള സി.ബി.എസ്.ഇ തീരുമാനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞതോടെയാണ് വിദ്യാര്‍ഥികളുടെ ആശങ്കഒഴിഞ്ഞത്. മോഡറേഷന് ഒഴിവാക്കുന്നുവെന്ന് പരീക്ഷ കഴിഞ്ഞാണ് തീരുമാനിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. ഈ വര്‍ഷംകൂടി മോഡറേഷന് നല്‍കുന്നത് തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിയില്‍ സിബിഎസ്ഇ അധികൃതരേയോ നടത്തിപ്പിനേയോ വിമര്‍ശിക്കുന്നില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമപോരാട്ടം നടത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും നീതി ഉറപ്പാക്കുമെന്നും, സി.ബി.എസ്.ഇ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
മോഡറേഷന് ഒഴിവാക്കിയാണ് മൂല്യനിര്‍ണയം ആദ്യം പൂര്‍ത്തിയാക്കിയെങ്കിലും ഹൈക്കോടതി വിധി പ്രകാരം മോഡറേഷന് മാര്‍ക്ക് ചേര്‍ക്കാന്‍ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു. 1992 മുതലാണ് പരീക്ഷകളില്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് സിബിഎസ്ഇ പതിനഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് നല്കി തുടങ്ങിയത്.